ചെസ്ബോർഡിലൊതുങ്ങാത്ത കഠിനാധ്വാനത്തിന്റെയും ജീവിതവിജയത്തിന്റെയും സമാനതകളില്ലാത്ത നേർക്കാഴ്ചകൂടിയാണ് പ്രഗ്നാനന്ദയും അമ്മ നാഗലക്ഷ്മിയും ലോകത്തിനു കൈമാറുന്നത്
ലോകകപ്പിന്റെ അങ്കത്തട്ടിലെ കരുക്കളിൽ മസ്തിഷ്കത്തെ ആവാഹിച്ച് അതിശയിപ്പിക്കുന്ന പോരാട്ടം നടത്തിയ ആർ. പ്രഗ്നാനന്ദയ്ക്ക് അഭിവാദ്യങ്ങൾ! അസർബൈജാനിലെ ബാക്കുവിൽ നടന്ന 2023 ലോകകപ്പ് ചെസ് ഫൈനലിൽ നോർവെയുടെ മാഗ്നസ് കാൾസണാണ് കിരീടമണിഞ്ഞത്.
18ാം വയസിൽ ലോകകപ്പിൽ പങ്കെടുത്ത് അഞ്ചു തവണ ലോക ചെസ് ചാന്പ്യനും ഒന്നാം നന്പർ താരവുമായ മാഗ്നസ് കാൾസണെ വിയർപ്പിച്ച പ്രഗ്നാനന്ദ രാജ്യത്തിനു സമ്മാനിച്ചിരിക്കുന്നത് വിജയസമാനമായ പോരാട്ടവീര്യമാണ്.
ചെസ്ബോർഡിലൊതുങ്ങാത്ത കഠിനാധ്വാനത്തിന്റെയും ജീവിതവിജയത്തിന്റെയും സമാനതകളില്ലാത്ത നേർക്കാഴ്ചകൂടിയാണ് പ്രഗ്നാനന്ദയും അമ്മ നാഗലക്ഷ്മിയും ലോകത്തിനു കൈമാറുന്നത്. മകൻ ചെസിൽ കരുക്കൾ നീക്കുന്നതിനുമുന്പ് നാഗലക്ഷ്മി ചെന്നൈയിലെ വീട്ടിൽ നടത്തിയ കരുനീക്കങ്ങളാണ് അവനെ അസർബൈജാനിലെ പോരാട്ടഭൂമിയിലെത്തിച്ചത്.
ഫൈനലിന്റെ ടൈബ്രേക്കറിലാണ് ഇന്ത്യയുടെ കൗമാര വിസ്മയം പ്രഗ്നാനന്ദയെ മുപ്പത്തിരണ്ടുകാരനായ കാൾസൺ തോൽപ്പിച്ചത്. ഫൈനലിലെ ആദ്യ രണ്ട് ഗെയിമുകളും സമനിലയിൽ കലാശിച്ചതോടെ മത്സരം ടൈബ്രേക്കറിലേക്ക് നീളുകയായിരുന്നു. സമയത്തെ അടിസ്ഥാനമാക്കിയുള്ള അതിവേഗ ശൈലിയായ റാപ്പിഡാണ് ടൈബ്രേക്കിൽ നടന്നത്.
കറുത്ത കരുക്കളുമായി തുടങ്ങിയ കാൾസൺ മികച്ച പ്രകടനത്തോടെ ആദ്യ മത്സരം ജയിച്ചു. സമ്മർദത്തിലായ പ്രഗ്നാനന്ദ പ്രതിരോധത്തിലൂന്നി കളിക്കേണ്ടിവന്നു. രണ്ടാമത്തെ മത്സരം 28 നീക്കങ്ങൾക്കൊടുവിൽ സമനിലയിലായതോടെ ഒന്നര പോയിന്റ് നേടിയ കാൾസൻ കിരീടമണിഞ്ഞു. വിശ്വനാഥൻ ആനന്ദിനുശേഷം ആദ്യമായി ചെസ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ എത്തിച്ച പ്രഗ്നാനന്ദയുടെ സഹോദരി വൈശാലിയും ചെസിൽ ലോകതാരമാണ്.
രണ്ടു പേരെയും താരങ്ങളാക്കിയ അമ്മയുടെ അധ്വാനംകൂടി ചേർത്തുവച്ചാൽ ലഭിക്കുന്നത് സമകാലിക ഇന്ത്യയിലെ അത്യുജ്വലമായൊരു പ്രചോദന കഥയാണ്. ആത്മവിശ്വാസത്താലും അച്ചടക്കത്താലും ആർക്കും പ്രാപ്യമാക്കാവുന്ന വിജയത്തിന്റെ കളിക്കളങ്ങളെയാണ് ഈ കുടുംബം ഓർമിപ്പിക്കുന്നത്.
13 വയസ് തികയുന്നതിനു മുന്പ് ഗ്രാൻഡ് മാസ്റ്റർ പദവി സ്വന്തമാക്കിയ പ്രഗ്നാനന്ദയുടെയും വനിത ഗ്രാൻഡ് മാസ്റ്ററും ഇന്റർനാഷണൽ മാസ്റ്ററുമായ സഹോദരി ആർ. വൈശാലിയുടെയും മാതാപിതാക്കളുടെയും ജീവിതം അടുത്തറിയേണ്ടതാണ്. നേരന്പോക്കുകളെ നിലയ്ക്കു നിർത്തിയാൽ നമുക്കു കീഴടക്കാനാകുന്ന ഗിരിശൃംഗങ്ങളുടെ സമീപദൃശ്യംകൂടിയാണത്. ഏതുനേരവും ടെലിവിഷനു മുന്നിൽ ചടഞ്ഞുകൂടിയിരുന്ന മക്കളെ അതിൽനിന്നു മാറ്റാനാണ് മകൾ വൈശാലിയെ ചെസ് പഠിക്കാൻ വിടാമെന്നു വച്ചത്.
