‘മാവേലി നാടു വാണീടും കാലം’ എന്നത് രാഷ്ട്രീയ ഗാനമാണ്. ജനവിരുദ്ധ ഭരണാധികാരികൾ ഭയപ്പെടേണ്ട വിപ്ലവഗാനം. ജനം അതു മനസിലാക്കുവോളം മാത്രമേ, കള്ളവും ചതിയും
ചങ്ങാത്ത മുതലാളിത്തവും വർഗീയതയും രാഷ്ട്രീയമാക്കിയവർക്ക് നിലനിൽപ്പുള്ളൂ.
മാതൃകാപരമായ ഒരു ഭരണത്തെക്കുറിച്ചു പറയേണ്ടിവന്നാൽ മലയാളിക്കു മഹാബലിയല്ലാതെ മറ്റാരുമില്ല. കേരളത്തിന്റെ രാഷ്ട്രീയബോധത്തിന്റെയും പ്രതികരണശേഷിയുടെയും സദ്ഭരണ സങ്കല്പങ്ങളുടെയുമൊക്കെ അടിസ്ഥാനവും താരതമ്യത്തിന്റെ അളവുകോലുമായി അദ്ദേഹം മാറിക്കഴിഞ്ഞു.
ഇക്കാലത്തെ ജനാധിപത്യ സർക്കാരുകളും ഭരണാധികാരികളുംപോലും എങ്ങനെയായിരിക്കണമെന്നതിന് പഴയൊരു രാജഭരണ സങ്കല്പത്തെ അടിസ്ഥാനമാക്കുന്നത് വിരോധാഭാസമാണെങ്കിലും അത്യന്തം കൗതുകകരവും അതിലേറെ ഗൗരവമുള്ളതുമാണ്. അതേ, ജനാധിപത്യത്തെപ്പോലും പുതുക്കിപ്പണിയാൻ ശേഷിയുള്ളൊരു ദേശീയോത്സവമാണ് ഓണം.
‘മാവേലി നാടു വാണീടുംകാലം, മാനുഷരെല്ലാരുമൊന്നുപോലെ’ എന്നു തുടങ്ങുന്ന ഓണപ്പാട്ട് ഒരു രണ്ടാം വായനയ്ക്കു വിധേയമാക്കിയാൽ, ഇന്ത്യയുടേത് ഉൾപ്പെടെ ലോകത്തെ ഏതൊരു ജനാധിപത്യ മതേതര ഭരണഘടനയുടെയും ആത്മാവ് അതിൽ കണ്ടെത്താം. നാളെയാണ് ഓണം.
തീവ്രവാദവും വർഗീയതയും അധികാരപ്രമത്തതയും അഴിമതിയും അക്രമവും അങ്ങനെ പലതും ഇടതു വലതു ചുവടു വച്ച് ജനാധിപത്യത്തെ തലപൊക്കാൻ അനുവദിക്കാതിരിക്കുന്പോൾ ആരൊരാൾ ആവശ്യമായി വരുന്നുവോ അയാളുടെ പേരാണ് മഹാബലി.
നിരന്തരം ആഴമേറുന്ന പാതാളത്തിൽനിന്ന് അദ്ദേഹം ഓരോ പുതുവർഷത്തിലുമെത്തുന്നത് ജനങ്ങളെ കണാൻ മാത്രമല്ല, പേരല്ലാതൊന്നും ബാക്കിയില്ലാതാകുന്ന ജനാധിപത്യത്തെ തിരുത്തൂയെന്ന് ഓർമിപ്പിക്കാൻ കൂടിയാണ്. അവസാനനിമിഷവും തലകുനിച്ചു വിനയാന്വിതനായിരുന്ന മഹാബലിയെന്ന അധികാരിയെ നമ്മൾ തന്പുരാനെന്നാണു വിളിച്ചത്.
പക്ഷേ, ജനാധിപത്യത്തിൽ ദാസനായിരിക്കേണ്ട അധികാരികളാവട്ടെ നമുക്കു മുന്നിൽ അധികാര ധാർഷ്ട്യത്താൽ സ്വയം തന്പുരാക്കന്മാരായി പ്രഖ്യാപിക്കുന്നു. മാനുഷരെല്ലാരും ഒന്നുപോലെയല്ല. അവർ തട്ടുതട്ടായി വിഭജിക്കപ്പെട്ടു. ആഗോള ശതകോടീശ്വരന്മാരുടെ ഹുറൂൺ പട്ടികയിൽ ഇന്ത്യയിൽനിന്ന് 94 പുതിയ ശതകോടീശ്വരൻമാർ ഇക്കൊല്ലമുണ്ടായി.
