"ഗാന്ധിസമരം' തുടരാതെ വയ്യ
പട്ടണങ്ങളിലെ കുടിയേറ്റക്കാരായ ഗ്രാമീണരാണ് കോവിഡ് ലോക്ഡൗൺ കാലത്ത് വിശപ്പും ദാഹവും സഹിച്ച് നൂറുകണക്കിനു കിലോമീറ്ററുകൾ കാൽനടയായി മടങ്ങിയത്. ഗ്രാമങ്ങളിൽ മടങ്ങിയെത്തിയപ്പോഴും കടയിൽപോയി സാധനങ്ങൾ വാങ്ങാൻ അവരുടെ കൈയിൽ ഒന്നുമില്ലായിരുന്നു. ജിഡിപി അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തിയില്ല. കാരണം അത് രാജ്യത്തിന്റേതാണ്; അവരുടേതല്ല.
ഇന്നു ഗാന്ധി ജയന്തിയാണ്. അദ്ദേഹത്തിന്റെ ആദർശങ്ങളെ ഭയപ്പെടുന്നവരും അദ്ദേഹത്തിന്റെ പ്രതിമകളെ ആദരിക്കുന്ന ദിവസം. ഗാന്ധിദർശങ്ങളെ എതിർക്കുന്നവരും അവ അപ്രായോഗികമാണെന്ന് പറയുന്നവരുമുണ്ട്. മറ്റു ചിലരാകട്ടെ കാലങ്ങളായി അദ്ദേഹത്തിന്റെ ഘാതകനെയാണ് ആദരിക്കുന്നത്. എന്നിട്ടും, ജനകോടികളുടെ ഹൃദയത്തിൽനിന്നും ചിന്തകളിൽനിന്നും അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. എത്ര വെടിയേറ്റാലും തോക്കെടുക്കാത്ത ആശയത്തിന്റെ വക്താവ് ഹിംസയുടെ കാലത്ത് ഒരാദർശം മാത്രമല്ല, ആശ്വാസവുമാണ്.
ഗാന്ധിജിയുടെ മഹത്വം അദ്ദേഹത്തിന്റെ വിശ്വാസപ്രമാണങ്ങളാൽ മാത്രമല്ല, വ്യത്യസ്ത വിശ്വാസ പ്രമാണങ്ങളിലും മതങ്ങളിലും ജാതി-സവർണ ചിന്തകളിലും ദാരിദ്ര്യത്തിലും അടിമത്തത്തിലും ജീവിച്ചിരുന്ന ഒരു ജനതയെ സ്വാതന്ത്ര്യസമരമെന്ന ഒരൊറ്റ പാതയിൽ അണിനിരത്തി സാമ്രാജ്യത്വത്തിന്റെ ബ്രിട്ടീഷ് കോട്ടയിലേക്കു മാർച്ച് ചെയ്യിച്ചു എന്നതുമാണ്. ചരിത്രത്തിൽ മറ്റെവിടെയാണ് അങ്ങനെ സംഭവിച്ചിട്ടുള്ളത്? കടുത്ത വിയോജിപ്പുള്ളവർക്കും അർധനഗ്നനായ ആ ഫക്കീറിന്റെ ആഹ്വാനം കേട്ടില്ലെന്നു നടിക്കാനായില്ല. അതായിരുന്നു ഗാന്ധി. അദ്ദേഹത്തിന്റെ രാഷ്ട്രീയം കെട്ടിപ്പടുത്തത് മൂല്യാധിഷ്ഠിത വ്യക്തിജീവിതത്തിൽനിന്നാണ്.
അദ്ദേഹത്തിന്റെ എതിർപ്പ് അധികാരികളായിരുന്ന ബ്രിട്ടീഷുകാരിൽ ഒതുങ്ങിയിരുന്നുമില്ല. 1909ൽ ഹിന്ദ് സ്വരാജിൽ ഗാന്ധിജി എഴുതി: ""ഇംഗ്ലീഷുകാർ പിൻവാങ്ങുന്പോൾ, ഇന്ത്യൻ രാജാക്കന്മാരുടെ ചവിട്ടടിയിൽ കിടന്ന് ജനങ്ങൾ ഞെരിയാൻ അനുവദിക്കുന്നതിന് എന്റെ ദേശസ്നേഹം അനുവദിക്കുന്നില്ല. എനിക്ക് ശക്തിയുണ്ടെങ്കിൽ, ഇംഗ്ലീഷുകാരുടെ ജനമർദനത്തെ ചെറുക്കുന്നതുപോലെതന്നെ ഇന്ത്യൻ രാജാക്കന്മാരുടെ ജനമർദനത്തെയും ചെറുക്കും.
ദേശസ്നേഹം എന്നാൽ ഞാൻ മനസിലാക്കുന്നത് മുഴുവൻ ജനങ്ങളുടെയും ക്ഷേമമാണ്.'' വരാനിരിക്കുന്ന രാജാക്കന്മാരെ അദ്ദേഹം മുൻകൂട്ടി കണ്ടു. ദേശസ്നേഹം ക്ഷേമത്തിന്റെയല്ല, ഭയപ്പെടുത്തലിന്റെ ആക്രോശമായി മാറി. ന്യൂനപക്ഷങ്ങളും ദരിദ്രരും ദളിതരും ആദിവാസികളുമൊക്കെ ദേശവിരുദ്ധരുടെ കളത്തിലേക്കു മാറ്റി നിർത്തപ്പെടുകയാണ്.
