നാലു വർഷ ബിരുദ കോഴ്സ്: നടത്തിപ്പിലും വേണം പരിഷ്കാരം
നാലു വർഷ ബിരുദകോഴ്സുകളുടെ അക്കാദമിക് കലണ്ടറും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ഇതു കലണ്ടർ പ്രകാരംതന്നെ നടത്താൻ കഴിഞ്ഞാൽ വരുംവർഷങ്ങളിൽ കൂടുതൽ വിദ്യാർഥികളെ ആകർഷിക്കാൻ ഈ പരിഷ്കാരത്തിനു കഴിഞ്ഞേക്കും.
തലച്ചോറുകൾ നാട്ടിൽനിന്നു ചോർന്നുപോകുന്നതിനു തടയിടാൻ ഒടുവിൽ സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസരംഗത്തു നിർണായകമായ ഒരു മാറ്റത്തിന് തയാറായിരിക്കുന്നു. പരന്പരാഗത മൂന്നു വർഷ കോഴ്സുകളിലാണ് ഈ വർഷം മുതൽ പരിഷ്കാരം വരുത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
മൂന്നു വർഷ ബിരുദ കോഴ്സുകളുടെ കാലാവധി നാലു വർഷമാക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം. അധികമായി ഒരു വർഷം പഠിക്കുകയെന്നതിനേക്കാൾ പുതിയ കാലത്തിന് അനുസൃതമായി കഴിവുകൾ വികസിപ്പിക്കാൻ അവസരമൊരുക്കുകയാണ് ഇതുവഴി ചെയ്യുന്നത്. വിവിധ അഭിരുചികളുള്ള വിദ്യാർഥികൾക്ക് ബിരുദപഠനത്തിനൊപ്പം ആ രംഗത്തും മികവു നേടാൻ സഹായിക്കുന്നതാണ് പരിഷ്കാരം.
പുതിയ കാലത്തെ അക്കാദമിക്-കരിയർ താത്പര്യങ്ങൾക്കനുസരിച്ചു സ്വന്തം ബിരുദ കോഴ്സ് രൂപകല്പന ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് ഇതുവഴി വിദ്യാർഥികൾക്കു ലഭ്യമാകുന്നത്. പരന്പരാഗത ബിരുദ കോഴ്സുകളോടുള്ള താത്പര്യം കുറെക്കാലമായി വിദ്യാർഥികൾക്കിടയിൽ കുറഞ്ഞുവരികയായിരുന്നു. ബിരുദം പൂർത്തിയാക്കാൻ മൂന്നു വർഷം ചെലവഴിച്ചാലും ഭേദപ്പെട്ട ഒരു ജോലി ലഭിക്കണമെങ്കിൽ മറ്റേതെങ്കിലും കോഴ്സുകളോ പരിശീലനമോ വീണ്ടും നേടേണ്ട അവസ്ഥയായിരുന്നു.
എന്നാൽ, ബിരുദ കോഴ്സ് സ്വന്തം അഭിരുചിക്കനുസരിച്ചുള്ള വിഷയങ്ങൾകൂടി കൂട്ടിച്ചേർത്തു പഠിക്കാമെന്നത് ഒരു പരിധിവരെ വിദ്യാർഥികൾക്ക് ഗുണം ചെയ്യും. അതുപോലെ മിടുക്കരായവർക്ക് രണ്ടര വർഷംകൊണ്ടുതന്നെ ബിരുദം പൂർത്തിയാക്കാൻ അവസരം കിട്ടും. റെഗുലർ പഠനത്തോടൊപ്പം മറ്റ് ഓൺലൈൻ കോഴ്സുകൾ ചെയ്യാനുള്ള അവസരമാണ് വിദ്യാർഥികൾക്കു പ്രയോജനം ചെയ്യുന്ന മറ്റൊരു പരിഷ്കാരം. ഇതോടൊപ്പം പരീക്ഷാരീതികളിലും മാറ്റങ്ങൾ വരുത്തുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
ജോലിസാധ്യതയുള്ള കോഴ്സുകൾ തേടി വിദ്യാർഥികൾ മറ്റു നാടുകളിലേക്കു പോകുന്നതിന് ഒരു പരിധിവരെ പരിഹാരമുണ്ടാക്കാൻ നമ്മുടെ വിദ്യാഭ്യാസരംഗത്ത് കൊണ്ടുവരുന്ന പരിഷ്കാരങ്ങൾ ഗുണം ചെയ്തേക്കും. അതേസമയം, ഇതു ഫലപ്രദമായി നടത്തിക്കാണിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വംകൂടി സർക്കാരിനുണ്ടെന്ന കാര്യം മറന്നുപോകരുത്.
