സ്വാതന്ത്ര്യമില്ലെങ്കിൽ മാധ്യമങ്ങളെന്തിന്?
Wednesday, July 17, 2024 12:00 AM IST
ജനാധിപത്യത്തെയും മാധ്യമ സ്വാതന്ത്ര്യത്തെയുംകുറിച്ച് ഹൈക്കോടതികളും സുപ്രീംകോടതിയും സർക്കാരുകളെ ഇടയ്ക്കിടെ ഓർമിപ്പിക്കുന്നുണ്ട്. കാവൽക്കാരോട്
മാധ്യമസ്വാതന്ത്ര്യം ഇല്ലാതായാൽ ജനാധിപത്യത്തിന്റെ അന്ത്യത്തിനു കാരണമാകുമെന്ന് ഹൈക്കോടതി പറഞ്ഞു. ഒപ്പം, മറ്റൊരു ഓർമപ്പെടുത്തലുമുണ്ട്; വാർത്തകളിലെ ചെറിയ പിഴവുപോലും സ്വകാര്യതയെയും ഭരണഘടനാ അവകാശങ്ങളെയും ബാധിക്കുമെന്നതിനാൽ മാധ്യമപ്രവർത്തകർ അതീവജാഗ്രത പുലർത്തണം.
രണ്ടും പരസ്പരം വേർപെടുത്താവുന്നതല്ല. പക്ഷേ, മാധ്യമപ്രവർത്തകർക്ക് എല്ലാ പൗരന്മാർക്കുമുള്ള അഭിപ്രായസ്വാതന്ത്ര്യം മാത്രമാണുള്ളതെങ്കിൽ അവർക്കില്ലാത്ത അധികാരം സർക്കാരിനുണ്ട്; കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും. ജനാധിപത്യത്തിനു ക്ഷീണമുണ്ടാകുന്പോൾ മാത്രമേ ആ അധികാരം പൗരന്മാർക്കു ദൃശ്യമാകൂ. അപ്പോഴാണ് കോടതികൾ ഇടപെടുന്നത്.
ജയിലില്‍ കയറി തടവുകാരന്റെ മൊഴി റിക്കാർഡ് ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ "റിപ്പോർട്ടർ' ടിവിയിലെ രണ്ടു മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ കേസ് റദ്ദാക്കിയാണ് ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ പരാമര്‍ശം.
വാര്‍ത്ത ശേഖരിക്കണമെന്ന ലക്ഷ്യമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്നതെന്നും നിയമലംഘനത്തിന് ഉദ്ദേശ്യമില്ലായിരുന്നുവെന്നും വിലയിരുത്തിയ കോടതി, ഇത്തരമൊരു റിക്കാർഡിംഗ് നടന്നിട്ടില്ലെന്നതുംകൂടി കണക്കിലെടുത്ത് കേസ് റദ്ദാക്കി.
ചില ലക്ഷ്യങ്ങളിലേക്കെത്താന്‍ സ്റ്റിംഗ് ഓപ്പറേഷൻ പോലെ, മാധ്യമങ്ങള്‍ അവലംബിക്കുന്ന മാർഗങ്ങൾ നിയമത്തിന്റെ കണ്ണില്‍ ശരിയാകണമെന്നില്ല. വ്യക്തികളെ ലക്ഷ്യമിട്ടോ ദുരുദ്ദേശ്യപരമായോ ആണ് അതെങ്കിൽ നിയമത്തിന്റെ പിന്തുണ ലഭിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്, ലൈസൻസ് പുതുക്കിക്കിട്ടാത്തതിന്റെ പേരിൽ എത്ര ടിവി ചാനലുകൾ അടച്ചുപൂട്ടിയെന്ന് അറിയിക്കാൻ കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടത്. അവിടെ വിഷയം, എൻഡിഎ മുന്നണിയുടെ ഭാഗമായ ജെഡിഎസിന്റെ നേതാവ് പ്രജ്വൽ രേവണ്ണയുടെ കുപ്രസിദ്ധമായ ലൈംഗികാതിക്രമ കേസാണ്.
സംഭവത്തിന്റെ വിവരങ്ങൾ ആദ്യം പുറത്തുവിട്ട പവർ ടിവി, ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നത് എന്നാരോപിച്ച് പ്രതിഭാഗം കോടതിയെ സമീപിച്ചു. ഈ ഹർജിയും ചാനലിനു കേന്ദ്രസർക്കാർ നൽകിയ കാരണംകാണിക്കൽ നോട്ടീസും കണക്കിലെടുത്ത് കർണാടക ഹൈക്കോടതി ചാനലിന്റെ സംപ്രേഷണം തടഞ്ഞു.
