ഒളിച്ചുകളിയുടെ ബോണ്ട് ജനാധിപത്യത്തിനു വേണ്ട
Friday, February 16, 2024 12:00 AM IST
ഭരണകൂടങ്ങൾ വെട്ടിത്തെളിക്കുന്ന പിഴച്ച വഴികളിൽനിന്നു ജനാധിപത്യത്തെ മോചിപ്പിക്കുന്ന ദുഷ്കരമായ ദൗത്യങ്ങളിലൊന്ന് കോടതി സാധ്യമാക്കിയിരിക്കുന്നു. ശുദ്ധമായ കൈകളിൽനിന്നാണ് പണക്കിഴി കൈപ്പറ്റിയിട്ടുള്ളതെങ്കിൽ പേരു വെളിപ്പെടുത്താൻ രാഷ്ട്രീയ പാർട്ടികൾ മടിക്കേണ്ടതില്ല. ഒളിച്ചുകളിയുടെ ബോണ്ട് ജനാധിപത്യത്തിനു വേണ്ട.
അഴിമതിക്കും കള്ളപ്പണത്തിനുമെതിരേ നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുകയും അതേസമയം, നിഗൂഢകേന്ദ്രങ്ങളിൽനിന്നു രാഷ്ട്രീയ പാർട്ടികൾക്കു ലഭിക്കുന്ന സംഭാവനകളുടെ ഉറവിടം രഹസ്യമാക്കിവയ്ക്കുകയും ചെയ്യുന്ന കാപട്യത്തിനു തിരിച്ചടി. ഒന്നാം മോദിസർക്കാർ അവതരിപ്പിച്ച ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാവിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് വിധിച്ചിരിക്കുന്നത്.
ഭരണകൂടങ്ങൾ വെട്ടിത്തെളിക്കുന്ന പിഴച്ച വഴികളിൽനിന്നു ജനാധിപത്യത്തെ മോചിപ്പിക്കുന്ന ദുഷ്കരമായ ദൗത്യങ്ങളിലൊന്ന് കോടതി സാധ്യമാക്കിയിരിക്കുന്നു. ശുദ്ധമായ കൈകളിൽനിന്നാണ് പണക്കിഴി കൈപ്പറ്റിയിട്ടുള്ളതെങ്കിൽ പേരു വെളിപ്പെടുത്താൻ രാഷ്ട്രീയ പാർട്ടികൾ മടിക്കേണ്ടതില്ല. ഒളിച്ചുകളിയുടെ ബോണ്ട് ജനാധിപത്യത്തിനു വേണ്ട.
ഇലക്ടറല്‍ ബോണ്ടുകള്‍ വിവരാവകാശത്തിന്റെയും ഭരണഘടനയുടെ 19(1) (എ) അനുച്ഛേദത്തിന്റെയും ലംഘനമാണെന്നും രാഷ്ട്രീയ പാർട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകള്‍ അറിയാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുണ്ടെന്നും കോടതി വ്യക്തമാക്കി. കള്ളപ്പണം തടയുകയാണ് ലക്ഷ്യമെന്ന സർക്കാരിന്റെ വാദം കോടതി തള്ളി. വിവരാവകാശ ലംഘനമല്ലാതെ അതിനു വേറെയും മാർഗങ്ങളുണ്ടെന്നു കോടതി പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ലഭിച്ച ഇലക്ടറല്‍ ബോണ്ടുകളുടെ വിശദാംശങ്ങള്‍ സേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാര്‍ച്ച് ആറിനകം തെരഞ്ഞെടുപ്പ് കമ്മീഷനു നൽകണം. കമ്മീഷൻ 13നകം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും വേണം. ബോണ്ടുകളുടെ വിതരണം ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്, കോമണ്‍ കോസ് എന്നീ സംഘടനകളും സിപിഎമ്മും കോൺഗ്രസ് നേതാവ് ഡോ. ജയ ഠാക്കൂറുമാണ് കോടതിയെ സമീപിച്ചത്.
2018 ജനുവരി രണ്ടിനാണ് ഇലക്ടറൽ ബോണ്ടിലൂടെ സംഭാവന സ്വീകരിക്കാമെന്ന് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്. ഇതിനായി ഫോറിന് കോണ്ട്രിബ്യൂഷന് റെഗുലേഷന് ആക്ട്, റപ്രസെന്റേഷന്‍ ഓഫ് പിപ്പീള്‍സ് ആക്ട്, ഇന്‍കം ടാക്സ് ആക്ട്, കന്പനീസ് ആക്ട് എന്നിവ ഭേദഗതി ചെയ്തിരുന്നു. എസ്ബിഐയുടെ ശാഖകളിലൂടെ ഇന്ത്യക്കാരനായ വ്യക്തിക്കോ കമ്പനികള്‍ക്കോ തനിച്ചോ കൂട്ടായോ ബോണ്ടുകള്‍ വാങ്ങാം.
