സത്യത്തെ പിരിച്ചുവിടരുത്
നമ്മുടെ അവകാശവാദങ്ങളെ സ്ഥിരീകരിക്കേണ്ടത് കണക്കുകളെ അടിസ്ഥാനമാക്കിയ സർവേ ഫലങ്ങളാണ്. അതില്ലാത്തപ്പോഴാണ്, സാന്പത്തികമായി കുതിക്കുകയാണെന്ന പ്രസംഗങ്ങൾക്കിടയിലും അവശ്യസാധനങ്ങളും മരുന്നും പോലും വാങ്ങാൻ നിവൃത്തിയില്ലാതെയും തൊഴിലില്ലാതെയും ജനകോടികൾ നരകിക്കേണ്ടിവരുന്നത്.
ഒരു ഉദ്യോഗസ്ഥനെ സർക്കാർ സസ്പെൻഡ് ചെയ്യുന്നത് അസാധാരണമല്ല. പക്ഷേ, അതു രാജ്യമെങ്ങും ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിൽ അതിൽ അസാധാരണമായതെന്തോ ഉണ്ടെന്നുവേണം കരുതാൻ. ഐഐപിഎസിന്റെ (ഇന്റനാഷണൽ ഇൻസ്റ്റിറ്റൂട്ട് ഫോർ പോപ്പുലേഷൻ സയൻസസ്) ഡയറക്ടർ സ്ഥാനത്തുനിന്ന് മലയാളിയായ കെ.എസ്. ജയിംസിനെ കേന്ദ്ര ആരോഗ്യമന്ത്രാലയം സസ്പെൻഡ് ചെയ്തതിനെക്കുറിച്ചാണു പറയുന്നത്. അച്ചടക്കലംഘനമാണ് കാരണമെന്നാണ് സർക്കാരിന്റെ വിശദീകരണം.
എന്നാൽ, സർക്കാരിന്റെ അവകാശവാദങ്ങളുടെ പൊള്ളത്തരം പുറത്തുകാണിക്കുന്ന കുടുംബാരോഗ്യ സർവേ ഫലങ്ങൾ പുറത്തുവിട്ടതാണു കാരണമെന്നു വിദഗ്ധരുടെയും പ്രതിപക്ഷത്തിന്റെയും പ്രതികരണങ്ങൾ സൂചിപ്പിക്കുന്നു. സത്യസന്ധമായ സർവേ ഫലങ്ങൾ രാജ്യം എവിടെ എത്തിയിരിക്കുന്നു എന്നും എവിടേക്കു പോകുന്നു എന്നുമുള്ള സൂചികയാണ്. ബാക്കിയെല്ലാം കേവലം തെരഞ്ഞെടുപ്പു കേന്ദ്രീകൃത വായാടിത്തങ്ങളാകാനേ സാധ്യതയുള്ളൂ ഈ പുറത്താക്കൽ ഗൗരവമുള്ളതാണ്.
കേന്ദ്രസർക്കാരിനായി കുടുംബാരോഗ്യ സർവേ നടത്തുന്ന സ്ഥാപനമാണ് ഐഐപിഎസ്. തങ്ങളുടെ അവകാശവാദങ്ങളിൽ പലതും ശരിയല്ലെന്നു സാക്ഷ്യപ്പെടുത്തുന്ന ഐഐപിഎസിന്റെ സർവേ ഫലങ്ങളിൽ കേന്ദ്രസർക്കാരിന് അതൃപ്തിയുണ്ടായിരുന്നു. ഇതേത്തുടർന്നു ഡയറക്ടറോട് രാജിവയ്ക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നങ്കിലും കാരണമറിയാതെ രാജിവയ്ക്കാൻ വിസമ്മതിച്ചതിനാൽ അദ്ദേഹത്തെ സസ്പെൻഡ് ചെയ്യുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ.
സർക്കാരിന്റെ പ്രചാരണവും യാഥാർഥ്യവും തമ്മിലുള്ള പൊരുത്തക്കേടുകളാണ് സർവേ ഫലങ്ങൾ വലിച്ചു പുറത്തിടുന്നത്. ശൗചാലയ സൗകര്യമില്ലാത്തതിനാൽ രാജ്യത്ത് 19 ശതമാനം പേരും ഇപ്പോഴും തുറസായ സ്ഥലങ്ങളിലാണ് മലമൂത്ര വിസര്ജനം നടത്തുന്നതെന്ന് അഞ്ചാമത് ദേശീയ കുടുംബാരോഗ്യ സർവേ ഫലം വെളിപ്പെടുത്തിയിരുന്നു. ലക്ഷദ്വീപിൽ മാത്രമാണ് 100 ശതമാനം ശൗചാലയങ്ങൾ ഉള്ളത്. തുറസായ സ്ഥലത്തെ മലമൂത്ര വിസർജനം രാജ്യത്ത് നിർമാർജനം ചെയ്തെന്ന കേന്ദ്രസർക്കാരിന്റെ വാദത്തെ അസാധുവാക്കുന്നതാണ് ഈ കണക്ക്. 40 ശതമാനം കുടുംബങ്ങൾക്ക് ഇപ്പോഴും പാചകവാതക കണക്ഷൻ ഇല്ലെന്ന കണക്ക് ഉജ്വല യോജന വഴി എല്ലാവർക്കും പാചകവാതകം എത്തിച്ചെന്ന സർക്കാരിന്റെ അവകാശവാദത്തെയും ചോദ്യം ചെയ്തു.
