അടുത്ത ഡിസംബറിൽ അഞ്ചു സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും വിജയകിരീടം ചൂടാൻ പാർട്ടിയെ സജ്ജമാക്കുകയെന്ന ഭാരിച്ച ദൗത്യമാണ് പ്രവർത്തകസമിതിക്കുള്ളത്.
അനുഭവസന്പത്തിന് കൈവിടാതെയും യുവത്വത്തെ ചേർത്തുപിടിച്ചും ഗാന്ധി കുടുംബത്തോടുള്ള കൂറ് അരക്കിട്ടുറപ്പിച്ചും കോൺഗ്രസ് പ്രവർത്തകസമിതി പുനഃസംഘടിപ്പിച്ചിരിക്കുകയാണ്.
പാർട്ടിയിൽ വിയോജിപ്പിനും ഇടമുണ്ടെന്ന സന്ദേശവും സമിതി രൂപീകരണത്തിലൂടെ കോൺഗ്രസ് നൽകുന്നു. തന്റെ നേതൃത്വത്തിൽ ഒത്തൊരുമയോടെ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലേക്ക് പാർട്ടിയെ നയിക്കുകയെന്ന പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നിശ്ചയദാർഢ്യം പ്രതിഫലിപ്പിക്കുന്നതാണ് പ്രവർത്തകസമിതി പുനഃസംഘടന.
കാര്യമായ എതിർപ്പുകളോ ഭിന്നതയോ ഇല്ലാതെ പ്രവർത്തകസമിതി പ്രഖ്യാപിക്കാൻ ഖാർഗെയ്ക്കായതു നേട്ടംതന്നെ. സോണിയാ ഗാന്ധിയും രാഹുലും പ്രിയങ്കയുമടങ്ങുന്ന പരമാധികാര സമിതിയിൽ, സംഘടനാ തെരഞ്ഞെടുപ്പിൽ പാർട്ടി അധ്യക്ഷസ്ഥാനത്തേക്കു മത്സരിച്ച ശശി തരൂരിനെയും രാജസ്ഥാനിൽ കലാപക്കൊടി ഉയർത്തിയ സച്ചിൻ പൈലറ്റിനെയും ഉൾപ്പെടുത്തിയതു ശ്രദ്ധേയമാണ്.
തരൂരിനൊപ്പം പാർട്ടിയിലെ തിരുത്തൽവാദികളെന്നറിയപ്പെടുന്ന ജി-23 ഗ്രൂപ്പിലെ മറ്റു നേതാക്കളായ ആനന്ദ് ശർമ, മുകുൾ വാസ്നിക് എന്നിവരെയും നേതൃത്വം കൈവിട്ടില്ല. വിയോജിപ്പിനിടയിലും നേതൃത്വത്തെ തള്ളിപ്പറയാതെ വിധേയത്വം പുലർത്തിയ ഈ നേതാക്കൾക്കുള്ള അംഗീകാരമാണിത്. 39 അംഗ പ്രവർത്തകസമിതിയിൽ അനാരോഗ്യത്തിനിടയിലും മുതിർന്ന നേതാക്കളായ എ.കെ. ആന്റണിയെയും ഡോ. മൻമോഹൻ സിംഗിനെയും നിലനിർത്തിയതിലൂടെ പാർട്ടി നൽകുന്ന സന്ദേശം മറ്റൊന്നുമല്ല, മുതിർന്ന നേതാക്കളുടെ അനുഭവസന്പത്ത് ഏറെ വിലപ്പെട്ടതായി കാണുന്നുവെന്നും അവരെ ബഹുമാനിക്കുന്നുവെന്നുമാണ്.
പോരാട്ടവീര്യവുമായി സിപിഐയിൽനിന്നു പാർട്ടിയിലെത്തിയ യുവനേതാവ് കനയ്യ കുമാറിനെ പ്രത്യേക ക്ഷണിതാവാക്കിയതും ശ്രദ്ധേയമായി. സീനിയോറിറ്റിയും സംഘടനയിലെ പ്രവർത്തനപാരന്പര്യവുമടക്കം പതിവ് കീഴ്വഴക്കങ്ങൾ മാറ്റിവച്ച് പ്രവർത്തകസമിതിയിലേക്ക് ഡോ. ശശി തരൂരിന് വഴിതുറന്നതോടെ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിലുണ്ടാകുന്നത് നിർണായക ചുവടുമാറ്റമായിരിക്കും.
