കുട്ടികളെ ശിക്ഷിക്കാം, കുട്ടികൾക്കുവേണ്ടി
Saturday, July 6, 2024 12:00 AM IST
കാലം മാറി, വിദ്യാർഥി പഠിച്ചില്ലെങ്കിലും ക്ലാസിൽ വന്നില്ലെങ്കിലും കുറ്റങ്ങളിലേർപ്പെട്ടാലും മയക്കുമരുന്ന് ഉപയോഗിച്ചാലും പൊതുവെ അധ്യാപകർ ഇടപെടാറില്ല; സ്നേഹംകൊണ്ടല്ല, സ്വന്തം തടി കേടാകാതിരിക്കാൻ വേണ്ടിയാണ്.
കുട്ടികളെ ശാരീരികമായി ശിക്ഷിക്കാമോ ഇല്ലയോ എന്ന ചോദ്യം പുതിയതല്ല. 1979ൽ സ്വീഡനാണ് ലോകത്ത് ആദ്യമായി കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നതു നിരോധിച്ചത്. ഇന്നിപ്പോൾ ആ പട്ടികയിൽ 70 രാജ്യങ്ങളുണ്ട്. ഇന്ത്യയിൽ ബാലാവകാശ നിയമത്തിന്റെ 17(1) വകുപ്പനുസരിച്ച് കുട്ടികളെ മാനസികമായോ ശാരീരികമായോ ഉപദ്രവിക്കാനാവില്ല. ഇതിനെ വിശദീകരിക്കുകയും ഇത്തരം ചർച്ചകൾക്കു ദിശാബോധം നൽകുകയും ചെയ്യുന്ന വിധിയാണ് ഇപ്പോൾ ഹൈക്കോടതി നടത്തിയിട്ടുള്ളത്.
കുട്ടികളുടെ നന്മയും അച്ചടക്കവും ലക്ഷ്യമാക്കി അധ്യാപകര്‍ വിദ്യാര്‍ഥികളെ ശിക്ഷിക്കുന്നത് ക്രിമിനല്‍ കുറ്റമായി കരുതാനാകില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. അതായത്, ശിക്ഷാനടപടികൾക്ക് കോടതി ഉപാധി വച്ചിട്ടുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ കുട്ടികളെ ശിക്ഷിക്കാം, കുട്ടികൾക്കുവേണ്ടി. അധ്യാപകർ വിദ്യാർഥികളെ തല്ലുന്നതാണോ വിദ്യാർഥികൾ അധ്യാപകരെ തല്ലുന്നതാണോ കൂടുതൽ എന്നു സംശയിക്കേണ്ട കാലത്താണ് ഇത്തരമൊരു കേസ്.
വിദ്യാർഥികൾ സംഘടനകളുടെ പിൻബലത്തിൽ സഹവിദ്യാർഥികളെ മർദിക്കുന്നതും മരണശിക്ഷ വിധിക്കുന്നതുമൊക്കെ കേരളത്തിൽ ഇപ്പോൾ ‘രക്ഷാപ്രവർത്തനം’ എന്ന പേരിൽ നടക്കുന്നുമുണ്ട്. എന്തായാലും ഈ കേസ്, വിദ്യാർഥികളെ അധ്യാപകർ തല്ലാമോ എന്ന ചോദ്യമാണ് ഉന്നയിച്ചിട്ടുള്ളത്. ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ പെരുമ്പാവൂരിനടുത്ത് തോട്ടുവയിൽ എട്ടാംക്ലാസ് വിദ്യാർഥിനിയെ തല്ലിയ അധ്യാപകനെതിരേയുള്ള കേസിലെ നടപടികൾ റദ്ദാക്കിയാണ് ജസ്റ്റീസ് എ. ബദറുദ്ദീന്റെ ഉത്തരവ്.
മാര്‍ക്ക് കുറഞ്ഞതിന്റെ പേരിലോ സ്ഥാപനത്തിന്റെ അച്ചടക്കത്തിന്റെ ഭാഗമായോ ചുമതലപ്പെട്ട അധ്യാപകന് ഒരു വിദ്യാര്‍ഥിയെ ശിക്ഷിക്കുന്നത് ബാലനീതി നിയമത്തിന്റെ ലംഘനമല്ല. പക്ഷേ, നിബന്ധനകളുണ്ട്. വിദ്യാർഥിയുടെ ആരോഗ്യത്തെ ബാധിക്കുംവിധം മര്‍ദിക്കുന്നത് അധ്യാപകന്റെ അവകാശമായി കരുതാനോ അംഗീകരിക്കാനോ ആകില്ല. സാഹചര്യങ്ങളും ശിക്ഷയുടെ ആഴവും ഗൗരവവും കണക്കിലെടുത്തു മാത്രമേ ക്രിമിനല്‍ കുറ്റം നിര്‍ണയിക്കാനാകൂ. ഒരു ദുരുദ്ദേശ്യവുമില്ലാതെ, അധ്യാപകന് എന്ന നിലയില്‍ മാത്രം കുട്ടിയെ ശിക്ഷിച്ചതിന്റെ പേരില്‍ ക്രിമിനൽ കുറ്റം ചുമത്താനാവില്ലെന്നാണ് കോടതി പറഞ്ഞത്. ഈ മാനദണ്ഡങ്ങൾ കുടുംബങ്ങളിലും സ്വീകരിക്കാവുന്നതാണ്.
