ജനദ്രോഹത്തിന്റെ സഭാ ദൃശ്യങ്ങൾ
Saturday, October 12, 2024 12:00 AM IST
രാഷ്ട്രീയ-ജനാധിപത്യ സംരക്ഷണത്തിന് പുറത്തും അവസരങ്ങളുണ്ട്. പക്ഷേ, ജനക്ഷേമത്തിനുള്ള നിയമങ്ങളും തീരുമാനങ്ങളും നിയമസഭയിലേ സാധ്യമാകൂ. നിർഭാഗ്യവശാൽ അതല്ല ഇപ്പോൾ നടക്കുന്നത്.
നിയമസഭയിൽ ഇനിയാദ്യം ചർച്ച ചെയ്യേണ്ടത് സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ പരിഷ്കൃത സമൂഹത്തിനു യോജിച്ചവിധം ചർച്ച ചെയ്യാൻ എന്താണു മാർഗമെന്നാണ്. എന്തായാലും ഇപ്പോഴത്തെ നിയമസഭാ സമ്മേളനങ്ങളിലെ തർക്കങ്ങളും വെല്ലുവിളിയും ബഹിഷ്കരിക്കലുമൊക്കെ നാടിനു ഗുണമോ ദോഷമോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
നിയമസഭയും ജനാധിപത്യത്തിന്റെ ഘടകമായതിനാൽ രോഷജനകമായ പ്രതികരണങ്ങൾ അനാവശ്യമാണെന്നു പറയാനാവില്ല. പക്ഷേ, അവയുടെ പ്രകന്പനത്തിൽ ജനങ്ങളുടെ നീറുന്ന ജീവിതപ്രശ്നങ്ങൾ മുങ്ങിപ്പോകരുത്. ജനങ്ങളാണ് പ്രധാനമെങ്കിൽ ഭരിക്കുന്നവരും പ്രതിപക്ഷത്തുള്ളവരും ക്രിയാത്മകമായി ചിന്തിക്കണം.
മുൻഗണനാക്രമങ്ങളെ പുനഃപരിശോധിക്കണം. നിയമസഭയുടെ ആത്മാവിനെ വീണ്ടെടുക്കണം. രണ്ടാം പിണറായി സർക്കാരിന്റെ ഭരണകാലത്തെ ചർച്ചകളിലേറെയും ഏതൊക്കെ വിഷയങ്ങളെക്കുറിച്ചാണെന്നു ശ്രദ്ധിച്ചാൽ മാതൃകാ ഭരണകാലമെന്നു പറയാനാകില്ല.
അഴിമതിയാരോപണങ്ങളും കെടുകാര്യസ്ഥതയും വർഗീയ കൂട്ടുകെട്ടിന്റെ ഊഹാപോഹങ്ങളും പോഷകസംഘടനകളുടെ അഴിമതിയും അക്രമവും മാർക്കുതട്ടിപ്പും പാർട്ടിക്കാരുടെ പിൻവാതിൽ നിയമനങ്ങളുമൊക്കെ അതിലുണ്ട്. പലതിലും മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും പോലും ആരോപണവിധേയരായി. വിശ്വസനീയമായ മറുപടികൾ ഒന്നിനുമില്ല. ജനകീയ വിഷയങ്ങളൊക്കെയും അവഗണിക്കപ്പെട്ടു.
ഇതിന്റെയൊക്കെ തുടർച്ചയാണ് നിയമസഭയിലും കണ്ടത്. ശബ്ദകോലാഹലങ്ങളും വെല്ലുവിളിയും ഇറങ്ങിപ്പോക്കുമാണ് പ്രതിപക്ഷത്തിന് ആകെ ആശ്രയം. നിയമസഭയുടെ ആദ്യദിനംതന്നെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പ്രതിപക്ഷ അംഗങ്ങൾ സമർപ്പിച്ച ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതിൽനിന്നു ബന്ധപ്പെട്ട മന്ത്രിമാരെ ഒഴിവാക്കാൻ നക്ഷത്രചിഹ്നം ഒഴിവാക്കിയതിനെയാണ് പ്രതിപക്ഷ നേതാവ് എതിർത്തത്.
തുടർസംഭവങ്ങൾക്കൊടുവിൽ പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ചു. തിങ്കളാഴ്ചയും നിയമസഭയിൽ ഇതൊക്കെത്തന്നെയാണോ സംഭവിക്കാനിരിക്കുന്നത്? കഷ്ടം..!പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളിൽനിന്ന് ഒളിച്ചോടുന്നത് ജനങ്ങളിൽനിന്ന് ഒളിച്ചോടുന്നതിനു തുല്യമാണ്.
