വികസനപദ്ധതികൾ നടപ്പാക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സാമൂഹ്യക്ഷേമപദ്ധതികൾ നടപ്പാക്കുക തുടങ്ങിയവയൊക്കെയാണ് ഏതൊരു സർക്കാരിന്റെയും പ്രാഥമിക കടമ. എന്നാൽ, ഇതെല്ലാം നൽകുന്നത് വലിയ ഔദാര്യമാണെന്നു വരുത്തിത്തീർക്കാനുള്ള
ഒരു ശ്രമം അടുത്തകാലത്തായി വല്ലാതെ കൂടിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇക്കാര്യത്തിൽ മത്സരിക്കുകയും ചെയ്യുന്നു.
കേരളത്തിനു കിട്ടേണ്ട കേന്ദ്ര ധനവിഹിതം സംബന്ധിച്ച് കുറച്ചു ദിവസങ്ങളായി കേന്ദ്ര-സംസ്ഥാന മന്ത്രിമാർ വലിയ ഏറ്റുമുട്ടലിലാണ്. കേന്ദ്രസഹമന്ത്രി വി. മുരളീധരനും സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാലും കണക്കുകൾ നിരത്തിയാണ് പോരടിക്കുന്നത്.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായിരിക്കേ അതിനു പരിഹാരമുണ്ടാക്കാനുള്ള വഴികളാലോചിക്കാതെ നിങ്ങൾ നടത്തുന്ന ഈ വാക്പോര് ആരുടെ കണ്ണിൽ പൊടിയിടാനാണ്? രാഷ്ട്രീയവൈരത്തിന്റെ പേരിൽ സംസ്ഥാനത്തിന്റെ വികസനം മുടക്കാൻ മാത്രമേ ഇത്തരം ചക്കളത്തിപ്പോരാട്ടങ്ങൾ വഴിവയ്ക്കൂ.
ഉപഭോഗസംസ്ഥാനമായ കേരളത്തിന് തനതു നികുതിവർധനയ്ക്കു പരിമിതിയുണ്ടെന്നത് യാഥാർഥ്യമാണ്. ജിഎസ്ടി നിലവിൽ വന്നപ്പോൾ ഉണ്ടായ വരുമാനനഷ്ടവും ചെറുതല്ല. അതിനനുസരിച്ച് കേന്ദ്രസഹായം കിട്ടുന്നില്ല എന്ന സംസ്ഥാനത്തിന്റെ വാദത്തിൽ കഴമ്പുണ്ട്. കേന്ദ്രത്തിലെ ബിജെപി സർക്കാർ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളോടു പ്രീണനം കാട്ടുന്നെന്നും കേരളത്തെ അവഗണിക്കുന്നെന്നുമുള്ള ആരോപണവും പരിശോധിക്കപ്പെടണം.
രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ആരോപണ -പ്രത്യാരോപണങ്ങളിൽ സംസ്ഥാനത്തെ സാമാന്യജനത്തിന് ഒട്ടും താത്പര്യമില്ലെന്നു നിങ്ങൾ ഇരുകൂട്ടരും മനസിലാക്കുക. സംസ്ഥാനത്തിന്റെ വികസനത്തിനും ക്ഷേമപദ്ധതികൾക്കുമുള്ള പണം ഉണ്ടാകണമെന്നതാണ് ജനങ്ങളുടെ ആവശ്യം.
കേരളത്തിന് കേന്ദ്രസർക്കാർ നൽകാനുള്ള പണമെല്ലാം നൽകിക്കഴിഞ്ഞെന്നാണ് കേന്ദ്രമന്ത്രി വി. മുരളീധരൻ പറയുന്നത്. എത്ര കുടിശിക തരാനുണ്ട്, ഏതൊക്കെ ഫണ്ട് തടഞ്ഞുവച്ചിരിക്കുന്നു തുടങ്ങിയ കാര്യങ്ങളിൽ ധവളപത്രം ഇറക്കാൻ മുഖ്യമന്ത്രിയും ധനമന്ത്രിയും തയാറുണ്ടോയെന്നും മുരളീധരൻ ചോദിക്കുന്നു.