അനിയൻ പ്രഗ്നാനന്ദ ചേച്ചിക്കു കൂട്ടിനുപോയിത്തുടങ്ങിയതാണ്. താമസിയാതെ അവനും കളിയിൽ താത്പര്യമായി. ടിവിയിൽനിന്നു ചെസ്ബോർഡിലേക്കുള്ള കളംമാറ്റം ചെന്നൈ കുമരൻനഗറിലെ ചെറിയ വീട്ടിൽ അത്ഭുതകരമായ മാറ്റങ്ങൾക്കു വഴിതെളിക്കുകയായിരുന്നു.
ടി നഗറിലെ രണ്ടു മുറി വീട്ടിലുള്ള ചെസ് ഗുരുകുലമെന്ന പരിശീലനകേന്ദ്രത്തിൽ അവരെത്തി. കോച്ച് ആർ.ബി. രമേഷിന്റെ കീഴിൽ പരിശീലനം. ചേച്ചിയുടെ വന്പൻ വിജയങ്ങൾ പ്രഗ്നാനന്ദയുടെ ഇച്ഛാശക്തിയെ ആളിക്കത്തിച്ചു. പ്രഗ്നാനന്ദയും ടൂർണമെന്റുകളിൽ പങ്കെടുക്കാൻ തുടങ്ങി. പിന്നെ വിജയങ്ങളുടെ തേരോട്ടമായിരുന്നു.
മൊബൈൽ ഫോണുകളിലും കംപ്യൂട്ടർ ഗെയിമുകളിലുമൊക്കെ ജീവിതത്തിന്റെ വിലപ്പെട്ട സമയമത്രയും പാഴാക്കുന്ന മനുഷ്യർക്കുള്ള വിലപ്പെട്ട പാഠംകൂടിയാണ് ഈ കുടുംബത്തിന്റേത്. ലോകോത്തര ചെസ് കളിക്കാരായ സഹോദരങ്ങളുടെ പിതാവ് രമേഷ് ബാബു പറയുന്നത് മക്കളുടെ വിജയത്തിനു പിന്നിൽ അമ്മ നാഗലക്ഷ്മിയാണെന്നാണ്.
കുമരൻ നഗറിലെ അയൽക്കാർക്കുപോലും അത്ര പരിചിതരല്ലാതിരുന്ന മക്കളെ ലോകപ്രശസ്തരാക്കിയത് അക്ഷരാർഥത്തിൽ നാഗലക്ഷ്മിയാണ്. മക്കൾ ചെസ് കളിച്ചുകൊണ്ടിരിക്കുന്പോൾ വീട്ടിലെത്തുന്ന അതിഥികളെ അവർ കാർ പോർച്ചിലോ വരാന്തയിലോ വച്ച് സ്വീകരിക്കുകയും സൽക്കരിക്കുകയും മടക്കി അയയ്ക്കുകയും ചെയ്യുമായിരുന്നു.
അമ്മ ഈവിധം സമ്മാനിച്ച ഏകാഗ്രതയിൽ അവർ കഠിന പരിശീലനത്തിലേർപ്പെട്ടു. പിന്നീട് ടൂർണമെന്റുകളിൽ പങ്കെടുക്കാൻ നാട് വിട്ടും രാജ്യം വിട്ടും പോകുന്നിടത്തൊക്കെ ഒരു ഇൻ ഡക്്ഷന് കുക്കുറും അരിയും പൊതിഞ്ഞുകെട്ടി അമ്മ പിന്തുടർന്നു. മകന് ഇഷ്ടപ്പെട്ട ചോറും രസവും ഉറപ്പാക്കിയും മനോബലം നൽകിയും നാഗലക്ഷ്മി വിജയശിൽപിയായി.
ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ കഴിഞ്ഞു മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയ പ്രഗ്നാനന്ദയിൽനിന്ന് അകന്നുനിന്ന് അവന്റെ മുഖത്തേക്കു നോക്കി ചാരിതാർഥ്യത്തോടെ ചിരിക്കുന്ന അമ്മയുടെ ചിത്രം ലോകം ഏറ്റെടുത്തു. മറ്റൊന്ന്, മാറിനിന്നു സാരിത്തലപ്പുകൊണ്ടു കണ്ണു തുടയ്ക്കുന്നതായിരുന്നു.
ലോകത്തെ കീഴടക്കിയ ചിത്രമായി അതു പരിണമിച്ചു. ഒപ്പത്തിനൊപ്പം നിന്നു മക്കളുടെ കുതിപ്പിനു ഗതിവേഗം കൊടുത്ത നാഗലക്ഷ്മിയും പിന്തുണയുമായി പിന്നിൽനിന്ന രമേഷ് ബാബുവും ലക്ഷ്യബോധത്തോടെയുള്ള മുന്നേറ്റങ്ങളെ വിലക്കുന്നതെല്ലാം വലിച്ചെറിഞ്ഞ മക്കളും നൽകുന്ന മാതൃക ഏതൊരു ലോകകപ്പിനും മുകളിലാണ്.
നമ്മുടെ അലസതയുടെ പെട്ടികളിൽ അധ്വാനത്തിന്റെ കരസ്പർശമേൽക്കാതെ കിടക്കുന്ന കരുക്കളെ കളത്തിലിറക്കാൻ ഇതാണു സമയം.