കുട്ടികളിലും സ്ത്രീകളിലും വിളർച്ചാരോഗം വർധിക്കുകയാണെന്ന കണക്കാകട്ടെ, വിളർച്ച തടയാൻ നിരവധി നടപടികളെടുത്തെന്നു പ്രചരിപ്പിച്ചിരുന്ന സർക്കാരിനെ പ്രതിക്കൂട്ടിലാക്കി. ആറാമത് ദേശീയ കുടുംബാരോഗ്യ സർവേയിൽ ഇതുസംബന്ധിച്ച ചോദ്യംതന്നെ ഒഴിവാക്കിക്കളഞ്ഞു. യാഥാർഥ്യങ്ങളെ നേരിടുന്നതിനു പകരം അവയെ ഒളിച്ചുവയ്ക്കുന്നതും സത്യം പറയുന്നവരോട് അസഹിഷ്ണുത കാണിക്കുന്നതും സർക്കാരിന്റെ നിലനിൽപിന് ആവശ്യമായിരിക്കാം. പക്ഷേ, നാടിന്റെ പുരോഗതിക്കു തടസമാണ്.
അമേരിക്കയിലെ ഹാർവാഡ് സർവകലാശാലയിൽനിന്നു പോസ്റ്റ് ഡോക്ടറൽ ഡിഗ്രിയെടുത്ത ജയിംസ് ജെഎൻയുവിൽ ജനസംഖ്യാ പഠനവിഭാഗം പ്രഫസറായിരുന്നു. തിരുവനന്തപുരം സി-ഡിറ്റിലും ജോലി ചെയ്തിട്ടുണ്ട്. 2018ലാണ് ഐഐപിഎസിന്റെ ഡയറക്ടറായത്. സ്ഥാപനത്തിലെ നിയമന ക്രമക്കേടു ചൂണ്ടിക്കാട്ടിയാണ് ജയിംസിനെ പുറത്താക്കിയത്. പക്ഷേ, സർക്കാരിന്റെതന്നെ അന്വേഷണങ്ങളിലും അതിനു തെളിവു കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. സർവേ ഫലങ്ങളെ മോദി സർക്കാർ അസഹിഷ്ണുതയോടെ കാണുന്നത് ആദ്യമല്ല. അന്തർദേശീയ സ്ഥാപനങ്ങൾ പുറത്തുവിടുന്ന കണക്കുകൾ കേന്ദ്രസർക്കാരിന്റെ അവകാശവാദങ്ങൾ പലതും പൊള്ളയാണെന്നു വെളിപ്പെടുത്തിയിരുന്നു.
തൊഴിലില്ലായ്മ, ദാരിദ്ര്യസൂചിക, മാധ്യമസ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങളിലെല്ലാം ഇന്ത്യ ദയനീയമാംവിധം പിന്തള്ളപ്പെട്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അത്തരം വിദേശ റിപ്പോർട്ടുകൾ തെറ്റാണെന്നു സ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സർക്കാരിന്റെ പാളിച്ചകൾ ചൂണ്ടിക്കാണിക്കുകയും തിരുത്താൻ നിർബന്ധിതമാക്കുകയും ചെയ്യുന്ന സർവേ ഫലം സർക്കാരിനു കീഴിലുള്ള ഐഐപിഎസ് പുറത്തുവിടുന്നത്.
2019ൽ തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട സർവേ ഫലം പൊതുതെരഞ്ഞെടുപ്പ് കഴിയും വരെ കേന്ദ്രം പുറത്തുവിടാത്തതിൽ പ്രതിഷേധിച്ച് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ അംഗങ്ങൾ രാജിവച്ചിരുന്നു.10 വർഷത്തിലൊരിക്കൽ നടത്തേണ്ട സെൻസസും 150 വർഷത്തിനിടെ ആദ്യമായി മുടങ്ങി. കോവിഡ് മൂലം 2021ൽ മാറ്റിവച്ച സെൻസസ് എന്നു നടത്തുമെന്ന് അറിയില്ല.
നമ്മുടെ അവകാശവാദങ്ങളെ സ്ഥിരീകരിക്കേണ്ടത് കണക്കുകളെ അടിസ്ഥാനമാക്കിയ സർവേ ഫലങ്ങളാണ്. അതില്ലാത്തപ്പോഴാണ്, സാന്പത്തികമായി കുതിക്കുകയാണെന്ന പ്രസംഗങ്ങൾക്കിടയിലും അവശ്യസാധനങ്ങളും മരുന്നും പോലും വാങ്ങാൻ നിവൃത്തിയില്ലാതെയും തൊഴിലില്ലാതെയും ജനകോടികൾ നരകിക്കേണ്ടിവരുന്നത്. അപ്പോഴാണ്, അഭിപ്രായസ്വാതന്ത്ര്യമെന്നാൽ സത്യം പറച്ചിലും വിമർശനവുമൊഴിച്ച് മറ്റെന്തുമാകാമെന്ന് അലിഖിത നിയമമുണ്ടാകുന്നത്. അപ്പോഴാണ്, ചെറിയ പിഴവുകൾക്കും പ്രതിപക്ഷ നേതാക്കൾ വലിയ വിലയൊടുക്കേണ്ടിവരുന്നത്. നുണകൾക്കുമേൽ അധികാരമല്ലാതെ സുസ്ഥിര ഭാവി കെട്ടിപ്പടുക്കാനാവില്ല. ഐഐപിഎസിൽനിന്നു പുറത്താക്കിയത് ഒരു ഉദ്യോഗസ്ഥനെയാണോ സത്യത്തെയാണോ എന്നു ജനങ്ങൾക്കു സംശയമുണ്ട്. സർക്കാർ സംശയനിവൃത്തി വരുത്തണം.