ഇതിനെതിരേയുള്ള ഹർജിയിലാണ് ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തത്. സംഭവം രാഷ്ട്രീയ പകപോക്കലാണെന്നു നിരീക്ഷിച്ച ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ഇതുപോലെ ലൈസൻസ് പുതുക്കിക്കൊടുക്കാത്ത എത്ര ചാനലുകൾ ഉണ്ടെന്നാണ് കേന്ദ്രസർക്കാരിനോടു ചോദിച്ചത്.
ലൈസൻസ് പുതുക്കാത്ത ചാനലുകളുടെ പട്ടിക കേന്ദ്രസർക്കാർ സമർപ്പിച്ചാൽ, അതിൽ എത്രയെണ്ണം സർക്കാരിനെ അനുകൂലിക്കുന്നവയാണെന്ന് അറിയുന്നത് കൗതുകകരമായിരിക്കും.
മറിച്ച്, സർക്കാരിനെ എതിർക്കുന്നവയ്ക്കു മാത്രമാണ് ലൈസൻസ് നിഷേധിച്ചതെങ്കിൽ ഇഡിയുടെ അഴിമതിവിരുദ്ധതപോലെ, ഇതും ശത്രുനിഗ്രഹത്തിന്റെ ഹിറ്റ്ലിസ്റ്റാണെന്ന ആക്ഷേപമുണ്ടാകും. 2023 ഏപ്രിലിൽ മീഡിയവൺ ചാനലിനെതിരായ വിലക്ക് റദ്ദാക്കിയ വിധിയിൽ സുപ്രീംകോടതി പറഞ്ഞതും മാധ്യമസ്വാതന്ത്ര്യവും ജനാധിപത്യവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ചാണ്.
സർക്കാർ നയങ്ങളെ വിമർശിക്കുന്നത് സർക്കാർവിരുദ്ധതയാണെന്നു പറയുന്നതിന്റെ ധ്വനി മാധ്യമങ്ങൾ സർക്കാരിനെ പിന്തുണയ്ക്കണം എന്നാണെന്നും, ദേശസുരക്ഷയ്ക്കു ഭീഷണിയെന്നു വസ്തുതകളുടെ പിൻബലമില്ലാതെ പറയാനാകില്ലെന്നും കോടതി പറഞ്ഞു.
ഇങ്ങനെ ജനാധിപത്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയുംകുറിച്ച് ഹൈക്കോടതികളും സുപ്രീംകോടതിയും ആവർത്തിച്ച് ഓർമിപ്പിക്കേണ്ടിവരുന്നുണ്ട്. അത്തരം ആശങ്കകളുടെ രേഖയാണ് ഏറ്റവും പുതിയ ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയും.
അതിൽ ഇന്ത്യയുടെ സ്ഥാനം ദയനീയമാംവിധം 180ൽ 159-ാമതായിപ്പോയി. സ്വാതന്ത്ര്യമില്ലെങ്കിൽ മാധ്യമങ്ങളില്ല, സർക്കാർ ഭാഷ്യങ്ങളേയുള്ളൂ. കേന്ദ്രസർക്കാരിനെക്കുറിച്ചുള്ള വ്യാജവാർത്തകൾ കണ്ടെത്തുന്നതിന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) കീഴിൽ വസ്തുതാപരിശോധനാ യൂണിറ്റ് രൂപീകരിച്ച കേന്ദ്രസർക്കാരിന്റെ വിജ്ഞാപനം സുപ്രീംകോടതി സ്റ്റേ ചെയ്തത് ഇക്കഴിഞ്ഞ മാർച്ചിലാണ്.
മാധ്യമ-ഭരണകൂട പ്രവർത്തനങ്ങളിൽ ഭയത്തിന് എന്തെങ്കിലും സ്ഥാനമുണ്ടെങ്കിൽ, മാധ്യമങ്ങൾ സർക്കാരിനെയല്ല, സർക്കാർ മാധ്യമങ്ങളെ ഭയപ്പെട്ടുകൊള്ളട്ടെ. അതിനർഥം സർക്കാർ ജനാധിപത്യത്തിന്റെ നിയന്ത്രണത്തിലാണെന്നു മാത്രമേയുള്ളൂ; മറിച്ചായാൽ ജനാധിപത്യം അപകടത്തിലാണെന്നും.
എത്രയും വേഗം വാർത്തകൾ ലോകത്തെ അറിയിക്കാനുള്ള മത്സരത്തിൽ മാധ്യമങ്ങൾക്കു തെറ്റു പറ്റാനുള്ള സാധ്യതയുണ്ട്. അതേക്കുറിച്ചും, അത്തരമൊരവസരം കാത്തിരിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളെക്കുറിച്ചും മാധ്യമങ്ങൾക്ക് ജാഗ്രതയുണ്ടാകണം; പ്രത്യേകിച്ച് അധികാരത്തിലെ "വ്യക്തി ആധിപത്യങ്ങൾ' ജനാധിപത്യത്തെ ഭയപ്പെടുന്ന കാലത്ത്.