സർക്കാർ നിർമിത ഉരുൾപൊട്ടലുകൾ
Thursday, October 10, 2024 12:00 AM IST
ഉരുൾ പൊട്ടി ഒലിച്ചുപോയ ഭൂമിയും കബറിടമായ വീടുകളും അവശേഷിച്ചവരുടെ കണ്ണുകളിലെ മരണഭ്രമങ്ങളും പ്രധാനമന്ത്രിയും കണ്ടതാണ്. എന്നിട്ടും സഹായിക്കാൻ സമയമായിട്ടില്ല! ഇതിനൊന്നും ഒരു മാനദണ്ഡവുമില്ലേ?
സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തമായിരുന്നു വയനാട് മേപ്പാടി പഞ്ചായത്തിലും കോഴിക്കോട് വിലങ്ങാട്ടും ഉണ്ടായത്. ഉരുൾ പൊട്ടിയിട്ടു രണ്ടു മാസം കഴിഞ്ഞു. കേന്ദ്രസർക്കാർ സഹായിച്ചിട്ടില്ല. അങ്ങേയറ്റം മനുഷ്യത്വ രഹിതവും വിവേചനപരവുമാണിത്. അതേസമയം, മറ്റു ചില സംസ്ഥാനങ്ങൾക്ക് ധനസഹായം അനുവദിച്ചിട്ടുമുണ്ട്.
ദുരിതമേഖല സന്ദർശിച്ച ഭരണാധികാരികളുടെ മുഖത്തെ ദുഃഖഭാരമൊക്കെ ആത്മാർഥതയില്ലാത്തതായിരുന്നെന്നു സംശയിക്കാൻ ഈ കാലതാമസം മാത്രം മതി. ഇതേക്കുറിച്ച് ഭരണപക്ഷവും പ്രതിപക്ഷവും നിയമസഭയിൽ പ്രതിഷേധിച്ചെങ്കിലും മുഖ്യമന്ത്രി നേരിട്ടു പരാമർശമൊന്നും നടത്തിയില്ല. ഭരണപക്ഷവും പ്രതിപക്ഷവും കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാനഘടകവുമൊക്കെ എന്തു ചെയ്യുകയാണെന്നു ജനം കാണുന്നുണ്ട്.
2024 ജൂലൈ 30നാണ് മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾ പൊട്ടിയത്. എത്രപേർ മരിച്ചെന്നുപോലും വ്യക്തതയില്ല. 231 മൃതദേഹങ്ങളും 222 ശരീരഭാഗങ്ങളും കണ്ടെത്തിയെന്നാണ് സർക്കാർ കണക്ക്. 47 പേരെ ഇനിയും കണ്ടെത്താനുണ്ട്. 145 വീടുകള്‍ പൂര്‍ണമായും 170 എണ്ണം ഭാഗികമായും തകര്‍ന്നു. 240 വീടുകള്‍ വാസയോഗ്യമല്ലാതാവുകയും 183 വീടുകള്‍ ഒഴുകിപ്പോവുകയും ചെയ്തു.
ചുരുങ്ങിയത് 1,200 കോടി രൂപയുടെ നഷ്ടമെങ്കിലും മേപ്പാടിയില്‍ ഉണ്ടായിട്ടുണ്ട്. ഇതേ ദിവസം തന്നെയാണ് കോഴിക്കോട് ജില്ലയിലെ വിലങ്ങാട്ടും ഉരുള്‍പൊട്ടലുണ്ടായത്. ഒരാൾ മരിച്ചു. വീടുകള്‍, കടകള്‍, ജീവനോപാധികള്‍, വാഹനങ്ങള്‍, കൃഷി, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയെല്ലാം നഷ്ടപ്പെട്ടു. ചുരുങ്ങിയത് 217 കോടി രൂപയുടെ നഷ്ടമെങ്കിലും വിലങ്ങാട്ട് ഉണ്ടായിട്ടുണ്ട്. അധികസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിനു നിവേദനം നല്‍കുകയും പ്രധാനമന്ത്രിയെ നേരില്‍കണ്ട് വീണ്ടും സഹായം അഭ്യര്‍ഥിക്കുകയും മാനദണ്ഡാനുസൃതമായി മെമ്മോറാണ്ടം തയാറാക്കി സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി കെ. രാജൻ നിയമസഭയിൽ പറഞ്ഞു.
