വ്യവസായസൗഹൃദത്തിലും ഓൺലൈൻ കുറ്റങ്ങളെ ചെറുക്കുന്നതിലും കേരളം രാജ്യത്ത് ഒന്നാമതാകുന്നു. മുന്നോട്ടുതന്നെയാണെങ്കിൽ ഭാവിയെ നിശ്ചയിക്കുന്ന മാറ്റത്തിന്റെയും മികവിന്റെയും അടയാളമാണിത്.
കേരളത്തിന് അഭിമാനകരമായ രണ്ടു പ്രധാന സംഭവങ്ങൾ കഴിഞ്ഞദിവസങ്ങളിലുണ്ടായി. ഒന്ന്, രാജ്യത്തെ വ്യവസായ നിക്ഷേപ സൗഹൃദ റാങ്കിംഗിൽ കേരളം ഒന്നാമതെത്തി. രണ്ടാമത്തേത്, കേരള പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് ഏറ്റുവാങ്ങിയ പുരസ്കാരമാണ്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരേ ഓൺലൈനിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയാൻ സജീവമായ ഇടപെടൽ നടത്തിയതിനുള്ള പുരസ്കാരമാണ് പോലീസിനു ലഭിച്ചത്. രണ്ടും അഭിമാനത്തിനു വകയുള്ളതാണ്. ഈ നേട്ടങ്ങൾക്കു പിന്നിലെ കഠിന പരിശ്രമങ്ങൾ വിലമതിക്കേണ്ടതാണ്. വരും വർഷങ്ങളിലും ആവർത്തിക്കേണ്ടതുകൂടിയാണ് ഈ വിജയങ്ങൾ.
വ്യവസായ സൗഹൃദത്തിനു പേരുകേട്ട ഗുജറാത്തിനെയും ആന്ധ്രപ്രദേശിനെയും പിന്തള്ളിയാണ് കേരളം വ്യവസായ നിക്ഷേപ സൗഹൃദ റാങ്കിംഗിൽ ഒന്നാമതെത്തിയത്. അത്തരം സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാരിനുള്ള സൗഹൃദം കേരളം അത്രയങ്ങ് അനുഭവിച്ചിട്ടില്ലാത്തതിനാൽ ഈ വിജയത്തിന് ഇരട്ടി മധുരവുമുണ്ട്. കേരളത്തിന് സുപരിചിതമല്ലാത്ത വ്യവസായ സൗഹൃദ അന്തരീക്ഷം സംജാതമായിട്ടുണ്ടെങ്കിൽ അത് ഈ സർക്കാരിന്റെ നിലപാടുകളിലെ മാറ്റങ്ങൾ കൂടിയാണ്.
ഇവിടെ ഒന്നും നടക്കില്ലെന്നത് വ്യവസായികൾക്കും സംരംഭകർക്കും ഏറെക്കാലമായുള്ള മുൻവിധി മാത്രമല്ല, അനുഭവംകൂടിയായിരുന്നു. അത് അടഞ്ഞ അധ്യായമാണെന്ന് ഉറപ്പിക്കാനായാൽ ഡൽഹി യശോഭൂമിയിലെ പലാഷ് ഹാളിൽ കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലിൽനിന്ന് മന്ത്രി പി. രാജീവ് ഏറ്റുവാങ്ങിയ ബഹുമതി പുത്തൻ കുതിപ്പാകും.
വിവരസാങ്കേതികവിദ്യയിലെ നവ മാറ്റങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നത് പഴയ വികസന സങ്കൽപ്പങ്ങളെ മാറ്റിമറിക്കുമെന്നതിൽ സംശയമില്ല. കേരളം അത് തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷേ, ഏതൊരു മാറ്റവും സംരംഭകർക്ക് അനുഭവവേദ്യമാകുകയും വേണം.
അഴിമതിയും അലസതയും പിന്തിരിപ്പൻ മനോഭാവവുംകൊണ്ട് ഏതു സാങ്കേതികവിദ്യയെയും വികസനത്തെ തന്നെയും പരാജയപ്പെടുത്താൻ കെൽപ്പുള്ള ഉദ്യോഗസ്ഥവൃന്ദത്തിനുമേൽ കണ്ണുണ്ടാകണം. അത് അവിശ്വാസത്തിന്റെ കാര്യമല്ല, പ്രഫഷണലിസത്തിന്റെ ജാഗ്രതയാണ്. ഒരു സംരംഭകനും ഓഫീസുകൾ കയറിയിറങ്ങി നിരാശനാകരുത്. അതുപോലെ, സംരംഭകരുടെ നേട്ടത്തിൽ വലിയൊരു പങ്കു വഹിക്കുന്ന തൊഴിലാളികളെ ചൂഷണം ചെയ്യുന്ന മനുഷ്യവിരുദ്ധത, മറ്റു പല സംസ്ഥാനങ്ങളിലും ദൃശ്യമാണ്. അവിടെ പലയിടങ്ങളിലും സ്ഥാപനങ്ങൾക്കൊപ്പം ജീവനക്കാർ വളരുന്നില്ല.