ഇതോടെ, രാജ്യത്തെ മൊത്തം ശതകോടീശ്വരൻമാരുടെ എണ്ണം 271 ആയി ഉയർന്നു. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ലോകത്തെ ഏറ്റവും വലിയ പത്ത് സമ്പന്നരിൽ ഒരാളായി. സമ്പത്തിൽ 40 ശതമാനമാണ് വർധന. അതൊരു കുറ്റമല്ല. പക്ഷേ, കഴിഞ്ഞ ഒക്ടോബറിൽ പുറത്തുവന്ന ആഗോള പട്ടിണിസൂചികയിൽ ഇതേ രാജ്യം ലോകത്തെ 125 രാജ്യങ്ങളിൽ 111-ാം സ്ഥാനത്തായിപ്പോയത് കുറ്റമാണ്.
അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പുതിയ ശതകോടീശ്വരൻമാരുള്ള രാജ്യം ഇന്ത്യയാണ്. മഹാഭൂരിപക്ഷം വരുന്ന മനുഷ്യർക്കെന്തു ഗുണം? ഒരിക്കൽ ഉടുതുണിക്കു മറുതുണിയില്ലാതിരുന്ന കേരളത്തിലെ വിപ്ലവക്കാരുൾപ്പെടെ പല നേതാക്കളുടെയും ഇപ്പോഴത്തെ ആസ്തി എത്രയാണെന്ന് അവർക്കുമറിയില്ല. അവരുടെ മക്കളുടെ വരുമാനവും ആർഭാട ജീവിതവുമൊക്കെ വിപ്ലവത്തിന്റെയും ജനാധിപത്യത്തിന്റെയും ഒറ്റുകാശാണ്.
അതേസമയം, വിലക്കയറ്റത്തിൽ പൊറുതിമുട്ടിയവരും മുൻവാതിൽ നിയമനം മുട്ടിയവരും രാഷ്ട്രീയംകൊണ്ട് സന്പാദിക്കാത്തവരുമൊക്കെ വിൽക്കാനൊരു കാണവുമില്ലാതെ വിഷമിക്കുന്നുണ്ട്. വർഗീയ ധ്രുവീകരണത്തിന്റെയും വിപ്ലവ വായാടിത്തങ്ങളുടെയും മണ്ണിൽ തങ്ങളുടെ ഏകാധിപത്യമുഖം പൂഴ്ത്തിവച്ചിരിക്കുന്നവരോട് ചോദ്യം ചോദിക്കുന്നവരുടെ എണ്ണം കുറയുകയാണ്.
മതം ആക്രമിക്കാനും ആക്രമിക്കപ്പെടാനുമുള്ള അടയാളമായി. ആള്‍ക്കൂട്ടക്കൊലപാതകം, ഗോസംരക്ഷണത്തിന്റെ പേരിലെ അക്രമങ്ങള്‍ തുടങ്ങിയ സംഭവങ്ങളില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് ആറാഴ്ചയ്ക്കകം അറിയിക്കാന്‍ വിവിധ സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടത് ഇക്കഴിഞ്ഞ ഏപ്രിലിലാണ്. കൊല്ലുന്ന ആൾക്കൂട്ടങ്ങൾ യാദൃച്ഛികതയല്ല. അവരെ ഒരുക്കിക്കൊണ്ടുവന്നതാണെന്നു മാത്രം തിരിച്ചറിയണം.
ഏതാണ്ട് എല്ലാത്തിനോടും നാം സമരസപ്പെട്ടുകഴിഞ്ഞു. മത്സരങ്ങളും ആഘോഷങ്ങളും സദ്യകളുമെല്ലാം ഓണത്തിന്റെ ഭാഗമാണ്. പക്ഷേ, അതിന്റെ കരുത്തുറ്റ പ്രമേയം രാഷ്ട്രീയമാണ്. സ്വാതന്ത്ര്യത്തിലും സമത്വത്തിലും മതേതരത്വത്തിലും അടിസ്ഥാനപ്പെടുത്തിയ ജനാധിപത്യ രാഷ്ട്രീയം. ‘മാവേലി നാടു വാണീടും കാലം’ എന്നത് രാഷ്ട്രീയ ഗാനമാണ്. ജനവിരുദ്ധ ഭരണാധികാരികൾ ഭയപ്പെടേണ്ട വിപ്ലവഗാനം.
ജനം അതു മനസിലാക്കുവോളം മാത്രമേ, കള്ളവും ചതിയും ചങ്ങാത്ത മുതലാളിത്തവും വർഗീയതയും രാഷ്ട്രീയമാക്കിയവർക്ക് നിലനിൽപ്പുള്ളൂ. അതോർമിപ്പിക്കാനാണ് മാവേലി പാതാളം താണ്ടിയെത്തുന്നത്. ഓർമയുണ്ടായിരിക്കണം. എല്ലാ വായനക്കാർക്കും ഓണത്തിന്റെ ആശംസകൾ..!