15 ദിവസത്തിനുള്ളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇതു പണമായി മാറ്റാനാകുമായിരുന്നു. അഴിമതിയെ നിയമവിധേയമാക്കുന്നതിനു തുല്യമായിരുന്നു ഭരണകൂടം ജനാധിപത്യത്തിന്റെ പേരിൽ നടത്തിയ ഈ ഒളിച്ചുകളി. പൊതുസമൂഹത്തിൽനിന്ന് ഏറെ എതിർപ്പുകൾ ഉണ്ടായെങ്കിലും ബിജെപി സർക്കാർ വഴങ്ങിയില്ല. വലിയ നേട്ടവും അവർക്കായിരുന്നു.
രാഷ്ട്രീയ പാർട്ടികൾക്കു കോർപറേറ്റുകളിൽനിന്നു ലഭിക്കുന്ന സംഭാവനകളിൽ 90 ശതമാനവും ബിജിെപിക്കായിരുന്നുവെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) റിപ്പോർട്ടിൽ പറയുന്നു.ആകെയുള്ള 850.438 കോടി രൂപയിൽ 719.85 കോടിയും ലഭിച്ചത് ബിജെപിക്കാണ്. കോൺഗ്രസിനു ലഭിച്ചത് 79.92 കോടി.
മൊത്തം സംഭാവനകളിൽ 80 ശതമാനമായിരുന്നു കോർപറേറ്റ് വിഹിതം. കോർപറേറ്റുകളിൽനിന്നു മാത്രമുള്ള 680.49 കോടിയിൽ 610.49 കോടിയും ലഭിച്ചത് ബിജെപിക്കാണ്. കോൺഗ്രസിന് 55.62 കോടി. ബിജെപിയുടെ കോർപറേറ്റ് വിഹിതം മറ്റെല്ലാ പാർട്ടികൾക്കുംകൂടി ലഭിച്ചതിന്റെ എട്ട് ഇരട്ടിയിൽ അധികമാണ്. ബോണ്ടിനോടുള്ള ബിജെപിയുടെ ആസക്തിയുടെ കാരണം ഇത്തരം കണക്കുകളിലുണ്ട്.
20,000 രൂപയ്ക്കു മുകളിലുള്ള 2022-23ലെ സംഭാവനകളെക്കുറിച്ചാണ് റിപ്പോർട്ട്. എന്നാൽ, ഇലക്ടറൽ ബോണ്ടുകളുടെ മൊത്തം കണക്കെടുത്താൽ 2022 -23ല്‍ മാത്രം ബിജെപിക്കു ലഭിച്ചത് 1300 കോടി രൂപയായിരുന്നുവെന്നാണ് മറ്റു ചില റിപ്പോർട്ടുകൾ പറയുന്നത്.
അധികാരത്തിലുള്ളവരോടും അധികാരത്തിലെത്താൻ ഇടയുള്ളവരോടുമുള്ള അതിസന്പന്നരുടെ ചങ്ങാത്തത്തിന്റെ ലക്ഷ്യം സർക്കാരിനെ വശത്താക്കുക എന്നതാവാം. കൊടുക്കുന്ന സംഭാവനയെക്കാളേറെ നേട്ടം പിന്നീട് ഉണ്ടാക്കാമെന്ന ചിന്ത ജനാധിപത്യത്തെ അട്ടിമറിക്കലാണ്. അതിനുള്ള കുറുക്കുവഴി അഞ്ചു വർഷത്തിനുശേഷം കോടതി അടച്ചിരിക്കുന്നു.
ബിജെപി സർക്കാരിന്റെ കള്ളപ്പണ-അഴിമതി വിരുദ്ധതയുടെ സുതാര്യത എന്നും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. എതിരാളികളുടെ അഴിമതിക്കാര്യത്തിൽ മാത്രം റെയ്ഡും അന്വേഷണവും നടത്തുകയും തങ്ങളോടൊപ്പം ചേർന്നാൽ അതൊക്കെ ഇല്ലാതാക്കുകയും ചെയ്യുന്നവർക്ക് ഇലക്ടറൽ ബോണ്ടിന്റെ അധാർമികത മനസിലായെന്നു വരില്ല.
പക്ഷേ, അഞ്ചംഗ ഭരണഘടനാബെഞ്ച് അതു തിരിച്ചറിഞ്ഞിരിക്കുന്നു. ഈ വിധി ചില രാഷ്ട്രീയ പാർട്ടികൾക്കെങ്കിലും ദോഷകരമായിരിക്കാം. പക്ഷേ, ജനാധിപത്യത്തിനു ഗുണകരമാണ്.