പ്രഖ്യാപനങ്ങൾ എത്ര ആകർഷകമായാലും ഫലപ്രദമായ നടത്തിപ്പ് പലപ്പോഴും ബാലികേറാമലയാണെന്നതാണ് സംസ്ഥാനത്തെ അനുഭവം. യൂണിവേഴ്സിറ്റികൾ കാര്യക്ഷമമായി പ്രവർത്തിച്ചില്ലെങ്കിൽ ഈ പ്രഖ്യാപനങ്ങളൊക്കെ കടലാസിൽ ഉറങ്ങുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പരീക്ഷയും പരീക്ഷാഫല പ്രഖ്യാപനവും ഇഴയുന്നതു മൂലം മൂന്നു വർഷംകൊണ്ടു തീരേണ്ട കോഴ്സുകൾ മൂന്നരയും നാലും വർഷത്തേക്കുവരെ നീളുന്ന കഥകൾ പലവട്ടം നമ്മൾ കേട്ടിട്ടുണ്ട്.
യഥാസമയം ഫലം പ്രഖ്യാപിക്കാത്തതിനെത്തുടർന്ന് മറ്റു കോഴ്സുകൾക്കു ചേരാൻ കഴിയാതെ ഒരു വർഷം നഷ്ടമായവരുടെ രോദനങ്ങൾ എത്രയോ തവണ കേട്ടിരിക്കുന്നു. ഇത്തരം അനാസ്ഥകൾക്ക് ഒരു അവസാനമാണ് അടിയന്തരമായി ഉണ്ടാകേണ്ടത്.
ബിരുദം നാലു വർഷമാക്കുന്ന പരിഷ്കാരത്തിനൊപ്പം നടത്തിപ്പിലും ഉണ്ടാകണം പരിഷ്കാരം. നാലു വർഷ ബിരുദകോഴ്സുകളുടെ അക്കാദമിക് കലണ്ടറും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ഇതു കലണ്ടർ പ്രകാരംതന്നെ നടത്താൻ കഴിഞ്ഞാൽ വരുംവർഷങ്ങളിൽ കൂടുതൽ വിദ്യാർഥികളെ ആകർഷിക്കാൻ ഈ പരിഷ്കാരത്തിനു കഴിഞ്ഞേക്കും.
നാലു വർഷ ബിരുദമെന്ന പ്രഖ്യാപനം സർക്കാർ ആഘോഷമായി നടത്തിയെങ്കിലും കേരള, കണ്ണൂർ സർവകലാശാലകളിൽ ഇതു നടപ്പാക്കാൻ കഴിയുമോയെന്ന ആശങ്ക ഇതിനകം ഉയർന്നുകഴിഞ്ഞു. പിഎച്ച്ഡിയുള്ള ഡിഗ്രി കോളജ് അധ്യാപകർക്ക് ഗൈഡുമാരാകാനുള്ള അനുമതി ഈ സർവകലാശാലകൾ ഇനിയും നൽകാത്തതാണ് ആശങ്ക ഉയർത്തുന്നത്.
ഇതു പരിഹരിച്ചില്ലെങ്കിൽ ഈ സർവകലാശാലകളുടെ കീഴിലുള്ള കോളജുകളിൽ നാലു വർഷ ബിരുദ നടത്തിപ്പ് പ്രതിസന്ധിയിലാകും. ഇവിടങ്ങളിൽ ഈ വർഷം ബിരുദത്തിനു പഠിക്കാൻ ചേരുന്ന വിദ്യാർഥികൾക്ക് നാലു വർഷ ബിരുദത്തിന്റെ സുവർണാവസരം നഷ്ടമാകുകയും ചെയ്യും. നാലു വർഷത്തെ ബിരുദത്തിൽ ഏറ്റവും സാധ്യതയുള്ള ഘടകമാണ് ഓണേഴ്സ് വിത്ത് റിസർച്ച് അവസരം.
വിദ്യാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടണമെങ്കിൽ ഒരു ഡിപ്പാർട്ട്മെന്റിൽ പിഎച്ച്ഡി ഗവേഷണ ഗൈഡുമാരായി രണ്ടുപേർ വേണം. നിലവിൽ എല്ലാ കോളജുകളിലുംതന്നെ ഈ യോഗ്യതയുള്ള അധ്യാപകർ ഉണ്ടെങ്കിലും കേരള, കണ്ണൂർ സർവകലാശാലകൾ ഇക്കാര്യത്തിൽ ഇനിയും തീരുമാനമെടുത്തിട്ടില്ല.
ആയിരക്കണക്കിനു വിദ്യാർഥികൾക്ക് ഗുണകരമാകേണ്ട കാര്യത്തിലാണ് ഈ അനാസ്ഥ. ബിരുദപ്രവേശനത്തിന് ആഴ്ചകൾ മാത്രം ശേഷിച്ചിരിക്കെ തീരുമാനം നീട്ടിക്കൊണ്ടുപോകുന്നത് ഒട്ടും ഉചിതമല്ല. സങ്കുചിത താത്പര്യങ്ങൾ മാറ്റിവച്ച് വിദ്യാർഥിപക്ഷത്തുനിന്നു ചിന്തിക്കാൻ ഇനിയും നമ്മുടെ സർവകലാശാലകൾ എന്നു പഠിക്കും?