മാറ്റത്തിന്റെ താക്കോലുകളാകട്ടെ ഈ മന്ത്രിസ്ഥാനങ്ങൾ
Monday, June 10, 2024 12:00 AM IST
സംസ്ഥാനത്തിന്റെ ഉന്നതിക്കും എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കാൻ സുരേഷ് ഗോപിക്കും ജോർജ് കുര്യനും കിട്ടിയ അവസരമാണ് മന്ത്രിസ്ഥാനങ്ങൾ. ഭാവിതലമുറ പിന്നോട്ടു നോക്കുന്പോൾ കേരളത്തിന്റെ പുരോഗതിയുടെ നാഴികക്കല്ലായ
രണ്ടു മഹാവ്യക്തിത്വങ്ങളായിരുന്നു നിങ്ങളെന്നു വിലയിരുത്താനിടയാകട്ടെ!
ഒരു ചായസത്കാരത്തിനുള്ള ക്ഷണവും തുടർന്ന് രണ്ടു മന്ത്രിമാരെയും നൽകിക്കൊണ്ട് കേരളത്തിന്റെ നെഞ്ചിൽതൊട്ട് മൂന്നാം മോദി സർക്കാർ അധികാരമേറ്റിരിക്കുന്നു. സംസ്ഥാനത്തുനിന്നു തെരഞ്ഞെടുക്കപ്പെട്ട ആദ്യ ബിജെപി ലോക്സഭാംഗമായി ചരിത്രം സൃഷ്ടിച്ച സുരേഷ് ഗോപിയും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനുമാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാരായിരിക്കുന്നത്.
അട്ടിമറി വിജയത്തിലൂടെ തൃശൂരിനെ എടുത്ത സുരേഷ് ഗോപിയെ മോദി മന്ത്രിസഭയിൽ എടുക്കുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. എന്നാൽ, ജോർജ് കുര്യനെ മന്ത്രിയാക്കിയ അപ്രതീക്ഷിത നീക്കത്തിലൂടെ ബിജെപി അതിന്റെ രാഷ്ട്രീയവും പ്രതിഫലിപ്പിക്കുന്നുണ്ടാകാം. അത് അവരുടെ കഴിവായി കണ്ടാൽ മതി. അതെന്തായാലും സംസ്ഥാനത്തിന്റെ ഉന്നതിക്കും എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കാൻ രണ്ടു നേതാക്കൾക്കു കിട്ടിയ അവസരമാണിത്.
ഭാവിതലുമുറ പിന്നോട്ടു നോക്കുന്പോൾ കേരളത്തിന്റെ പുരോഗതിയുടെ നാഴികക്കല്ലായ രണ്ടു മഹാവ്യക്തിത്വങ്ങളായിരുന്നു നിങ്ങളെന്നു വിലയിരുത്താനിടയാകട്ടെ!ഇന്നലെ രാവിലെ 10.30ന് പ്രധാനമന്ത്രി നേരിട്ടു ഫോണിൽ വിളിച്ചതിനെത്തുടർന്നാണ് 12.30 നുള്ള വിമാനത്തിൽ സുരേഷ് ഗോപി തിരുവനന്തപുരം ശാസ്തമംഗലത്തെ വീട്ടിൽനിന്നു കുടുംബസമേതം ഡൽഹിയിലേക്കു പുറപ്പെട്ടത്.
അദ്ദേഹം തീരുമാനിച്ചു താൻ അനുസരിക്കുന്നു എന്നാണ് മന്ത്രിസ്ഥാനത്തെക്കുറിച്ച് സുരേഷ് ഗോപി പറഞ്ഞത്. നേമം നിയമസഭാ മണ്ഡലത്തിൽനിന്ന് ഒ. രാജഗോപാൽ വിജയിച്ചശേഷമുള്ള ബിജെപിയുടെ കേരളത്തിലെ നേട്ടം സുരേഷ് ഗോപിയിലൂടെയായിരുന്നു. 2019ൽ സുരേഷ് ഗോപി ഏറ്റെടുക്കാൻ ശ്രമിച്ചെങ്കിലും തൃശൂർ മാറിനിന്നു.
പക്ഷേ, ഇത്തവണ സുരേഷ് ഗോപിയും തൃശൂരും പരസ്പരം ഏറ്റെടുത്തു. ബിജെപിയുടെ പ്രമുഖ നേതാക്കന്മാർക്കുപോലും അപ്രാപ്യമായ വിജയം അദ്ദേഹം കൈവരിച്ചത് മുക്കാൽ ലക്ഷത്തിനടുത്ത് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. രാഷ്ട്രീയത്തിനതീതമായ അദ്ദേഹത്തിന്റെ സമീപനവും സിനിമയിലൂടെ കൈവരിച്ച ജനകീയതയും സഹായമനസ്കതയുമൊക്കെ ബിജെപിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാൻ സഹായകമായ കാരണങ്ങളായി മാറി.
മോദിയെപ്പോലെതന്നെ ഇ.കെ. നായനാരും കെ. കരുണാകരനും തന്റെ ആരാധനാപാത്രങ്ങളാണെന്ന പറച്ചിലും വിവിധ മതങ്ങളുടെ ആരാധനാലയങ്ങളിലേക്കുള്ള വ്യത്യസ്തമായ കടന്നുവരവുമൊക്കെ ജനങ്ങളെ സ്വാധീനിച്ചു. ബിജെപിയുടെ മതരാഷ്ട്രീയത്തിനപ്പുറം സുരേഷ് ഗോപിയുടെ വിജയപാഠങ്ങളിലൂടെ കേരളത്തിന്റെ മനസിനെ തൊടാനുള്ള നീക്കമാണ് മോദി നടത്തിയിരിക്കുന്നത്.
