നികുതിക്കുള്ള നീതിയെങ്കിലും വ്യാപാരികൾക്കു കൊടുക്കണം
കർഷകരെപ്പോലെ ചെറുകിട-ഇടത്തരം വ്യാപാരികൾക്കും അതിജീവനത്തിനായി നിരന്തരം സമരത്തിലേർപ്പെടേണ്ടി വന്നിരിക്കുകയാണ്. സർക്കാർ ജോലിക്കും ആനുകൂല്യങ്ങൾക്കും കാത്തിരിക്കാതെ സ്വയം തൊഴിൽ കണ്ടെത്തുന്ന വ്യാപാരികൾ സർക്കാരിന്റെ സാമൂഹികക്ഷേമ പ്രവർത്തനങ്ങളെ അത്രയും എളുപ്പമാക്കുകയും തൊഴിലില്ലായ്മയെ ഒരു പരിധിവരെ പരിഹരിക്കുകയും ചെയ്യുകയാണ്. അതോർത്തെങ്കിലും അവരുടെ ആവശ്യങ്ങൾ അംഗീകരിച്ച് ഈ മേഖലയിൽ തുടരാനുള്ള അവസരമുണ്ടാക്കണം.
കർഷകരുടെയും ചെറുകിട-ഇടത്തരം വ്യാപാരികളുടെയും സാന്പത്തികത്തകർച്ചയിൽ പ്രതിഫലിക്കുന്നത് സർക്കാർ നയങ്ങളുടെ വൈകല്യങ്ങൾ മാത്രമല്ല, ജനവിരുദ്ധതയുമാണ്. കാരണം, ജനങ്ങളിൽ ബഹുഭൂരിപക്ഷവും ഈ വിഭാഗങ്ങളിൽ പെട്ടവരാണ്.
അവരുടെ ഉന്നതിക്കുവേണ്ടി നിയമങ്ങൾ മാറ്റിയെഴുതാനായില്ലെങ്കിൽ രാജ്യപുരോഗതിയിൽനിന്ന് മഹാഭൂരിപക്ഷം സാധാരണക്കാരെ ഒഴിവാക്കുകയാണെന്നു കരുതേണ്ടിവരും. കർഷകരെപ്പോലെ ചെറുകിട-ഇടത്തരം വ്യാപാരികൾക്കും അതിജീവനത്തിനായി നിരന്തരം സമരത്തിലേർപ്പെടേണ്ടി വന്നിരിക്കുകയാണ്.
അതിന്റെ തുടർച്ചയായിരുന്നു വ്യാപാരി വ്യവസായി ഏകോപനസമിതി നടത്തിയ വ്യാപാര സംരക്ഷണയാത്ര. സർക്കാർ ജോലിക്കും ആനുകൂല്യങ്ങൾക്കും കാത്തിരിക്കാതെ സ്വയം തൊഴിൽ കണ്ടെത്തുന്ന വ്യാപാരികൾ സർക്കാരിന്റെ സാമൂഹികക്ഷേമ പ്രവർത്തനങ്ങളെ അത്രയും എളുപ്പമാക്കുകയും തൊഴിലില്ലായ്മയെ ഒരു പരിധിവരെ പരിഹരിക്കുകയും ചെയ്യുകയാണ്. അതോർത്തെങ്കിലും അവരുടെ ആവശ്യങ്ങൾ അംഗീകരിച്ച് ഈ മേഖലയിൽ തുടരാനുള്ള അവസരമുണ്ടാക്കണം.
മാലിന്യ നിർമാർജനം, ജിഎസ്ടി, ഓൺലൈൻ വ്യാപാരത്തിന്റെ കടന്നുകയറ്റം, കെട്ടിടനികുതി, ലൈസൻസ് ഫീസ്, ബാങ്കുകളുടെ അമിത ചാർജുകൾ, റോഡ് വികസനം തുടങ്ങിയവ സംബന്ധിച്ച 29 ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് വ്യാപാരികൾ പ്രതിഷേധിച്ചത്. വൻകിട കുത്തകമാളുകളും ഓൺലൈൻ വ്യാപാരവും ചെറുകിട-ഇടത്തരം വ്യാപാരത്തിനു വലിയ ആഘാതമായിരിക്കുകയാണ്.
സംസ്ഥാനത്തെ പണം ഇതര സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും ഒഴുകുകയാണ്. നമ്മുടെ വ്യാപാരികൾക്കു പണം കിട്ടിയാൽ അതിലേറെയും ഇവിടെത്തന്നെ ചെലവഴിക്കപ്പെടുകയും സംസ്ഥാനത്തിന്റെ സാന്പത്തികാവസ്ഥയ്ക്കു സഹായകമാവുകയും ചെയ്യും. മാളുകൾ നഗരങ്ങളിൽ മാത്രമല്ല ഉൾനാടുകളിലേക്കും കടന്നെത്തി പ്രാദേശിക വ്യാപാരങ്ങളെ തകർത്ത് ഗ്രാമീണ സന്പദ്ഘടനയിൽ പരിക്കേൽപ്പിക്കുകയാണ്.