സംസ്ഥാനം ഒന്നും ചെയ്തിട്ടില്ലെന്നല്ല, ഇങ്ങനെ ചട്ടപ്പടി മുന്നോട്ടുപോയതുകൊണ്ടൊന്നും യഥാസമയം സഹായിക്കാത്ത സർക്കാരാണ് കേന്ദ്രത്തിലെങ്കിൽ സർവതും നഷ്ടപ്പെട്ട മനുഷ്യരെയോർത്ത് കൂടുതൽ സമ്മർദം ചെലുത്തണം. മേപ്പാടിയിൽ 794 കുടുംബങ്ങളും വിലങ്ങാട്ട് 30 കുടുംബങ്ങളും ഇപ്പോഴും വാടകവീടുകളിലാണ് ജീവിക്കുന്നത്. കേന്ദ്രസഹായത്തിന്റെ കാര്യത്തിൽ, ശുഭാപ്തിവിശ്വാസത്തിലാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. വീടും കുടിയും സന്പത്തുമില്ലാത്തവർക്ക് ഇപ്പറയുന്ന ശുഭാപ്തിവിശ്വാസം ഉണ്ടാകില്ലെന്നുകൂടി സർക്കാർ മനസിലാക്കണം.
ഇതിനിടെ പ്രളയദുരിതാശ്വാസമായി ഗുജറാത്തിന് 600 കോടിയും മണിപ്പുരിന് 50 കോടിയും ത്രിപുരയ്ക്ക് 25 കോടിയും അനുവദിച്ചു. കേരളം ഉൾപ്പെടെ മറ്റ് സംസ്ഥാനങ്ങൾക്ക് കേന്ദ്രസംഘത്തിന്റെ റിപ്പോർട്ട് കിട്ടിയശേഷം തുക അനുവദിക്കുമത്രേ. റിപ്പോർട്ട് എന്നു കിട്ടുമെന്ന് ആർക്കുമറിയില്ല. കേന്ദ്രസഹായം സംബന്ധിച്ചുള്ള കാര്യങ്ങൾ ഒക്ടോബർ 18നകം അറിയിക്കാൻ കഴിഞ്ഞ ദിവസം ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇങ്ങനെ ബന്ധപ്പെട്ട സംസ്ഥാന സർക്കാരും കോടതിയും ജനങ്ങളുമൊക്കെ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നാൽ മാത്രം നൽകേണ്ടതാണോ പെരുവഴിയിലായ മനുഷ്യർക്കുള്ള ധനസഹായം. പാർട്ടിഫണ്ടിൽനിന്നുള്ള സഹായമാണെങ്കിൽ അത്തരം ഒഴികഴിവുകൾ പറയാം. ഇതു പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയല്ലേ. ഇതിനൊന്നും ഒരു മാനദണ്ഡവുമില്ലേ? കേരളം കേന്ദ്രത്തെ പലതും ഓർമിപ്പിക്കണം. രാഹുൽ ഗാന്ധിയെ വയനാട്ടിലെ ജനങ്ങൾ പാർലമെന്റിലേക്ക് തെരഞ്ഞെടുത്തിരുന്നുവെന്നെങ്കിലും പാർട്ടിക്കാർ അദ്ദേഹത്തെ ഓർമിപ്പിക്കുന്നതും നല്ലതാണ്.
