വൈക്കത്തെ വിളക്ക് പയ്യന്നൂരിൽ നിലത്തുവച്ചോ
ജാതിവിവേചനമല്ല, ആചാരമാണെന്നു പറഞ്ഞ് സംഭവത്തെ ന്യായീകരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇത്തരം ആചാരങ്ങളെ ചെറുക്കാനാണ് 1924ൽ കീഴ്ജാതിക്കാർക്കും ക്ഷേത്രവഴികളിൽ സഞ്ചാര സ്വാതന്ത്ര്യം നൽകണമെന്നാവശ്യപ്പെട്ടു വൈക്കം സത്യഗ്രഹം നടത്തിയത്.
ജാതിവിവേചനത്തിനെതിരേ നടത്തിയ വൈക്കം സത്യഗ്രഹത്തിന്റെ 100-ാം വാർഷികം ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതിനിടെ മന്ത്രിയുടെ കയ്യിലേക്കൊരു ദീപം കൈമാറാൻ ജാതി ചിന്ത ആരെയെങ്കിലും തടയുന്നുണ്ടെങ്കിൽ ഹാ, കഷ്ടം! വൈക്കത്ത് സത്യഗ്രഹത്തിനെത്തിയ മഹാത്മാഗാന്ധിയെ ജാതി ചിന്തയാൽ വിളിപ്പാടകലെ നിർത്തിയ, വൈക്കത്തെ ഇണ്ടംതുരുത്തി മനയുടെ ദുർഭൂതം അവരിലുണ്ടെന്നു തിരിച്ചറിയാനും അവരിൽ മാത്രമേയുള്ളോയെന്ന് ആത്മപരിശോധന നടത്താനും വൈകണ്ട. ലജ്ജയാൽ തല കുനിക്കുകയല്ല, പരിഹരിക്കാൻ നാം തലപുകഞ്ഞാലോചിക്കുകയാണു വേണ്ടത്. കാരണം, വൈക്കത്തു കൊളുത്തിയ വിളക്കാണ് നാം പയ്യന്നൂരിൽ നിലത്തുപേക്ഷിച്ചത്.
സംഭവം നടന്നത് ജനുവരി 26ന് ഇന്ത്യ റിപ്പബ്ലിക് ആയതിന്റെ ഓർമദിനത്തിലാണ്. പയ്യന്നൂർ നന്പ്യാത്രയിൽ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രത്തിന്റെ നടപ്പന്തൽ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് ദേവസ്വം, പിന്നാക്ക ക്ഷേമം, പാർലമെന്ററികാര്യം വകുപ്പുകൾ കയ്യാളുന്ന മന്ത്രി കെ. രാധാകൃഷ്ണന് ജാതിവിവേചനത്തിന്റെ തിക്താനുഭവമുണ്ടായത്. നടപ്പന്തൽ ഉദ്ഘാടനത്തോടനുബന്ധിച്ച് പൂജാരിമാരാണ് ആദ്യം നിലവിളക്കു കൊളുത്തിയത്. തുടർന്നു ദീപം മന്ത്രിക്കു കൈമാറാൻ പൂജാരി പറഞ്ഞപ്പോൾ സഹപൂജാരി അതു നിലത്തുവച്ചു.
നിലത്തുനിന്നു ദീപമെടുത്തു നിലവിളക്കു കൊളുത്താൻ മന്ത്രി തയാറായില്ല. ഇതോടെ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ബീന ദീപം എടുത്ത് മന്ത്രിക്കു കൊടുക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം നിരസിച്ചു. കൂടെയുണ്ടായിരുന്ന പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനനും ദീപം വാങ്ങിയില്ല. തുടർന്നു നടത്തിയ പ്രസംഗത്തിൽ ചെറുപ്പം മുതൽ താൻ ജാതിവിവേചനം അനുഭവിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് ദീപം നിലത്തുനിന്നെടുത്ത് വിളക്ക് കൊളുത്താതിരുന്നതെന്നും മന്ത്രി തുറന്നു പറഞ്ഞു. പക്ഷേ, ഏഴു മാസത്തിനുശേഷം മന്ത്രി കോട്ടയത്ത് വേലൻ സൊസൈറ്റി സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിക്കവേ ആവർത്തിച്ചു പറഞ്ഞപ്പോഴാണ് സംഭവം വാർത്തയാകുകയും കേരളം ചർച്ച ചെയ്യുകയും ചെയ്തത്.