ജനങ്ങളുടെ ഞെരിച്ചിൽ ദാരിദ്ര്യത്തിന്റെ പേരിലും തുടരുകയാണ്. ഗ്രാമങ്ങളുടെ വികസനത്തിലൂടെ മാത്രമേ രാജ്യത്തിന്റെ വികസനം സാധ്യമാകൂ എന്നു വിശ്വസിച്ചിരുന്നയാളാണ് ഗാന്ധിജി. 70 ശതമാനം ആളുകളും ഇന്നും ജീവിക്കുന്ന ഗ്രാമങ്ങളിൽ പട്ടിണിയും കർഷകപ്രതിസന്ധിയും നിലനിൽക്കുന്പോഴും വോട്ടുകളിൽ വിള്ളൽ വീഴാതിരിക്കാൻ തക്കവിധം വൈകാരികതകളെ വിതയ്ക്കാനും കൊയ്യാനും കഴിയുന്നു. മൊത്തം ആഭ്യന്തര ഉദ്പാദനത്തിന്റെ (ജിഡിപി) കണക്കിൽ നാം ലോകത്തെ അഞ്ചാമത്തെ സാന്പത്തിക ശക്തിയായി.
പക്ഷേ, ഗ്രാമങ്ങളിലെ ജനങ്ങൾക്കോ അവിടെനിന്നു പട്ടണങ്ങളിലേക്കു കൂലിപ്പണിക്കായി കുടിയേറിയവർക്കോ ആ വ്യത്യാസം തിരിച്ചറിയാൻപോലും കഴിയുന്നില്ല. പട്ടണങ്ങളിലെ കുടിയേറ്റക്കാരായ ഗ്രാമീണരാണ് കോവിഡ് ലോക്ഡൗൺ കാലത്ത് വിശപ്പും ദാഹവും സഹിച്ച് നൂറുകണക്കിനു കിലോമീറ്ററുകൾ കാൽനടയായി മടങ്ങിയത്. ഗ്രാമങ്ങളിൽ മടങ്ങിയെത്തിയപ്പോഴും കടയിൽപോയി സാധനങ്ങൾ വാങ്ങാൻ അവരുടെ കൈയിൽ ഒന്നുമില്ലായിരുന്നു. ജിഡിപി അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തിയില്ല. കാരണം അത് രാജ്യത്തിന്റേതാണ്; അവരുടേതല്ല. മൊത്തം ആഭ്യന്തരോത്പാദനത്തെ ജനസംഖ്യകൊണ്ടു ഹരിക്കുന്പോൾ കിട്ടുന്ന ആളോഹരി വരുമാനവും (ജിഡിപി പെർ ക്യാപിറ്റ) സത്യമല്ല പറയുന്നത്. അദാനിക്കും അംബാനിക്കുമൊപ്പം കൂലിപ്പണിക്കാരനും കണക്കിൽ തുല്യരാണ്. ഇതാണ് കണക്കുകളും യാഥാർഥ്യവും തമ്മിലുള്ള അന്തരം. സന്പന്നർ കൂടുതൽ സന്പന്നരും ദരിദ്രർ കൂടുതൽ ദരിദ്രരുമാകുന്പോഴും നാം ആഗോളസാന്പത്തിക ശക്തിയായിക്കൊണ്ടിരിക്കും.
ഇത്തരമൊരിന്ത്യയിലാണ് എല്ലാവർക്കും നല്ല വസ്ത്രവും പാർപ്പിടവും ഭക്ഷണവും സ്വപ്നം കണ്ട ഗാന്ധി അർധനഗ്ന പ്രതിമയായി വെയിലും മഴയും കൊള്ളുന്നത്. അതിസന്പന്നർക്കുവേണ്ടി ശിപാർശ ചെയ്യുകയും അവർക്കായി രാജ്യത്തിന്റെ സന്പദ് സ്രോതസുകൾ തുറന്നുകൊടുക്കുകയും നികുതിയിളവുകൾ നൽകുകയും ചെയ്യുന്നവർ കുറ്റബോധമില്ലാതെ പൂമാലയുമായി അവിടേയ്ക്കു കുതിക്കുന്നു. മതത്തിന്റെയും ജാതിയുടെയും പേരിൽ ഗ്രാമങ്ങളിലും പട്ടണങ്ങളിലുമൊക്കെ ജനങ്ങൾ ഭിന്നിപ്പിക്കപ്പെടുകയാണ്. ആരുടേതാണ് ഇന്ത്യ? രക്തസാക്ഷിയുടെയോ ഘാതകന്റെയോ?
നിരാശപ്പെടാനല്ല, പൊരുതാനും വിജയിക്കാനുമാണ് ഗാന്ധിജി ഓർമപ്പെടുത്തുന്നത്. ""മലിനമായ പാദങ്ങളുമായി എന്റെ മനസിലൂടെ നടക്കാൻ ഒരുവനെയും ഞാൻ അനുവദിക്കില്ലെ’’ന്നാണ് ഗാന്ധിജി പറഞ്ഞിട്ടുള്ളത്. ഭിന്നിപ്പിന്റെയും അസമത്വത്തിന്റെയും ചിന്ത കളും അതിന്റെ വക്താക്കളായ മനുഷ്യരെയും നമ്മുടെ മനസിൽനിന്നും രാഷ്ട്രീയത്തിൽനിന്നും പുറത്താക്കുമെന്നാകട്ടെ ഇന്നത്തെ പ്രതിജ്ഞ. നമുക്കിനി "ഗാന്ധിസമരം' തുടരാതെ വയ്യ.