മലയാളികളുടെ ഓണാഘോഷം പൂർണതയിലെത്താൻ പ്രവാസികളായ ബന്ധുക്കൾകൂടി എത്തണം. കൂടാതെ, വിലക്കയറ്റത്തിന്റെ പിടിയിലമരാതെ ഓണസദ്യക്കു വിഭവങ്ങൾ കിട്ടണം.
അത്തം പിറന്നതോടെ മലയാളനാട് ഓണാഘോഷത്തിലേക്കു കടന്നുകഴിഞ്ഞു. നാടും നഗരവും ഇനി ഓണത്തിരക്കിലമരും. എന്നാൽ, മലയാളികളുടെ ഓണാഘോഷം പൂർണതയിലെത്താൻ പ്രവാസികളായ ബന്ധുക്കൾകൂടി എത്തണം. കൂടാതെ, വിലക്കയറ്റത്തിന്റെ പിടിയിലമരാതെ ഓണസദ്യക്കു വിഭവങ്ങൾ കിട്ടണം.
എന്നാൽ, ഇത്തരത്തിൽ സമൃദ്ധമായൊരു ഓണാഘോഷം തരപ്പെടുമോയെന്ന ആശങ്കയിലാണ് മലയാളികൾ. ഓണക്കാലം വന്നെത്തിയിട്ടും പ്രവാസി മലയാളികൾക്ക് നാട്ടിലെത്താൻ വഴിതുറന്നിട്ടില്ല. ഡൽഹിയിലും മുംബൈയിലും ചെന്നൈയിലും ബംഗളൂരുവിലുമെല്ലാമുള്ള ആയിരക്കണക്കിനു മലയാളികൾക്ക് നാട്ടിലെത്തി ഇക്കുറി ഓണമുണ്ണാൻ കഴിയാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്.
ആവശ്യത്തിന് സ്പെഷൽ ട്രെയിനുകൾ അനുവദിക്കാൻ റെയിൽവേ ഇതുവരെ തയാറായിട്ടില്ല. അയൽസംസ്ഥാനങ്ങളിലെ നഗരങ്ങളിൽനിന്നുള്ള ബസ് സർവീസുകൾക്ക് താങ്ങാനാവാത്തവിധം നിരക്ക് വർധിപ്പിക്കുകയും ചെയ്തിരിക്കുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ ഉണ്ടാകേണ്ട വിഷയമാണിത്. എംപിമാരും കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യനും സുരേഷ് ഗോപിയും പ്രത്യേക താത്പര്യമെടുക്കുകയും വേണം.
ഓണം പ്രമാണിച്ച് റെയിൽവേ ചില റൂട്ടുകളിൽ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവ അപര്യാപ്തമാണ്. ബംഗളൂരു- തിരുവനന്തപുരം റൂട്ടിലാണ് ഏറ്റവും കൂടുതൽ യാത്രക്കാരുള്ളത്. ഈ മേഖലയിൽ ആവശ്യത്തിന് സ്പെഷൽ ട്രെയിനുകളില്ല. ബംഗളൂരു കന്റോൺമെന്റിൽനിന്ന് എറണാകുളത്തേക്കും യലഹങ്കയിൽനിന്നു കൊച്ചുവേളിയിലേക്കും ഓരോ സ്പെഷൽ ട്രെയിൻ വീതമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇവ എല്ലാ ദിവസവും ഇല്ല.
ആയിരക്കണക്കിനു മലയാളികളുള്ള ഡൽഹിയിൽനിന്നും മുബൈയിൽനിന്നും പ്രത്യേക ട്രെയിനുകളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കൊങ്കൺ വഴിയും പ്രത്യേക ട്രെയിനുകളില്ല. എറണാകുളം-ബംഗളൂരു റൂട്ടിൽ ഓടിക്കൊണ്ടിരുന്ന വന്ദേഭാരത് സ്പെഷൽ ട്രെയിൻ നിർത്തലാക്കിയതും യാത്രാക്ലേശം വർധിപ്പിച്ചിട്ടുണ്ട്. ജൂലൈ 25നാണ് വന്ദേഭാരത് സ്പെഷൽ എറണാകുളം-ബംഗളൂരു റൂട്ടിൽ ഓടിത്തുടങ്ങിയത്.
