നക്ഷത്രങ്ങൾ പറയുന്നത്
Friday, October 4, 2024 12:00 AM IST
ചോദ്യങ്ങളിലെ നക്ഷത്രത്തെ ഭയപ്പെടുന്ന മുഖ്യമന്ത്രിയും പാർട്ടിയും തങ്ങളേന്തുന്ന കൊടിയിലെ നക്ഷത്രത്തിനും മങ്ങലേൽപ്പിക്കുകയാണ്.
അധികാരം കൊടുത്തവരെന്ന നിലയിൽ പൗരന്മാർക്കു സർക്കാരിനെ ചോദ്യംചെയ്യാനുള്ള അവകാശമുണ്ട്. നിയമസഭയിലായാലും ലോക്സഭയിലായാലും, ഉന്നയിക്കുന്നതു പ്രതിപക്ഷമാണെങ്കിലും ചോദ്യങ്ങൾ ജനങ്ങളുടേതാണ്.
അത്തരം ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി നേരിട്ടു മറുപടി പറയേണ്ടതില്ലെന്ന സർക്കാരിന്റെ കഴിഞ്ഞ ദിവസത്തെ തീരുമാനം അങ്ങേയറ്റം ജനാധിപത്യവിരുദ്ധമെന്നു പറയുന്നില്ല. കാരണം, ചോദ്യങ്ങൾക്കു മറുപടി പറയില്ലെന്നല്ല സർക്കാരിന്റെ നിലപാട്, മുഖ്യമന്ത്രി നേരിട്ടു പറയില്ല എന്നതാണ്.
അതേസമയം, ചോദ്യങ്ങളെ നേരിടാനുള്ള മുഖ്യമന്ത്രിയുടെ ആത്മവിശ്വാസക്കുറവ് ആ തീരുമാനത്തിൽ പ്രതിഫലിക്കുന്നുണ്ട്. പത്രസമ്മേളനം നടത്താൻ മടിയുള്ള പ്രധാനമന്ത്രി ഏകപക്ഷീയമായി മൻ കി ബാത് നടത്തുന്പോൾ കാണിക്കുന്ന ഒളിച്ചോട്ടത്തോടാണ് ഇതിനെ കുറച്ചെങ്കിലും സാമ്യപ്പെടുത്തേണ്ടിവരുന്നത്.
രണ്ടും ജനാധിപത്യവിരുദ്ധമെന്നു പറഞ്ഞില്ലെങ്കിലും ജനാധിപത്യത്തെ വളർത്തുന്നില്ലെന്നു പറയണം; അതൊരു ന്യൂനതയാണ്. നിയമസഭയില് മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടു മറുപടി നല്കേണ്ട ചോദ്യങ്ങളാണ് നക്ഷത്രചിഹ്നമിട്ട് നൽകാറുള്ളത്.
ഇന്നാരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി നേരിട്ടു മറുപടി പറയേണ്ട വിഭാഗത്തിലുള്ള നക്ഷത്രചിഹ്നമുള്ള ചോദ്യങ്ങളെ, രേഖാമൂലമുള്ള മറുപടി നൽകുന്ന ചോദ്യങ്ങളാക്കി മാറ്റിയെന്നാണു പരാതി. 49 ചോദ്യങ്ങളിൽനിന്നു നക്ഷത്രങ്ങളെ കെടുത്തിക്കളഞ്ഞു.
ഉത്തരവാദികളായ നിയമസഭാ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്പീക്കർക്കു കത്ത് നൽകി.
സഭയിൽ ഉന്നയിക്കാനുള്ള പൊതുപ്രാധാന്യം ഇല്ലാത്തതും സഭാതലത്തിൽ മറുപടി പറയേണ്ടത്ര നയപരമായ പ്രാധാന്യം ഇല്ലാത്തതുമായ പ്രാദേശിക ചോദ്യങ്ങളാണ് എന്നതാണു നിയമസഭാ സെക്രട്ടേറിയറ്റിന്റെ ന്യായം.
