വശീകരണ രാഷ്ട്രീയം ജനാധിപത്യമല്ല
Tuesday, July 9, 2024 12:00 AM IST
ജനാധിപത്യത്തിന്റെ മേലങ്കിയണിഞ്ഞ് ഏകാധിപത്യവും പാർട്ടി സർവാധിപത്യവുമൊക്കെ തെരഞ്ഞെടുപ്പിൽ വിജയിച്ചു മുൻവാതിലിലൂടെത്തന്നെ കടന്നുവരുന്പോൾ മാർപാപ്പയുടെ
വാക്കുകൾ ചൂണ്ടിക്കാണിക്കുന്നത് ദുരന്തത്തെയാണ്. റോബർട്ട് ബ്രൗണിംഗിന്റെ ‘പൈഡ് പൈപ്പർ ഓഫ് ഹാമെലിൻ’ എന്ന നാടോടിക്കഥ യാഥാർഥ്യമായിരിക്കുന്നു.
സമ്മതിദായകരുടെ ഉദാസീനതയും നേതാക്കളുടെ പ്രീണന രാഷ്ട്രീയവും ഉൾപ്പെടെ, ക്ഷയിക്കുന്ന ജനാധിപത്യത്തെക്കുറിച്ചുള്ള ഫ്രാൻസിസ് മാർപാപ്പയുടെ മുന്നറിയിപ്പ് വസ്തുതകളിൽനിന്ന് ഉരുത്തിരിയുന്ന പ്രവചനമാണ്. എല്ലാ മനുഷ്യരെയും ഉൾക്കൊള്ളുന്നതും എല്ലാവർക്കും പങ്കാളിത്തമുള്ളതുമായ രാഷ്ട്രീയ സംവിധാനത്തിലേക്കു കടന്നുവരാൻ അതു ലോകത്തെ ആഹ്വാനം ചെയ്യുന്നു.
കുട്ടികളെ ജനാധിപത്യമൂല്യങ്ങൾ പഠിപ്പിക്കണമെന്ന നിർദേശം, വഴിതെറ്റിക്കുന്ന ആശയങ്ങളിൽനിന്നും നേതാക്കളിൽനിന്നും ഭാവിയെ മോചിപ്പിക്കാനാണ്. അധികാരഭ്രമത്തിന്റെ കുതിരക്കാലിൽ കെട്ടിവലിക്കപ്പെടുന്ന രാഷ്ട്രീയത്തെ തിരിച്ചറിയാൻ മാർപാപ്പയുടെ വാക്കുകൾ ഉപയുക്തമാക്കാവുന്നതാണ്.
ഇറ്റലിയിലെ ട്രിയെസ്റ്റിൽ കത്തോലിക്കാ സഭയുടെ സാമൂഹികകാര്യ സമ്മേളനത്തിൽ പ്രസംഗിക്കുന്പോഴാണ് മാർപാപ്പ ജനാധിപത്യത്തിന്റെ അപചയത്തെക്കുറിച്ചു പറഞ്ഞത്. ജനപ്രിയ രാഷ്ട്രീയത്തെയും കറപുരണ്ട ആശയങ്ങളെയും അദ്ദേഹം അപലപിച്ചതിങ്ങനെ: “ലോകത്തിന്റെ പല ഭാഗങ്ങളിലും ജനാധിപത്യം ക്ഷീണാവസ്ഥയിലാണ്. ഏതെങ്കിലും ഒരു വിഭാഗത്തെ പ്രീണിപ്പിക്കുന്നതും പക്ഷപാതപരവുമായ പ്രവർത്തനം രാഷ്ട്രീയക്കാർ അവസാനിപ്പിക്കണം. എളുപ്പമുള്ള പരിഹാരങ്ങളിലല്ല, പൊതുക്ഷേമത്തിലാണ് നാം ആകൃഷ്ടരാകേണ്ടത്.