തനിക്ക് അയിത്തമുണ്ടെങ്കിലും താൻ തരുന്ന പണത്തിന് അയിത്തമില്ലല്ലോയെന്ന് ആ വേദിയിൽ പൂജാരിയെ ഇരുത്തിക്കൊണ്ടുതന്നെ പറഞ്ഞെന്ന് മന്ത്രി കോട്ടയത്ത് വ്യക്തമാക്കി. ദളിതർക്കും ആദിവാസികൾക്കും അയിത്തം കൽപ്പിക്കുകയും അവരുടെ കൃഷിയുത്പന്നങ്ങൾ ഉൾപ്പെടെയുള്ള അധ്വാനഫലങ്ങൾ ഉളുപ്പില്ലാതെ ഭക്ഷിക്കുകയും ചെയ്തിരുന്ന സവർണ കാപട്യത്തിന്റെ ഫോസിലുകളല്ല , ആ കാപട്യം തന്നെയാണ് കൺമുന്നിലുള്ളതെന്നു തിരിച്ചറിയുന്പോഴാണ് നാം നടുങ്ങിപ്പോകുന്നത്. ദേവപൂജ കഴിയുവോളം ആരെയും തൊടരുത് എന്നതിനാലാണ് അപ്രകാരം ചെയ്തതെന്നാണ് ന്യായങ്ങളിലൊന്ന്. എങ്കിൽ പിന്നെ പൂജാരി പുറത്തിറങ്ങിയതെന്തിനാണെന്നും ജനങ്ങളെ തൊട്ടതിനാൽ അന്പലം മുഴുവൻ ശുദ്ധികലശം നടത്തണ്ടേ എന്നുമാണ് മന്ത്രി തിരിച്ചു ചോദിച്ചത്. ജാതിവിവേചനമല്ല, ആചാരമാണെന്നു പറഞ്ഞ് സംഭവത്തെ ന്യായീകരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
ഇത്തരം ആചാരങ്ങളെ ചെറുക്കാനാണ് 1924ൽ കീഴ്ജാതിക്കാർക്കും ക്ഷേത്രവഴികളിൽ സഞ്ചാര സ്വാതന്ത്ര്യം നൽകണമെന്നാവശ്യപ്പെട്ടു വൈക്കം സത്യഗ്രഹം നടത്തിയത്. അത്തരം ആചാരങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ്, അതിനും എട്ടു പതിറ്റാണ്ടോളം മുന്പ് 1846ൽ മാന്നാനത്ത് കേരളത്തിലെ ആദ്യത്തെ സംസ്കൃത സ്കൂളും 1864ൽ ആദ്യത്തെ മലയാളം പള്ളിക്കൂടവും തുറന്ന ചാവറയച്ചൻ അസ്പൃശ്യരെന്നു ചാപ്പയടിക്കപ്പെട്ടവർ ഉൾപ്പെടെ ജാതി-മതഭേദമെന്യേ കുട്ടികളെ ഒന്നിച്ചിരുത്തി പഠിപ്പിച്ചത്. വർഷം 177 കഴിഞ്ഞു. ഇപ്പോഴും ജീർണതയെ ന്യായീകരിക്കാൻ ആചാരങ്ങളുടെ ചിറകെട്ടി നാം മനുഷ്യത്വത്തിന്റെയും സാഹോദര്യത്തിന്റെയും കാലപ്രവാഹത്തെ തടയാൻ ശ്രമിക്കുകയാണ്.
സിപിഎമ്മിനു വൻസ്വാധീനമുള്ള കണ്ണൂരിൽ നടന്ന സംഭവം പാർട്ടിപോലും ഗൗരവത്തിലെടുത്തില്ല. വിപ്ലവ മുദ്രാവാക്യങ്ങൾ നാവിലും രാഷ്ട്രീയ തിരിച്ചടികളെക്കുറിച്ചുള്ള വേവലാതി നെഞ്ചിലും പേറി തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ നാൽക്കവലയിൽ എവിടേക്കു തിരിയാനും തയാറായി നിൽക്കുന്നവരേ നിങ്ങൾക്കും ഒഴിവാകാനാകില്ല ഈ സവർണ മനോഭാവത്തിന്റെ പടുതിരികൾ കെടാതെ സൂക്ഷിച്ചതിന്റെ ഉത്തരവാദിത്വത്തിൽനിന്ന്. ജാതിയും മതവും നിറവുമൊക്കെ കൂട്ടിക്കിഴിച്ച് പഞ്ചായത്തിൽ പോലും സ്ഥാനാർഥിയെ നിശ്ചയിക്കുന്ന രാഷ്ട്രീയ പാർട്ടികൾ ഏതു വകുപ്പിലാണ് പുരോഗമന പ്രസ്ഥാനങ്ങളെന്നു സ്വയം വിളിക്കുന്നത്? വേദികളിലെ ജാതിവിരുദ്ധ പ്രസംഗങ്ങൾക്കപ്പുറം പ്രവർത്തിച്ചുകാണിക്കാൻ ഇനിയുമുണ്ടേറെ.
അവിടെയും തീരുന്നില്ല സവർണ ചിന്തയുടെ നാണംകെട്ട പാരന്പര്യബാക്കി. മതങ്ങളിലെ ജാതിചിന്തയുടെ ഏറ്റക്കുറച്ചിലിനെക്കുറിച്ച് തർക്കമുണ്ടായേക്കാം. പക്ഷേ, ഏതെങ്കിലുമൊരു മതത്തിന്റെ മാത്രം ചുമലിലൊതുങ്ങുന്നതല്ല, ഈ ഹീനചിന്തയെന്നുകൂടി പറയേണ്ടിവരും.
സവർണചിന്തയെന്ന മിഥ്യാഭിമാനത്തിന്റെ ഇനിയും ദ്രവിക്കാത്ത പാശംകെട്ടി കാലത്തെ പിന്നോട്ടു വലിക്കാൻ ശ്രമിക്കുന്നവർ വിവിധ ആരാധനാലയങ്ങളിലും കൊട്ടാരങ്ങളിലും കുടിലുകളിലും വാഴുന്നുണ്ട്. കേരളത്തിനപ്പുറത്തുള്ള സകല സംസ്ഥാനങ്ങളെയും ജാതിവിവേചനത്തിന്റെ പേരിൽ പ്രതിക്കൂട്ടിൽ നിർത്തുന്നവർ സാഹോദര്യത്തിന്റെ മഹാസാഗരത്തിൽ മുങ്ങിക്കുളിച്ച് ആദ്യം ജാത്യാഭിമാനത്തിന്റെ അഴുക്കു നീക്കട്ടെ. എന്നിട്ടാവാം, സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവവും വൈക്കം സത്യഗ്രഹത്തിന്റെ ശതവാർഷികവുമൊക്കെ ആഘോഷിക്കാൻ. പയ്യന്നൂരിൽ തുടങ്ങി സ്വന്തം വീടുകളിൽ പൂർത്തിയാക്കേണ്ട സത്യഗ്രഹമൊന്നു ബാക്കിയാണല്ലോ നമുക്കിനിയും!