എന്നാൽ, പൊതുസമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നതും ആശങ്കപ്പെടുത്തുന്നതുമായ വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു പൊതുപ്രാധാന്യമില്ലെന്നു നിയമസഭാ സെക്രട്ടേറിയറ്റ് കണ്ടെത്തിയതിന്റെ അടിസ്ഥാനം എന്താണെന്നു വ്യക്തമാക്കാൻ സ്പീക്കർ തയാറാകണമെന്നും സതീശൻ ആവശ്യപ്പെട്ടു.
ചോദ്യങ്ങളെക്കുറിച്ച് എന്തെങ്കിലും അവ്യക്തതയുണ്ടെങ്കിൽ നിയമസഭാ സെക്രട്ടേറിയറ്റ് സാധാരണഗതിയിൽ സാമാജികരുടെ ഓഫീസുമായോ അല്ലെങ്കിൽ അതത് പാർലമെന്ററി പാർട്ടി ഓഫീസുകളുമായോ ബന്ധപ്പെട്ട് ആവശ്യമായ മാറ്റങ്ങൾ വരുത്തുകയാണു പതിവ്.
ഇതിനു നിയമസഭാ സെക്രട്ടേറിയറ്റ് തയാറായിട്ടുമില്ല. ചോദ്യങ്ങളിൽനിന്ന് ഒളിച്ചോടാനാഗ്രഹിക്കുന്ന സർക്കാരറിയാതെ ഉദ്യോഗസ്ഥർ നക്ഷത്രങ്ങളെ വെട്ടിനിരത്തില്ല. പ്രതിരോധത്തിനുപോലും ശേഷിയില്ലാതെ സർക്കാർ വിയർക്കുകയാണോ? ആ ചോദ്യങ്ങൾ ഏതാണെന്നറിയുന്പോഴാണ് നക്ഷത്രം പോയ വഴി തെളിയുന്നത്.
അടുത്തിടെ സർക്കാരിനെ, പ്രത്യേകിച്ച് മുഖ്യമന്ത്രിയെ അലോസരപ്പെടുത്തിയ എഡിജിപി എം.ആർ. അജിത്കുമാർ-ആർഎസ്എസ് കൂടിക്കാഴ്ച, തൃശൂർ പൂരം കലക്കൽ, വടകര തെരഞ്ഞെടുപ്പിലെ കാഫിർ സ്ക്രീൻ ഷോട്ട്, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരേയുള്ള ആരോപണം, പോലീസിലെ ക്രിമിനൽവത്കരണം തുടങ്ങിയ ചോദ്യങ്ങളെയാണ് സർക്കാർ ഒഴിവാക്കിയതെന്നറിയുന്നു. ഈ ചോദ്യങ്ങളിൽ ചിലതിനോട് ഇന്നലെ മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പ്രതികരിച്ചെങ്കിലും നിയമസഭയിലെ ആധികാരിക മറുപടിക്കു സമാനമാകില്ല.
പ്രാധാന്യമില്ലെന്ന് മുഖ്യമന്ത്രിയോടടുത്തവർ പറയുന്ന ചോദ്യങ്ങൾ പ്രതിപക്ഷത്തിന്റേതും പി.വി. അൻവറിന്റേതും മാത്രമല്ല, ഭരണകക്ഷിയിലെ ചില പാർട്ടികളുടേതും എല്ലാറ്റിലുമുപരി പൊതുസമൂഹത്തിന്റേതുമാണ്.
അതിൽ ജനാധിപത്യ-മതേതര വിരുദ്ധതയും അഴിമതിയും അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടുകളും ഭരണപരാജയങ്ങളുമൊക്കെയുണ്ട്. അത്തരം ചോദ്യങ്ങളെ സധൈര്യം നേരിട്ട് കൈകൾ ശുദ്ധമാണെന്നു തെളിയിക്കാനുള്ള അവസരം സിപിഎം വേണ്ടെന്നു വയ്ക്കുകയാണ്.
അപ്പോൾ കൈകൾ ശുദ്ധമല്ലേ? കൊണ്ടുനടന്ന കൊടിയിലെ നക്ഷത്രവും മങ്ങുകയാണോ?