വോട്ട് ചെയ്യാൻ പോകുന്നവരുടെ എണ്ണം കുറയുന്നത് എന്തുകൊണ്ടാണെന്നു ചിന്തിക്കണം. ജനാധിപത്യത്തിൽനിന്നു തങ്ങൾ പുറംതള്ളപ്പെട്ടെന്നു കരുതുന്ന പാവങ്ങളും ദുർബലരും സ്വയം പ്രതിരോധിക്കേണ്ട അവസ്ഥയിലാണ്. തിന്മയുടെ വ്യാപനം, അപമാനകരമായ ജീവിതം, തൊഴിൽ പ്രശ്നങ്ങൾ, കുടിയേറ്റക്കാരുടെ ദുരിതങ്ങൾ തുടങ്ങിയവയോട് നാം നിസംഗത പുലർത്തരുത്. പ്രത്യയശാസ്ത്രങ്ങൾ പ്രലോഭിപ്പിക്കുന്നവയാണ്. പക്ഷേ, അവ നിങ്ങളെ ആത്മനിരാസത്തിലേക്കു നയിക്കും.’’
വശീകരിക്കുന്ന ആശയങ്ങളും പക്ഷപാതപരമായ പ്രീണനങ്ങളും പ്രസംഗങ്ങളുമൊക്കെ ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനെ, റോബർട്ട് ബ്രൗണിംഗിന്റെ ‘പൈഡ് പൈപ്പർ ഓഫ് ഹാമെലിൻ’ എന്ന കഥയോടാണ് മാർപാപ്പ സാമ്യപ്പെടുത്തിയത്. എലിശല്യത്തിൽനിന്നു നാടിനെ രക്ഷിക്കാമെന്നു പറഞ്ഞെത്തിയ ഒരാളുടെ കഥയാണത്. എലികളെ കൂട്ടത്തോടെ വശീകരിച്ചു കൊണ്ടുപോയി കൊന്നുകളഞ്ഞ അയാൾ കൂലി കിട്ടാതായപ്പോൾ ആ നാട്ടിലെ കുട്ടികളെയെല്ലാം വശീകരിച്ചുകൊണ്ടുപോയി.
പിന്നീട് ആരും ആ കുട്ടികളെ കണ്ടിട്ടില്ല. അതിനർഥം, അയാൾ ആ നാടിന്റെ ഭാവി നശിപ്പിച്ചു എന്നാണ്. ഇതാണ് ഇന്നത്തെ പല നേതാക്കളും നടപ്പാക്കുന്നത്. വോട്ടിനുവേണ്ടി ഒരുവിഭാഗം ആളുകളെ പ്രീണിപ്പിക്കുകയും മറ്റു വിഭാഗങ്ങൾക്കെതിരേ ശത്രുത പരത്തുകയുമൊക്കെ ചെയ്യുന്ന സമകാലിക രാഷ്ട്രീയം രാജ്യത്തിന്റെ ഭാവിയെ വശീകരിച്ചുകൊണ്ടുപോയി നശിപ്പിക്കുകയാണെന്ന മുന്നറിയിപ്പ് അതിലുണ്ട്.
വോട്ട് ചെയ്യുന്നതിലുള്ള ഉദാസീനതയെക്കുറിച്ചുള്ള മാർപാപ്പയുടെ മുന്നറിയിപ്പ് ഇന്ത്യക്കും ബാധകമാണ്. 2019ലേതിലും വോട്ട് ശതമാനം ഇത്തവണ കുറഞ്ഞു. അതിലേറെയും മെട്രോ നഗരങ്ങളിലാണ് എന്നതും ശ്രദ്ധേയം. രാജ്യത്ത് പോളിംഗ് ശതമാനം ഏറ്റവും കുറവുള്ളതും നിരന്തരം കുറഞ്ഞുകൊണ്ടിരിക്കുന്നതുമായ 50 ലോക്സഭാ മണ്ഡലങ്ങളിൽ 17 എണ്ണവും മെട്രോ നഗരങ്ങളിലാണ്. തങ്ങൾ വോട്ട് ചെയ്താലും ഇവിടെയൊന്നും മാറാൻ പോകുന്നില്ലെന്ന അരാഷ്ട്രീയ ചിന്ത പ്രബലപ്പെടുന്നുണ്ട്. അയൽക്കാരന്റെ കാര്യത്തിലെന്നപോലെ സമൂഹത്തിന്റെ കാര്യത്തിലും താത്പര്യമില്ലാത്തവരുമുണ്ട്.