ചോദ്യങ്ങൾക്കു കൃത്യമായി മറുപടി പറയുന്നത് സുതാര്യ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. പക്ഷേ, അതിന് ഉത്തരം പറയാൻ സർക്കാർ മടിക്കുകയും പ്രതിപക്ഷം ബഹിഷ്കരണം നടത്തുകയും ചെയ്യുന്പോൾ ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളെയും പുറത്താക്കാൻ പ്രതിപക്ഷം സർക്കാരിനു കൂട്ടുനിൽക്കുകയാണ്.
ജനജീവിതം ദുഃസഹമായി. സാന്പത്തിക തകർച്ചയാണ് പ്രധാനം. സർക്കാരാണോ പാവപ്പെട്ട ജനങ്ങളാണോ കൂടുതൽ ദരിദ്രർ എന്നതിലേ തർക്കമുള്ളൂ. നിലവിലെ സാന്പത്തിക തകർച്ചയുടെ പൂർണ ഉത്തരവാദി ഈ സർക്കാരാണെന്നു പറയാനാവില്ല. പക്ഷേ, വരവും ചെലവും തമ്മിലുള്ള അന്തരം കൂട്ടാനല്ലാതെ കുറയ്ക്കാൻ ഈ സർക്കാരിനും കഴിഞ്ഞിട്ടില്ല.
പെൻഷൻ മുടക്കവും ട്രഷറി നിയന്ത്രണവുമൊക്കെ പതിവായി. ധൂർത്തിനു മാത്രം കുറവൊന്നുമില്ല. തകർന്ന കാർഷികമേഖലയെ രക്ഷിക്കാൻ സാധിച്ചിട്ടില്ല. സുസ്ഥിര പദ്ധതികളുമില്ല. റബറാകട്ടെ, നെൽകൃഷിയാകട്ടെ, തോട്ടവിളകളാകട്ടെ... മറ്റെന്തെങ്കിലും വരുമാനമുള്ളവർ കൃഷി ഉപേക്ഷിച്ചുകഴിഞ്ഞു.
അടുത്ത തലമുറ ഈ സ്ഥിതിയിൽ കൃഷിഭൂമിയിലിറങ്ങില്ല. കാർഷികമേഖല ഇരുട്ടിലായി. വന്യജീവികളെക്കൊണ്ടു പൊറുതിമുട്ടിയവർ ഏതു നിമിഷവുമെത്താവുന്ന അകാലമരണത്തെ മനസാ വരിച്ചുകഴിഞ്ഞു.
പരിസ്ഥിതി ദുർബല പ്രദേശത്തെ (ഇഎസ്എ) മനുഷ്യർക്ക് എന്നാണ് സമാധാനമായൊന്ന് ഉറങ്ങാനാകുന്നത്? കേന്ദ്രസർക്കാർ വകുപ്പുകൾക്കാകട്ടെ, കോടതിയിലാകട്ടെ ഒരു കാര്യവും സർക്കാർ സമയത്തു ചെയ്യില്ല.
ജനങ്ങളെ കാര്യങ്ങൾ യഥാസമയം അറിയിക്കില്ല. വനംവകുപ്പിനെ സമാന്തര സർക്കാരാക്കി ജനങ്ങളെ ദ്രോഹിക്കുകയാണ്. തൊഴിലില്ലായ്മ കേരളത്തെ ആത്മഹത്യാമുനന്പിലെത്തിക്കാത്തത്, വരുമാനം കുറവാണെങ്കിലും ഓൺലൈൻ ഭക്ഷ്യവിതരണത്തിലുൾപ്പെടെ സ്വകാര്യമേഖലയിൽ അപ്രതീക്ഷിതമായ ചില തൊഴിലവസരങ്ങൾ ലഭ്യമായതുകൊണ്ടാണ്.
കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച ജസ്റ്റീസ് (റിട്ട.) ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ട് ഒന്നര വർഷമാകുന്നു. റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല, നടപ്പാക്കിയിട്ടുമില്ല. റിപ്പോർട്ടിലെ നിർദേശങ്ങൾ പഠിച്ച് മന്ത്രിസഭയ്ക്കു പരിഗണിക്കാവുന്നവയെക്കുറിച്ച് ഒരു മാസത്തിനകം പ്രാഥമിക റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടും ഏഴു മാസം! ഒന്നും സംഭവിച്ചില്ല.
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെയും ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവരുടെയും പുനരധിവാസം ഉദ്ദേശിച്ച രീതിയിൽ നടക്കുന്നില്ല. അരി, പച്ചക്കറി, മത്സ്യം, മാംസം തുടങ്ങിയ അവശ്യവസ്തുക്കളുടെ വിലവർധനയെക്കുറിച്ച് സർക്കാരിനും പ്രതിപക്ഷത്തിനും കാര്യമായ ധാരണയൊന്നുമില്ലെന്നു തോന്നുന്നു.