514.14 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി ലഭിച്ചിട്ടുണ്ട്. എന്നിട്ടും അടിയന്തരസഹായങ്ങൾ വൈകുന്നതിലും തുടർനടപടികളുടെ ഏകോപനത്തിലെ വീഴ്ചകളിലും ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. സർക്കാർ പ്രഖ്യാപിച്ച അടിയന്തരസഹായം, ഉപജീവനസഹായം, വീട്ടുവാടക എന്നിവ ലഭിക്കാത്ത അർഹരായ ദുരിതബാധിതരുണ്ടെന്നും ഇത് വയനാട് ജില്ലാഭരണകൂടത്തെ അറിയിച്ചിട്ടും മറുപടി കിട്ടിയില്ലെന്നും ദുരിതബാധിതർക്ക് നിയമസഹായം നൽകാൻ കോടതി നിയോഗിച്ച കേരള ലീഗൽ സർവീസസ് അഥോറിറ്റി അറിയിച്ചു. നിരവധി സംഘടനകളും വ്യക്തികളും കോടികളുടെ സഹായവാഗ്ദാനങ്ങൾ നടത്തിയിരുന്നു. പാഴ്വാക്കല്ലെങ്കിൽ അതൊക്കെ ഏകോപിച്ചു നടപ്പാക്കിയാൽതന്നെ പുനരധിവാസം കുറെയൊക്കെ സാധ്യമാകും.
പ്രസ്താവന നടത്തി പിൻവലിഞ്ഞവരുണ്ടെങ്കിൽ അതും തിരിച്ചറിയണം. പുനരധിവാസത്തിനു കാര്യക്രമവും സമയക്രമവും നിശ്ചയിക്കണം, സത്യസന്ധരായ ഉദ്യോഗസ്ഥരെ മാത്രം സാന്പത്തിക കൈകാര്യം ഏൽപ്പിക്കണം, പുനരധിവാസത്തിനായി സ്ഥലമേറ്റെടുപ്പ് അടിയന്തരമായി പൂർത്തിയാക്കണം, ആനുകൂല്യത്തിന് അർഹരായവരുടെ പട്ടിക പ്രസിദ്ധീകരിക്കണം, അവർക്കെന്തു കൊടുക്കുമെന്നല്ല, എന്തു കൊടുത്തെന്നു പറയണം, കേന്ദ്രസഹായത്തിനുള്ള സമ്മർദം ശക്തമാക്കണം തുടങ്ങിയ കാര്യങ്ങൾ സർക്കാരിന്റെ ചുമതലയാണ്.
പുനരധിവാസം ദുരിതബാധിതരോടു മാത്രമുള്ള കടപ്പാടല്ല, അവരുടെ കണ്ണീരൊപ്പാൻ ഉള്ളതിലൊരു പങ്കു നൽകിയ സകല മനുഷ്യരോടുമുള്ള സാമാന്യ മര്യാദയാണ്. എത്ര പണം കിട്ടിയാലും പുനരധിവാസമൊക്കെ ഒരു കണക്കായിരിക്കുമെന്നും അഴിമതിയുണ്ടാകുമെന്നുമൊക്കെ ജനങ്ങൾ മുൻവിധിയോടെ പറയുന്നത് ഈ കെടുകാര്യസ്ഥതയുടെയും കാലതാമസത്തിന്റെയും മുൻകാല അനുഭവങ്ങൾവച്ചാണ്. ഇത്തവണയെങ്കിലും പുതിയൊരു മാതൃക ഉണ്ടാകണം. ദുരിതബാധിതരുടെ മേൽക്കൂര നഷ്ടപ്പെട്ട ജീവിതത്തിനുമേൽ നിരാശയുടെ മഴ പെയ്യിക്കരുത്; അപേക്ഷയാണ്. ഡൽഹിയിൽനിന്നായാലും തിരുവനന്തപുരത്തുനിന്നായാലും സർക്കാർനിർമിത ഉരുൾപൊട്ടലുകൾകൂടി താങ്ങാൻ ആ മനുഷ്യർക്കു ശേഷിയില്ല.