മൺമറയണം ജാതിക്കോളങ്ങൾ
നമ്മുടെ മണ്ണിൽ നടന്ന അധിനിവേശങ്ങളിൽനിന്നു മാത്രമല്ല, നമ്മുടെ മനസുകളിലും ജീവിതക്രമത്തിലും അധിനിവേശം നടത്തിയ ഉച്ചനീചത്വങ്ങളിൽനിന്നും തൊട്ടുകൂടായ്മയിൽനിന്നുംകൂടിയാണ് നാം സ്വതന്ത്രരാകേണ്ടിയിരുന്നത്.
ഇനിയെന്നാണ് നമുക്കു മനുഷ്യജാതി മാത്രമാകാൻ കഴിയുന്നത്? രാജ്യത്തെ ജയിലുകളിൽ തടവുകാരോടു ജാതിവിവേചനം പാടില്ലെന്ന സുപ്രീംകോടതിയുടെ ചരിത്രപ്രധാനമായ വിധി പുറത്തുവന്നപ്പോൾ പ്രസക്തമാകുന്ന പ്രധാന ചോദ്യം ഇതാണ്.
അപരിഷ്കൃത സമൂഹത്തിന്റെ ചാപ്പയടയാളമായ ജാതിഭ്രാന്തിന്റെ വേരുകൾ ഇനിയും നമ്മുടെ സമൂഹത്തിൽനിന്നു പറിച്ചെറിയാൻ കഴിഞ്ഞിട്ടില്ല എന്നുള്ളതു മനുഷ്യത്വത്തോടുള്ള വെല്ലുവിളി കൂടിയാണ്. സ്വാതന്ത്ര്യം നേടി 75 വർഷങ്ങൾ പിന്നിട്ടിട്ടും ഒളിഞ്ഞും തെളിഞ്ഞും ജാതിയുടെ അളിഞ്ഞ ഭാണ്ഡങ്ങൾ ഉള്ളിൽ പേറിയാണ് നമ്മളിൽ പലരും ജീവിക്കുന്നതെങ്കിൽ നമുക്കു സ്വാതന്ത്ര്യം കിട്ടിയിട്ടില്ല എന്നതു തന്നെയല്ലേ അതിന്റെ അർഥം.
നമ്മെ അടക്കിഭരിച്ച വിദേശ ശക്തികളിൽനിന്നു മോചനം നേടിയതാണ് സ്വാതന്ത്ര്യമെന്നാണ് പലരുടെയും ധാരണ. എന്നാൽ, നമ്മുടെ മണ്ണിൽ നടന്ന അധിനിവേശങ്ങളിൽനിന്നു മാത്രമല്ല, നമ്മുടെ മനസുകളിലും ജീവിതക്രമത്തിലും അധിനിവേശം നടത്തിയ ഉച്ചനീചത്വങ്ങളിൽനിന്നും തൊട്ടുകൂടായ്മയിൽനിന്നുംകൂടിയാണ് നാം സ്വതന്ത്രരാകേണ്ടിയിരുന്നത്.
നിർഭാഗ്യമെന്നു പറയട്ടെ, ഇത്തരം അധിനിവേശങ്ങളിൽനിന്ന് പൂർണമായും മുക്തരാകാൻ പലർക്കും ഇനിയും കഴിഞ്ഞിട്ടില്ല. സർക്കാർ സംവിധാനങ്ങളുടെ നടപടിക്രമങ്ങളിലും ചട്ടങ്ങളിലും പോലും ഈ കാലത്തും ജാതിവിവേചനത്തിന്റെ നിഴലുകൾ ഇരുൾ പരത്തുന്നുവെന്നതു ഖേദകരമാണ്. അതുകൊണ്ടാണ് തടവുകാരന്റെ ജാതി രേഖപ്പെടുത്തണമെന്ന ജയിൽചട്ടം ഭരണഘടനാവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസ് ജെ.ബി. പർദിവാല, ജസ്റ്റീസ് മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടിയത്.
മൂന്നു മാസത്തിനകം ജയിൽ മാന്വൽ തിരുത്തണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. കേരളമടക്കം 11 സംസ്ഥാനങ്ങളിൽ ഇപ്പോഴും ഈ രീതികൾ നിലനിൽക്കുന്നുവെന്നു ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തക സുകന്യ ശാന്ത സമർപ്പിച്ച റിട്ട് ഹർജിയാണ് കോടതി പരിഗണിച്ചത്. തടവുകാർക്കു ജയിലിൽ ജോലി നൽകിയിരുന്നത് അവരുടെ ജാതി അടിസ്ഥാനമാക്കിയായിരുന്നു. ഉന്നതജാതിക്കാരായി പരിഗണിക്കപ്പെടുന്നവർക്കു ജോലിയിൽ മുൻഗണന ലഭിച്ചിരുന്നതിലും കോടതി ആശങ്ക രേഖപ്പെടുത്തി.
കഴിവോ താത്പര്യമോ പ്രാപ്തിയോ മാനദണ്ഡമാക്കാതെ ജാതി അടിസ്ഥാനമാക്കി ഒരാൾക്കു തൊഴിൽ നിശ്ചയിക്കുകയെന്നത് ഒരു പരിഷ്കൃത സമൂഹത്തിനു ചേർന്ന രീതിയല്ല. തോട്ടിപ്പണി പോലെയുള്ളവ ചെയ്യാൻ വിധിക്കപ്പെട്ടവരാണ് ചില സമുദായങ്ങളെന്ന ധാരണ പണ്ടേ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്.