മുന്പ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാനായിരുന്ന ജോർജ് കുര്യൻ നിലവിൽ പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. രണ്ടാമതൊരു മന്ത്രിസ്ഥാനം കേരളത്തിനുണ്ടെങ്കിൽ, അതു തിരുവനന്തപുരത്ത് ഒന്നാന്തരം മത്സരം കാഴ്ചവച്ച രാജീവ് ചന്ദ്രശേഖർ, മുൻ എംപി എ.പി. അബ്ദുള്ളക്കുട്ടി എന്നിവരായിരിക്കുമെന്ന് ഊഹാപോഹങ്ങളുണ്ടായിരുന്നെങ്കിലും ജോർജ് കുര്യൻ അനുമാനങ്ങളിൽ പോലുമുണ്ടായിരുന്നില്ല.
കോട്ടയം കാണക്കാരി സ്വദേശിയായ ജോർജ് കുര്യൻ കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെയായി ബിജെപിക്കൊപ്പമുണ്ട്. പാർട്ടിയുടെ ചുമതലകൾ വഹിക്കുന്നതിനിടെ മലയാളം ചാനലുകളിൽ ബിജെപി വക്താവായി പാർട്ടിക്കു പ്രതിരോധം തീർക്കാനും അദ്ദേഹമുണ്ടായിരുന്നു; പ്രത്യേകിച്ചും ക്രൈസ്തവരെ ബിജെപിയിൽനിന്ന് കൂടുതൽ അകറ്റിയ മണിപ്പുർ കലാപസമയത്ത് ഉൾപ്പെടെ.
ഫലമെന്തായാലും, ബുദ്ധിപൂർവമായ രാഷ്ട്രീയ തീരുമാനമാണ് സുരേഷ് ഗോപിക്കും ജോർജ് കുര്യനും കേന്ദ്രമന്ത്രിസ്ഥാനം നൽകിയതിലൂടെ മോദി എടുത്തിരിക്കുന്നത്. രാജ്നാഥ് സിംഗ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിര്മലാ സീതാരാമൻ, പീയുഷ് ഗോയൽ തുടങ്ങിയ പ്രമുഖരെ നിലനിർത്തിക്കൊണ്ടാണ് മൂന്നാം മന്ത്രിസഭ അധികാരമേറ്റിരിക്കുന്നത്. ഘടകകക്ഷികൾക്ക് പന്ത്രണ്ടും ബിജെപിക്ക് അതിന്റെ മൂന്നിരട്ടിയും മന്ത്രിമാരാണുള്ളത്.
സുരേഷ് ഗോപിയിലൂടെയും ജോർജ് കുര്യനിലൂടെയും അതിൽ കേരളവും ഉൾപ്പെട്ടിരിക്കുന്നു. മന്ത്രിസഭയിലും ബിജെപിയെന്ന പാർട്ടിയിലും കേരളത്തിന്റെ ശബ്ദമാകാനുള്ള നിയോഗവും രണ്ടു പേർക്കുമുണ്ട്. ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളോടു സംവദിക്കാനുള്ള ബിജെപിയുടെ ശ്രമംകൂടിയാണ് ഇപ്പോഴത്തേതെങ്കിൽ സ്വാഗതാർഹമാണ്.
പക്ഷേ, മന്ത്രിസ്ഥാനം അടിസ്ഥാനപരമായ മറ്റു പല പ്രശ്നങ്ങൾക്കും പകരമാവില്ലെന്നും തിരിച്ചറിയേണ്ടതുണ്ട്. അതിൽ മണിപ്പുരിലും ഉത്തരേന്ത്യയിലുമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ആക്രമിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളും അവരുടെ ഇനിയുമൊടുങ്ങാത്ത ആശങ്കകളുമുണ്ട്.
കഴിഞ്ഞ രണ്ടു ബിജെപി സർക്കാരിൽനിന്നു വിഭിന്നമായി തനിച്ചു ഭൂരിപക്ഷമില്ലാത്ത സ്ഥിതിയും കേരളത്തിന്റെ പ്രാതിനിധ്യവും വലിയ മാറ്റങ്ങൾക്കു തുടക്കമാകണം. അപ്രിയസത്യങ്ങൾ പറയുന്നവരെ വിവരദോഷികളെന്ന് ആക്ഷേപിച്ചു സായുജ്യമടയുന്ന കാലത്ത്, ജനവിധിയുടെ മുന്നറിയിപ്പുകൾ തിരിച്ചറിഞ്ഞ്, ജനാധിപത്യ-മതേതര ഇന്ത്യയുടെ കാവൽക്കാരാകാൻ മൂന്നാം മോദി സർക്കാരിനു കഴിയട്ടെ. മാറ്റത്തിന്റെ താക്കോലുകളാകട്ടെ സുരേഷ് ഗോപിയുടെയും ജോർജ് കുര്യന്റെയും മന്ത്രിസ്ഥാനങ്ങൾ. ആശംസകൾ!