വെള്ളത്തിനും വൈദ്യുതിക്കും കെട്ടിടനിർമാണത്തിനുമെല്ലാം ചെലവേറി. മയക്കുമരുന്നു കിട്ടാത്ത ഏതെങ്കിലും സ്കൂൾ, കോളജ് പരിസരങ്ങളോ നാട്ടിൻപുറമോ ബാക്കിയില്ല. അത്തരം ഇടങ്ങളിൽ ഗുണ്ടായിസം നാട്ടുനടപ്പായി. കുറ്റകരമായ അനാസ്ഥയിലും കെടുകാര്യസ്ഥതയിലും ലജ്ജയില്ലാതെ അഭിരമിക്കുകയാണ് സർക്കാർ.
ബഹളവും ബഹിഷ്കരണവും മാത്രമാണ് ജനപക്ഷ പ്രവർത്തനമെന്നു തെറ്റിദ്ധരിച്ച പ്രതിപക്ഷത്തിനും ഒന്നും ചെയ്യാനാകുന്നില്ല. സർക്കാരിന് വിവാദമൊഴിഞ്ഞിട്ട് ഒന്നിനും സമയമില്ല. നിയമസഭയിലും ഇതിന്റെ പ്രതിഫലനമാണു കാണുന്നത്.
നിയമനിര്‍മാണ സഭകള്‍ കൃത്യമായി കൂടുന്നതിനായി നിയമനിര്‍മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കണമെന്നും വര്‍ഷം കുറഞ്ഞത് നൂറു ദിവസമെങ്കിലും കൃത്യമായി നിയമസഭ സമ്മേളിക്കുമെന്ന് ഉറപ്പുവരുത്തണമെന്നും രാഷ്ട്രപതിയായിരുന്ന പ്രണബ്കുമാര്‍ മുഖര്‍ജി കേരള നിയമസഭയുടെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് നിയമസഭയില്‍ പ്രസംഗിക്കവേ 2012ൽ ചൂണ്ടിക്കാണിച്ചിരുന്നു.
2015ൽ അംബേദ്കറുടെ 125-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി കെപിസിസി ആസ്ഥാനത്തു പ്രസംഗിച്ച വി.എം. സുധീരൻ പറഞ്ഞത്, പാർലമെന്റിലും നിയമസഭകളിലും ജനങ്ങളുടെ ആശയാഭിലാഷങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നത് ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധവും ജനാധിപത്യ സംവിധാനത്തിന് നിരക്കാത്തതുമാണെന്നാണ്.
2023 മേയിൽ കേരള നിയമസഭാ മന്ദിരത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പറഞ്ഞത്, ഭരണഘടനാ സ്ഥാപനങ്ങളിലിരിക്കുന്നവർ പെരുമാറ്റത്തിലും നിലപാടുകളിലും അന്തസ് കാത്തുസൂക്ഷിക്കുകയും ഗൗരവത്തോടെയും ദീർഘവീക്ഷണത്തോടെയുമുള്ള ചർച്ചകളും വാദപ്രതിവാദങ്ങളും നിയമനിർമാണ സഭകളിൽ നടത്തണമെന്നുമാണ്.
വർഷങ്ങളായി ചൂണ്ടിക്കാണിക്കുന്ന ഈ തിരുത്തലുകൾ നടപ്പാക്കാൻ ഭരിക്കുന്നവരും പ്രതിപക്ഷത്തിരിക്കുന്നവരും ഒന്നും ചെയ്തിട്ടില്ല. ഇരുകൂട്ടരും ചേർന്നു തോൽപ്പിക്കുന്നതു ജനത്തെയാണ്.
ജനങ്ങളുടെ സമയമാണ്, അവരുടെ നികുതിപ്പണം പ്രതിഫലവും ആനുകൂല്യങ്ങളുമായി കൈപ്പറ്റി നിങ്ങൾ നിയമസഭയിൽ നഷ്ടപ്പെടുത്തുന്നത്. നിങ്ങൾ തല്ലിത്തകർത്ത, നിയമസഭയിലെ ഉപകരണങ്ങളും ജനങ്ങളിൽനിന്നു പിഴിഞ്ഞെടുത്ത ചില്ലിക്കാശുപയോഗിച്ചു വാങ്ങിയതാണ്.
സഭയിൽ ഉത്തരവാദിത്വം മറക്കുന്ന ഓരോ എംഎൽഎയും വോട്ടർമാരെ ചതിക്കുകയാണ്. നിങ്ങൾ ജനാധിപത്യം സംരക്ഷിക്കുകയും രാഷ്ട്രീയലക്ഷ്യങ്ങൾ നേടുകയും ചെയ്തുകൊള്ളൂ. പക്ഷേ ആദ്യം ജനങ്ങൾക്കു ഭക്ഷണവും വെള്ളവും പാർപ്പിടവും വരുമാനമാർഗവും മനസമാധാനവും കൊടുക്ക്.