വിമതനീക്കമെന്നുവരെ വിശേഷിപ്പിക്കപ്പെട്ട കേരള പര്യടനത്തിനും പിന്നാലെ പാർട്ടിയിൽനിന്നു പുറത്തേക്കെന്നതടക്കം പ്രചരിച്ച വാർത്തകൾക്കും പിന്നാലെയാണ് അദ്ദേഹത്തിന്റെ ശക്തമായ തിരിച്ചുവരവ്. ദേശീയ അധ്യക്ഷസ്ഥാനത്തേക്കുള്ള സ്ഥാനാർഥിത്വത്തിൽ ഗ്രൂപ്പ് ഭേദമില്ലാതെ പ്രമുഖരെല്ലാം ഒറ്റക്കെട്ടായി എതിർത്തിട്ടും മത്സരംകൊണ്ട് തരൂർ സ്വന്തമാക്കിയ താരമൂല്യത്തിന്റെ ശോഭ ഇനിയും കെട്ടടങ്ങിയിട്ടില്ല.
ദേശീയ നേതൃത്വത്തിന്റെ വിശ്വാസവും പ്രീതിയുമില്ലാത്ത നേതാവ് എന്ന ലേബൽ ചാർത്തി അദ്ദേഹത്തെ ഇനി കേരളത്തിൽ മാറ്റിനിർത്താനും കഴിയില്ല. പാർട്ടിയുടെ ഏറ്റവും പരമോന്നത ഘടകത്തിലെ അംഗംകൂടിയാണെന്നു കണ്ടുകൊണ്ട് നിലപാടുകളിലും പ്രതികരണങ്ങളിലും തരൂർ സൂക്ഷ്മതയും ജാഗ്രതയും പുലർത്തേണ്ടിവരും. ആൾക്കൂട്ടങ്ങൾ വോട്ടാകുന്ന കാലം കഴിഞ്ഞിരിക്കെ, തരൂരിനെപ്പോലെ സർവസ്വീകാര്യനായ നേതാവിന്റെ പ്രസക്തികൂടി നേതൃത്വം മുന്നിൽക്കാണുന്നുവെന്നു വേണം കരുതാൻ.
കേരളത്തിൽ നിഷ്പക്ഷ വോട്ടർമാരെ സ്വാധീനിക്കാൻ കഴിയുന്ന ഉമ്മൻ ചാണ്ടിയെപ്പോലുള്ള നേതാവിന്റെ അഭാവം നിലനിൽക്കെ, തരൂരിന്റെ സ്ഥാനലബ്ധി തീർച്ചയായും കോൺഗ്രസിനു ഗുണകരമാകുമെന്നതിൽ രണ്ടഭിപ്രായമില്ല.
ജി-23യിൽ കോൺഗ്രസുമായുള്ള പൊക്കിൾക്കൊടി ബന്ധം ഉപേക്ഷിച്ച് കപിൽ സിബലും ഗുലാം നബി ആസാദും പടിയിറങ്ങിപ്പോയപ്പോഴും വിയോജിപ്പിന്റെ സ്വരം നിലനിർത്തി ശശി തരൂരിനെപ്പോലെ പാർട്ടിക്കുള്ളിൽ പിടിച്ചുനിന്ന മുൻ കേന്ദ്രമന്ത്രി ആനന്ദ് ശർമയെയും മുകുൾ വാസ്നിക്കിനെയും പാർട്ടി ചേർത്തുപിടിക്കുകയും ചെയ്തു.
ജി-23യിലെ മറ്റു നേതാക്കളായ മനീഷ് തിവാരിയെയും വീരപ്പ മൊയ്ലിയെയും പ്രത്യേക ക്ഷണിതാക്കളാക്കിയിട്ടുമുണ്ട്. പാർട്ടിയിലെ ഐക്യത്തിന്റെ സന്ദേശമായി ഇതിനെ കാണാം. ഇതോടൊപ്പം ബഹുഭൂരിപക്ഷം കോൺഗ്രസ് പ്രവർത്തകരുടെയും വികാരമാണ് ഗാന്ധി കുടുംബം എന്ന യാഥാർഥ്യം ഉൾക്കൊണ്ട് ഗാന്ധി കുടുംബത്തിന് പാർട്ടിയിലുള്ള സ്വാധീനം നിലനിർത്തുന്ന തരത്തിൽ പ്രവർത്തകസമിതി നിർണയം നടത്തുകയും ചെയ്തു.
അടുത്ത ഡിസംബറിൽ അഞ്ചു സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും വിജയകിരീടം ചൂടാൻ പാർട്ടിയെ സജ്ജമാക്കുകയെന്ന ഭാരിച്ച ദൗത്യമാണ് പ്രവർത്തകസമിതിക്കുള്ളത്.
അനുകൂല സാഹചര്യങ്ങളെ പ്രയോജനപ്പെടുത്താനും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ യഥാർഥ പ്രശ്നങ്ങൾ മനസിലാക്കാനും അതുവഴി തെരഞ്ഞെടുപ്പിലേക്ക് ഊർജം ആവാഹിക്കാനും പ്രവർത്തകസമിതിക്കു കഴിയുമോയെന്നാണ് ഇനി കാണേണ്ടത്.