അതിന്റെ വിപരീതമായിരുന്നു കേരളത്തിൽ ചിലയിടങ്ങളിലെങ്കിലും സംഭവിച്ചുകൊണ്ടിരുന്നത്. തൊഴിലാളികൾ സംരംഭകരെ വിരൽത്തുന്പിൽ നിർത്തി മടുപ്പിച്ചുകളയുന്ന പാരന്പര്യം അസ്തമിച്ചെന്നു കരുതാനാവില്ല. അതിന്റെ ഊർജസ്രോതസ് ഇവിടത്തെ രാഷ്ട്രീയ പാർട്ടികൾതന്നെയായിരുന്നു. മേൽപറഞ്ഞ രണ്ടു യാഥാർഥ്യങ്ങൾക്കും മധ്യേ, വികസനത്തിന് പരസ്പര ചൂഷണമല്ല പരസ്പര സഹകരണമാണ് വേണ്ടതെന്നു തിരിച്ചറിയണം. ഈ മുന്നേറ്റം തുടങ്ങിവയ്ക്കുന്നതുപോലെ ശ്രമകരമാണ് തുടർന്നുകൊണ്ടുപോകുന്നതും. പക്ഷേ, അസാധ്യമല്ല.
സാങ്കേതികവിദ്യകളെ കുറ്റാന്വേഷണവുമായി ബന്ധിപ്പിച്ചാണ് കേരള പോലീസും നേട്ടമുണ്ടാക്കിയിരിക്കുന്നത്. ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്ററിന്റെ ഒന്നാം വാർഷികത്തിലാണ് ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായിൽനിന്ന് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്, സൈബർ ഓപ്പറേഷൻസ് വിഭാഗം എസ്പി ഹരിശങ്കർ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങിയത്.
സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്താനും തടയാനുമായി കേരള പോലീസ് സ്വീകരിച്ച നടപടികൾ ഏറെ ഫലം കണ്ടിരുന്നു. തോക്കും പിച്ചാത്തിയുമായി മീശ പിരിച്ചുനടക്കുന്നവരല്ല, കോട്ടും സൂട്ടുമിട്ട് എസി മുറിയിലിരിക്കുന്നവരാണ് നിർമിതബുദ്ധി യുഗത്തിലെ കൊള്ളക്കാരെന്ന തിരിച്ചറിവ് കേരള പോലീസിനുണ്ട്. തട്ടിപ്പിനായി ഉപയോഗിച്ച 27,680 ബാങ്ക് അക്കൗണ്ടുകളും 11,999 സിംകാർഡുകളും 17,734 വെബ്സൈറ്റുകളും സൈബർ ഫ്രോഡ് ആൻഡ് സോഷ്യൽ മീഡിയ വിംഗിന്റെ നേതൃത്വത്തിൽ പ്രവർത്തനരഹിതമാക്കിയത് ഉൾപ്പെടെ നിരവധി കാര്യങ്ങൾ ചെയ്തുകഴിഞ്ഞു.
വിദേശരാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് 16 പേരെ അറസ്റ്റ് ചെയ്തു. ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട 201 കോടി രൂപയിൽ 37 കോടി രൂപ വീണ്ടെടുത്തു. സാങ്കേതികവിദ്യയുടെ അധോലോകത്ത് നമ്മുടെ പോലീസ് നടത്തിയ ഒളിപ്പോരാണിത്.
അഴിമതിക്കാരും രാഷ്ട്രീയ പിണിയാളുകളുമായ ചില കറുത്ത പുള്ളികളെ ഒഴിവാക്കിയാൽ കേരള പോലീസ് തല കുനിക്കേണ്ട സാഹചര്യമില്ല. മറ്റു പല സംസ്ഥാനങ്ങളിലെയും പോലീസിനെ അടുത്തറിഞ്ഞിട്ടുള്ളവർക്കറിയാം കേരള പോലീസ് ഒരു ബിഗ് സല്യൂട്ട് അർഹിക്കുന്നുണ്ടെന്ന്. കറ പുരളാത്ത കാക്കി നാടിന്റെ കാവൽമുദ്രയാകട്ടെ.