നിറയെ യാത്രക്കാരുണ്ടായിരുന്ന ഈ സർവീസ് ഓഗസ്റ്റ് 26ന് അവസാനിപ്പിക്കുകയായിരുന്നു. ബംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽ വന്ദേഭാരത് നിർത്തിയിടാൻ അസൗകര്യമുണ്ടെന്നാണ് റെയിൽവേയുടെ ന്യായീകരണം. സ്പെഷൽ ട്രെയിനുകളിലെല്ലാം ടിക്കറ്റ് നിരക്ക് മൂന്നിരട്ടിവരെ കൂട്ടിയാണ് ഈടാക്കുന്നത് എന്നതാണ് മറ്റൊരു ഇരുട്ടടി.
വലിയൊരു കൊള്ളയാണ് റെയിൽവേ അധികൃതർ ഇതിന്റെ പേരിൽ നടത്തുന്നത്. ചില സ്പെഷൽ ട്രെയിനുകൾ പൂർണമായും എസി കോച്ചുകളാണ്. ഇവയുടെ നിരക്കുകളും സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത രീതിയിലാണ്. നിലവിലെ ചില സർവീസുകൾ റദ്ദാക്കിയാണ് ചില റൂട്ടുകളിൽ റെയിൽവേ സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തുന്നത്.
ഇത് പലർക്കും ഉപകരിക്കുന്നില്ല എന്നു മാത്രമല്ല യാത്രാക്ലേശം വർധിപ്പിക്കുകയും ചെയ്യുന്നു. സ്പെഷൽ ട്രെയിനുകളിൽ ഭൂരിഭാഗവും കൃത്യസമയം പാലിക്കാറുമില്ല. ദീർഘദൂര സ്പെഷലുകളിൽ പാൻട്രി കാറുകൾ ഉൾപ്പെടുത്തിയിട്ടില്ല. പല ട്രെയിനുകളിലും ഭക്ഷണവും വെള്ളവും കിട്ടാക്കനിയാണ്.
ഓണത്തിരക്ക് ഒഴിവാക്കാൻ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സ്പെഷൽ ട്രെയിനുകൾ കോട്ടയം വഴിയും ആലപ്പുഴ വഴിയും ഓടിക്കണം. ദീർഘദൂര സ്പെഷൽ ട്രെയിനുകളും ഈ രണ്ട് റൂട്ട് വഴിയും സർവീസ് നടത്തണം. ഡൽഹി, മുംബൈ, കോൽക്കത്ത, ബംഗളൂരു എന്നിവിടങ്ങളിൽനിന്ന് സ്ലീപ്പർ കോച്ചുകളും ജനറൽ കോച്ചുകളും ഉൾപ്പെടുത്തി കൂടുതൽ ട്രെയിനുകൾ സർവീസ് നടത്തണം.
ഓണക്കാലത്തെ വിലക്കയറ്റം ഇക്കുറിയും മലയാളികളുടെ പോക്കറ്റടിക്കും എന്നതിന്റെ സൂചനകൾ വന്നുതുടങ്ങി. സപ്ലൈകോതന്നെ അരിയുടെയും പഞ്ചസാരയുടെയും വില കൂട്ടിക്കഴിഞ്ഞു. 27 രൂപയുണ്ടായിരുന്ന പഞ്ചസാരയുടെ വില 33 ആക്കി. മട്ട, കുറുവ അരിയുടെ വില മുപ്പതിൽനിന്ന് 33 രൂപയാക്കി. എന്നാൽ, 13 ഇനം സാധനങ്ങൾ സബ്സിഡി നിരക്കിൽ ഓണച്ചന്തകൾവഴി നൽകുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
കൺസ്യൂമർ ഫെഡ് 1,500 ഓണച്ചന്തകൾ തുറക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഓണച്ചന്തകളിൽ ഗുണമേന്മയുള്ള സാധനങ്ങൾ ആവശ്യത്തിന് എത്തിക്കുന്നതിൽ അധികൃതർ അതീവജാഗ്രത കാട്ടണം. പച്ചക്കറികൾക്കുണ്ടാകുന്ന വിലക്കയറ്റം നിരീക്ഷിച്ച് ഇടപെടൽ നടത്താനും കഴിയണം.
കൂടാതെ, ഗുണമേന്മയില്ലാത്തതും മായം കലർന്നതുമായ ഭക്ഷ്യവസ്തുക്കൾ വിപണിയിലേക്കു തള്ളിവിടാൻ തത്പരകക്ഷികളെ അനുവദിക്കരുത്. ഭക്ഷ്യസുരക്ഷാ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കർശനമായ നിരീക്ഷണം നടത്തണം. ഓണക്കാലം ചൂഷണത്തിനുള്ള അവസരമായി മാറരുത്.