വിദ്യാർഥികളെ ശാരീരികമായി ശിക്ഷിക്കുന്നത് നിലവിൽ അത്യപൂർവമായിട്ടുണ്ട്. വിദ്യാർഥി പഠിച്ചില്ലെങ്കിലും ക്ലാസിൽ വന്നില്ലെങ്കിലും കുറ്റകൃത്യങ്ങളിലേർപ്പെട്ടാലും മയക്കുമരുന്ന് ഉപയോഗിച്ചാലും പൊതുവെ അധ്യാപകർ ഇടപെടാറില്ല. അത് സ്നേഹംകൊണ്ടല്ല, സ്വന്തം തടി കേടാകാതിരിക്കാൻ വേണ്ടിയാണ്. വീട്ടിൽ മക്കളെ വഴക്കു പറയുകയോ തല്ലുകയോ ചെയ്തിട്ടില്ലാത്ത മാതാപിതാക്കൾ അധ്യാപകനെതിരേ തിരിയും. സോഷ്യൽ മീഡിയയിലും മറ്റു മാധ്യമങ്ങളിലും വാർത്തയാകും. അധ്യാപകനു ജോലി വരെ നഷ്ടപ്പെട്ടേക്കാം.
മതവിദ്വേഷം വരെ ആരോപിച്ച് ചില സ്കൂളുകൾക്കെതിരേ ആളുകളെ ഇളക്കിവിട്ട സംഭവങ്ങളുമുണ്ട്. അതുകൊണ്ട്, പഠനത്തിനൊപ്പം സ്വഭാവരൂപവത്കരണം എന്ന ദൗത്യം അധ്യാപകർ ഉപേക്ഷിച്ചു. അതേസമയം, അധ്യാപകന്റെ കൈയിലേക്കു നിരുപാധികം വടി കൊടുക്കാൻ കോടതി തയാറായിട്ടുമില്ല. കാരണം, തന്റെ കോപമടക്കാൻ വിദ്യാർഥികളെ തല്ലുകയോ മർദിക്കുകയോ ചെയ്യുന്ന അധ്യാപകരുണ്ട്. ചില അധ്യാപകരുടെ മാനസിക വൈകല്യങ്ങൾ വിദ്യാർഥികളോടു തീർക്കും.
അതൊന്നും വിദ്യാർഥിക്കുവേണ്ടിയല്ല, അധ്യാപകനുവേണ്ടിയാണ്. വീടുകളിലും ഇതു സംഭവിക്കാറുണ്ട്. മദ്യത്തിനും മയക്കുമരുന്നിനും സ്വഭാവദൂഷ്യങ്ങൾക്കും അടിമകളായ മാതാപിതാക്കൾ മക്കളെ ക്രൂരമായി മർദിച്ച സംഭവങ്ങളുണ്ട്. അത്തരം കുറ്റവാളികളെയും കുട്ടികളുടെ നന്മയോർത്ത് ശിക്ഷിക്കുന്ന അധ്യാപകരെയും രണ്ടായി കാണണമെന്ന സന്ദേശമാണ് കോടതി നൽകിയിരിക്കുന്നത്.
മാൻ ആൻഡ് സൂപ്പർമാൻ എന്ന നാടകത്തിൽ ജോർജ് ബർണാഡ് ഷാ പറയുന്നുണ്ട്. “കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നത് നിയമത്തിന്റെ കൈകൾകൊണ്ടാകണമെന്നില്ല, മറ്റുള്ളവരുടെ കൈകൊണ്ടായിരിക്കാം.’’ നാട്ടുകാരുടെ തല്ലുകൊള്ളുകയും സമൂഹത്തിൽ നാശം വിതയ്ക്കുകയും ചെയ്യുന്ന കുറ്റവാളികളിൽ പലരും മാതാപിതാക്കളിൽനിന്നോ അധ്യാപകരിൽനിന്നോ ചെറുപ്പത്തിൽ ശിക്ഷ കിട്ടാതിരുന്നവരാണെന്നതിൽ സംശയമില്ല. ഒന്നോർത്താൽ മതി; നല്ലൊരു പൗരനെ സൃഷ്ടിക്കാനാകുന്നില്ലെങ്കിൽ ശിക്ഷ മാത്രമല്ല, ശിക്ഷാരാഹിത്യവും ദ്രോഹമായി മാറും.