പുതിയ തലമുറയുടെ ഉദാസീനത കൂടുതൽ ഗൗരവമുള്ളതാണ്. ഇലക്ഷൻ കമ്മീഷൻ പുറത്തുവിട്ട വിവരങ്ങളനുസരിച്ച്, വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ പോലും യുവാക്കൾക്കു താത്പര്യമില്ല. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാമായിരുന്ന 18നും 19നും ഇടയിൽ പ്രായമുള്ളവരിൽ 40 ശതമാനം പോലും പട്ടികയിൽ പേരു ചേർത്തില്ല. രാജ്യതലസ്ഥാനമായ ഡൽഹിയിൽ 21 ശതമാനം മാത്രമാണ് പേരെഴുതിച്ചത്. ബിഹാറിൽ 17ഉം യുപിയിൽ 23ഉം മഹാരാഷ്ട്രയിൽ 27ഉം ശതമാനം! നമ്മുടെ സാക്ഷരകേരളത്തിൽ യോഗ്യതയുണ്ടായിട്ടും വോട്ടേഴ്സ് ലിസ്റ്റിൽ പേരു ചേർത്തത് വെറും 38 ശതമാനം. ബാക്കി 62 ശതമാനം എവിടെപ്പോയി എന്നത് നമ്മെ ചിന്തിപ്പിക്കേണ്ടതാണ്.
വിദേശത്തു പഠിക്കാൻ പോയവരെ ഒഴിവാക്കിയാലും സ്ഥിതി അപകടകരമാണ്. രാജ്യത്തിന്റെ ഭാവി നിർണയിക്കാൻ പുതിയ തലമുറ താത്പര്യം കാണിക്കുന്നില്ല. ചരിത്രവും പൗരധർമവും സാമൂഹികശാസ്ത്രവുമൊക്കെ പ്രഫഷണൽ കോഴ്സുകളുടെ മുന്നിൽ അപകർഷതാബോധത്തോടെയാണ് നിൽക്കുന്നത്. രസിപ്പിക്കുന്ന വാർത്തകളും വീഡിയോകളും മാത്രം കൊടുക്കുന്ന സോഷ്യൽ മീഡിയയിൽ ഭൂരിപക്ഷവും വ്യാപൃതരാകുന്പോൾ തുറന്നുപോലും നോക്കാതെ വീടുകളിൽ കിടക്കുന്ന പത്രങ്ങൾ വരാനിരിക്കുന്ന വിപത്താണ് തുറന്നുകാണിക്കുന്നുത്. ഈ രാജ്യത്തിന്റെ ഭാവിയെ ബാധിക്കുന്നതും അനുദിനം വേരറക്കുന്നതുമായ വിപത്തുകളൊന്നും അറിയാതിരിക്കുന്നത് തികഞ്ഞ അരാജകത്വമാണ്.
ലോകത്തെ ഏറ്റവും പരിഷ്കൃതമായ രാഷ്ട്രീയ സംവിധാനമാണ് ജനാധിപത്യം. അതിന്റെ മേലങ്കിയണിഞ്ഞ് ഏകാധിപത്യവും പാർട്ടി സർവാധിപത്യവുമൊക്കെ തെരഞ്ഞെടുപ്പിൽ വിജയിച്ച് മുൻവാതിലിലൂടെത്തന്നെ കടന്നുവരുന്പോൾ മാർപാപ്പയുടെ വാക്കുകൾ ചൂണ്ടിക്കാണിക്കുന്നത് ദുരന്തത്തെയാണ്. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ പ്രലോഭനങ്ങളെയും ചതിക്കുഴികളെയും അതിജീവിക്കാൻ ജനാധിപത്യം പരിഷ്കരിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യവും മനുഷ്യത്വവും പുരോഗതിയുമൊക്കെ കൈവരിക്കാൻ തത്കാലം മറ്റു മാർഗങ്ങളൊന്നും മാനവരാശിക്കു മുന്നിലില്ല.