എന്നാൽ, അറിവും വിദ്യാഭ്യാസവും നേടിയ കാലത്തെങ്കിലും ഇത്തരം ഹീനമായ മുൻവിധികൾ മാറ്റാൻ നമ്മുടെ മനസുകൾ പരുവപ്പെടേണ്ടതുണ്ട്. നിയമത്തെ പേടിച്ചല്ല, മനുഷ്യത്വത്തെ പരിഗണിച്ചാവണം ഇത്തരം ധാരണകൾ തിരുത്തപ്പെടേണ്ടത്. ഇന്ത്യയിൽ തോട്ടിപ്പണിയും സെപ്റ്റിക് ടാങ്ക് വൃത്തിയാക്കലും അടക്കമുള്ള ജോലികളിൽ വ്യാപൃതരാവുന്നവരിൽ 92 ശതമാനവും പിന്നാക്ക വിഭാഗങ്ങളാണെന്ന സർവേ റിപ്പോർട്ട് കേന്ദ്രസർക്കാർ അടുത്ത കാലത്തു പാർലമെന്റിൽ വച്ചിരുന്നു.
സമൂഹത്തിൽ അത്ര മതിപ്പൊന്നും ലഭിക്കാത്ത ഈ ജോലിയിൽ ഏർപ്പെടുന്നവരിൽ 68 ശതമാനവും എസ്സി വിഭാഗത്തിൽപ്പെട്ടരാണ്. 14 ശതമാനം ഒബിസിക്കാരും എട്ടു ശതമാനം എസ്ടി വിഭാഗവുമാണ്. ജനറൽ കാറ്റഗറിയിൽപ്പെട്ട എട്ടു ശതമാനത്തിനു മാത്രമാണ് ഈ ജോലിയിൽ ഏർപ്പെടേണ്ടി വരുന്നതെന്നും ഇന്ത്യയിലെ വിവിധ നഗരങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ സർവേയിലെ റിപ്പോർട്ടിൽ പറയുന്നു.
ജാതിവിവേചനത്തിന്റെയും തൊട്ടുകൂടായ്മയുടെയും കഥകൾ ദിനംപ്രതി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. തമിഴ്നാട്ടിൽ പിന്നാക്കജാതിക്കാർക്കു പ്രവേശനമില്ലാത്ത ക്ഷേത്രങ്ങൾ നിരവധിയുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട പിന്നാക്ക ജാതിക്കാരനു പഞ്ചായത്ത് ഓഫീസിലെ കസേരയിൽ ഇരിക്കാൻ കഴിയാത്ത സ്ഥിതിയും നമ്മൾ വായിച്ചറിഞ്ഞതാണ്.
മുന്നാക്കക്കാരുടെ കിണറിൽനിന്നു വെള്ളമെടുക്കാൻ ദളിതർക്ക് അവകാശമില്ല, കുതിരപ്പുറത്ത് വിവാഹഘോഷയാത്ര നടത്തിയതിന്റെ പേരിൽ ദളിത് യുവാക്കളെ മർദിക്കുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. പല ഇന്ത്യൻ ഗ്രാമങ്ങളും ഇപ്പോഴും ജാതിക്കോട്ടകളാണ്. സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിൽ പുഴുക്കളെപ്പോലെ ജീവിച്ചു തീർക്കേണ്ടവരായി ഒരു വിഭാഗം മനുഷ്യരെ ചാപ്പ കുത്തിയിരിക്കുന്നു.
പൂർണമായല്ലെങ്കിലും വിദ്യാഭ്യാസ, സാംസ്കാരിക നിലവാരത്തിൽ ഉയരത്തിൽ നിൽക്കുന്ന കേരളം ഇക്കാര്യത്തിൽ ഇന്ത്യയുടെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ഏറെ മുന്നോട്ടുപോയിട്ടുണ്ട്. ഇതിനു കേരളം കടപ്പെട്ടിരിക്കുന്നത് മുന്നാക്കവിഭാഗത്തിലുള്ള വിദ്യാർഥികൾക്കൊപ്പം ദളിത് കുട്ടികളെയുമിരുത്തി അവർക്കു വിദ്യാഭ്യാസം പകർന്നുകൊടുത്ത, കേരള നവോത്ഥാനത്തിന്റെ പതാകവാഹകനായിരുന്ന വിശുദ്ധ ചാവറയച്ചൻ അടക്കമുള്ള നവോത്ഥാന നായകൻമാരോടും മിഷനറിമാരോടുമാണ്.
എങ്കിലും ജാതിയുടെ വേരുകൾ പൂർണമായി പറിച്ചുമാറ്റപ്പെട്ട മണ്ണാണ് കേരളമെന്ന് അഭിമാനിക്കാൻ നാം ഇനിയും ഏറെ മുന്നോട്ടുപോകേണ്ടതുണ്ട്. അതിനുദാഹരണമാണ് ജയിലിൽ ജാതിയടിസ്ഥാനത്തിൽ ജോലി നൽകുന്ന രീതി കേരളത്തിലും നിലനിൽക്കുന്നുവെന്നത്. ഇത്രകാലമായിട്ടും അതു തിരുത്താൻ നാം തയാറായില്ല എന്നത് ലജ്ജാകരമാണ്.
ഒരു ഗോത്രവനിതയെ രാഷ്ട്രപതിയായി തെരഞ്ഞെടുത്തതിലൂടെ രാഷ്ട്രം ഇക്കാര്യത്തിൽ മഹത്തരമായ ഒരു സന്ദേശം ജനതയ്ക്കു നൽകുന്നുണ്ട്. അതു ഹൃദയത്തിൽ അടയാളപ്പെടുത്താൻ ഓരോരുത്തർക്കും കഴിയട്ടെ.