നെല്ലുസംഭരണത്തിൽ മാർച്ചിൽ കുടിശികയായ 170 കോടി ഉൾപ്പെടെ ഒന്നാം വിളയുടെ 378 കോടി രൂപ കേന്ദ്രം നൽകി. നെല്ലിന്റെ താങ്ങുവില 1.43 രൂപ കേന്ദ്രം വർധിപ്പിച്ചു. അതനുസരിച്ച് കേരളത്തിലെ കർഷകർക്ക് 29.63 രൂപ കിട്ടണം. എന്നാൽ, 28.20 മാത്രമാണ് കർഷകർക്ക് സംസ്ഥാനം ഇപ്പോഴും നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, അർഹമായ നികുതിവിഹിതം നൽകാതെ കേന്ദ്രം സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്നുവെന്നാണ് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറയുന്നത്. മുമ്പ് ധനകമ്മീഷൻ നികുതിവിഹിതമായി തന്നിരുന്ന 3.9 ശതമാനം ഇപ്പോൾ വെട്ടിക്കുറച്ച് 1.9 ശതമാനമാക്കി. ഉത്തർപ്രദേശിന് 18 ശതമാനം നൽകി. കേന്ദ്രം പിരിക്കുന്ന പണത്തിന്റെ 64 ശതമാനവും സംസ്ഥാനങ്ങളിൽനിന്നാണെന്നും ബാലഗോപാൽ ചൂണ്ടിക്കാട്ടുന്നു.
നെല്ലു സംഭരണത്തിൽ കേരളത്തിന് കേന്ദ്രം 2017-18 മുതൽ 2023-24 വരെ 790.82 കോടി രൂപ നൽകാനുണ്ടെന്നാണ് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ ഇന്നലെ വാർത്താക്കുറുപ്പിൽ അറിയിച്ചത്. ജനങ്ങൾ ആകെ ആശയക്കുഴപ്പത്തിലാണ്; ആരെയാണു വിശ്വസിക്കുക.
വികസനപദ്ധതികൾ നടപ്പാക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സാമൂഹ്യക്ഷേമപദ്ധതികൾ നടപ്പാക്കുക തുടങ്ങിയവയൊക്കെയാണ് ഏതൊരു സർക്കാരിന്റെയും പ്രാഥമിക കടമ. എന്നാൽ, ഇതെല്ലാം നൽകുന്നത് വലിയ ഔദാര്യമാണെന്നു വരുത്തിത്തീർക്കാനുള്ള ഒരു ശ്രമം അടുത്തകാലത്തായി വല്ലാതെ കൂടിയിട്ടുണ്ട്.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇക്കാര്യത്തിൽ മത്സരിക്കുകയും ചെയ്യുന്നു. യുവജനങ്ങൾ പഠിച്ചു പരീക്ഷയെഴുതി നേടുന്ന സർക്കാർ ജോലിപോലും കൊട്ടിഘോഷിച്ച് വിതരണം ചെയ്യുന്നത് എന്തൊരപഹാസ്യമാണ്. രാജ്യത്ത് ഇതുവരെ ഇല്ലാതിരുന്ന ഒരു സംസ്കാരമാണ് ഈ തൊഴിൽമേളകൾ.
ഇത്തരത്തിൽ എന്തിലും രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ഭരണാധികാരികൾ വെമ്പൽകൊള്ളുന്നതിന്റെ ബാക്കിപത്രംകൂടിയാണ് കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ അവകാശവാദങ്ങൾ. നാട്ടിൽ നടക്കുന്ന വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിഹിതം പൊതുജനമറിയേണ്ടതുതന്നെയാണ്. എന്നാൽ, അതിന്റെ പേരിൽ പരസ്പരം പോരടിക്കുന്നത് എന്തിനാണ്? ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതാണ് ഇത്തരം അവകാശവാദങ്ങൾ പെരുകാൻ കാരണം.
മന്ത്രിമാർ ഭരണകർത്താക്കളാണെന്നും കേവലം രാഷ്ട്രീയ നേതാക്കൾ മാത്രമല്ലെന്നും മറക്കരുത്. ജനങ്ങൾ എല്ലാം കാണുന്നുണ്ട്. നിങ്ങൾ പറയുന്നതിലെ അവാസ്തവങ്ങളും യാഥാർഥ്യവും തിരിച്ചറിയാൻ അവർ പ്രാപ്തരുമാണ്. നിലനിൽപ്പിനുവേണ്ടി തെറ്റായ കാര്യങ്ങൾ പറഞ്ഞാൽ മന്ത്രിസ്ഥാനത്തിന്റെ മഹത്വമാണ് നഷ്ടമാകുന്നത്.
കേരളത്തെ കേന്ദ്രം ഞെരുക്കുന്നുണ്ടെങ്കിൽ അക്കാര്യം കൃത്യതയോടെ വിശദീകരിക്കാൻ സംസ്ഥാന സർക്കാരിനു ബാധ്യതയുണ്ട്. സംസ്ഥാന സർക്കാർ ഉന്നയിക്കുന്ന പരാതികളിൽ കഴമ്പുണ്ടോയെന്നു കേന്ദ്രം പരിശോധിക്കുകയും വേണം. ഇരുകൂട്ടരും അതു ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം. അല്ലാതെ തെരുവിലെ വാക്പോര് ആർക്കും ഗുണംചെയ്യില്ല. നിങ്ങളിരിക്കുന്ന സ്ഥാനത്തിനു കളങ്കമേ ഉണ്ടാക്കൂ.