നമ്മുടെ പരന്പരാഗത കച്ചവടക്കാർ അനുഭവിക്കുന്ന ഇത്തരം പ്രതിസന്ധികൾ പലതും സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലല്ലെന്നുള്ളതാണ് വാസ്തവം. ഓൺലൈൻ വ്യാപാരം ഉൾപ്പെടെ പലതും ഇനിയൊട്ടു തടയാനാവില്ലെങ്കിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്താവുന്നതാണ്. 2014ൽ ഓൺലൈൻ വ്യാപാരം ഒരു ശതമാനത്തിൽ താഴെയായിരുന്നെങ്കിൽ ഇപ്പോഴതു 16 ശതമാനത്തിനു മുകളിലായി.
ഇനിയുള്ള കാലം അതു വർധിക്കുകയേയുള്ളൂ. മാളുകളുടെയും ഓൺലൈൻ വ്യാപാരത്തിന്റെയും വളർച്ച പരന്പരാഗത വ്യാപാരത്തിന്റെ തകർച്ചയാണെന്ന തിരിച്ചറിവോടെ സർക്കാരുകൾ നയങ്ങൾ രൂപീകരിച്ചില്ലെങ്കിൽ ലക്ഷക്കണക്കിനു വ്യാപാരികളും തൊഴിലാളികളും അവരുടെ കുടുംബങ്ങളും വഴിയാധാരമാകും.
കോവിഡ് കാലത്തെ ലോക്ഡൗണിന്റെ ഫലമായുണ്ടായ സാന്പത്തിക പരാധീനതകൾ ഇപ്പോഴും തീർന്നിട്ടില്ല. ബാങ്കുകൾ നൽകുന്ന വായ്പയുടെ ഉയർന്ന പലിശനിരക്കും സർവീസ് ചാർജുകളും കച്ചവടക്കാരെ വലയ്ക്കുന്നുണ്ട്. അതിസന്പന്നരുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു പരിഹാരമുണ്ടാക്കുന്ന സർക്കാരുകളും വൻ വായ്പകൾ എഴുതിത്തള്ളുന്ന ബാങ്കുകളുമൊക്കെ ചെറുകിട സംരംഭകരെ തിരിഞ്ഞുനോക്കുന്നില്ല.
ഈടില്ലാത്ത വായ്പകള്‍ നല്കുന്നതില് റിസര്‍വ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ പരസ്പര ജാമ്യത്തില്‍ വ്യാപാരികൾക്കു ലഭ്യമായിരുന്ന ചെറുവായ്പകളും ഇല്ലാതായി. പലിശ സബ്സിഡിയുള്ള വായ്പകൾ വ്യാപാരികൾക്കും നൽകണമെന്ന ആവശ്യം ഏറെ നാളായി അവർ ഉന്നയിക്കുന്നതാണ്.
കാർഷിക മേഖലയുടെ തകർച്ചയും കർഷകരുടെ വാങ്ങൽശേഷി കുറഞ്ഞതും കച്ചവടത്തെ ബാധിച്ചിട്ടുണ്ട്. ഇതെല്ലാം പരസ്പരബന്ധിതമാണെന്നു തിരിച്ചറിഞ്ഞുകൊണ്ടുള്ള പരിഹാരങ്ങളാണ് സർക്കാർ ആലോചിക്കേണ്ടത്. മറ്റൊരു വരുമാനവും ഇല്ലാത്തവരും സാന്പത്തിക ബാധ്യതകളും വായ്പകളുംമൂലം കച്ചവടം ഉപേക്ഷിച്ചുപോകാൻ കഴിയാത്തവരുമാണ് കട അടച്ചുപൂട്ടാത്തവരിലേറെയും.
വ്യാപാരിസമൂഹത്തിന്റെ പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കാമെന്നു സർക്കാർ സമ്മതിച്ചത് സ്വാഗതാർഹമാണ്. പക്ഷേ, നിയോഗവും പഠനവും പരിഹാരവും സമയബന്ധിതമല്ലെങ്കിൽ താത്കാലിക രക്ഷപ്പെടൽ എന്നതിനപ്പുറം ഒരു കാര്യവുമില്ല. വ്യാപാരികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ അതിനായൊരു വകുപ്പ് വേണമെന്ന ന്യായമായ ആവശ്യം നടപ്പാക്കാൻ വൈകരുത്.
ഒരു ദിവസം കടയടച്ചപ്പോൾ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് വ്യാപാര സ്ഥാപനങ്ങളുടെ പ്രാധാന്യത്തെ ഓർമിപ്പിക്കുന്നു. ഒരു ദിവസത്തെ വരുമാനംപോലും പല കച്ചവടക്കാർക്കും ഒഴിവാക്കാനാവാത്തതാണെങ്കിലും അതിനു മുതിരുന്നത് ഗതികേടുകൊണ്ടാണ്. അടിസ്ഥാന ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താൻ വീണ്ടുമൊരു കടയടപ്പിനു സർക്കാർ വഴിയൊരുക്കരുത്. അവർ സർക്കാരിനു നൽകുന്ന നികുതിക്കുള്ള നീതിയെങ്കിലും ഉറപ്പാക്കണം.