ഈ കള്ളക്കേസുകാരുടെ സേവനം ഇനിയും വേണോ?
തങ്ങൾ വിചാരിച്ചാൽ ഏതൊരു പൗരന്റെയും ജീവിതം തുലയ്ക്കാമെന്നു കരുതുന്ന വേതാളങ്ങളെ തോളിൽ തൂക്കി നടക്കാൻ സർക്കാർ തയാറാകരുത്. സർക്കാർ സർവീസിലെ ഇത്തരം കുറ്റവാളികളെ ശന്പളം കൊടുത്തു തീറ്റിപ്പോറ്റുകയല്ല, വീട്ടിലിരുത്തി മാതൃക കാണിക്കുകയാണു വേണ്ടത്.
സമീപകാലത്ത് സർക്കാർ ഉദ്യോഗസ്ഥർ കള്ളക്കേസിൽ കുടുക്കിയ രണ്ടു മനുഷ്യരെക്കുറിച്ചുള്ള വാർത്തകൾ, സർക്കാർ സംവിധാനത്തിൽ കയറിക്കൂടിയിരിക്കുന്ന കുറ്റവാളികളിൽ ചിലരെ സമൂഹമധ്യേ എത്തിച്ചിട്ടുണ്ട്; ചിലരെ മാത്രം. ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയും ഇടുക്കിയിലെ ആദിവാസി യുവാവ് സരുൺ സജിയും നഗ്നമായ മനുഷ്യാവകാശ ലംഘനത്തിന്റെ ഇരകളാണ്. അധികാര ദുർവിനിയോഗത്താൽ ആരെയും നശിപ്പിക്കാൻ രാഷ്ട്രീയക്കാർക്കെന്നപോലെ ഉദ്യോഗസ്ഥർക്കും സാധ്യമാണെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്. മയക്കുമരുന്നിന്റെയും വനനിയമങ്ങളുടെയുമൊക്കെ പേരിൽ അകത്തായാൽ പുറത്തിറങ്ങുന്നത് എളുപ്പമല്ലെന്ന ധാർഷ്ട്യത്തിൽ ജനങ്ങളെ ഭയപ്പെടുത്തി നിർത്തുന്ന ഉദ്യോഗസ്ഥർ ഒന്നും രണ്ടുമല്ല. രണ്ടെണ്ണം പാളിപ്പോയെന്നേയുള്ളു. കുറ്റം സംശയാതീതമായി തെളിഞ്ഞാൽ, ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻവേണ്ടി ഇത്തരക്കാരെ സസ്പെൻഡ് ചെയ്യുകയല്ല, ജോലിയിൽനിന്നു പിരിച്ചുവിടുകയാണു വേണ്ടത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് മയക്കുമരുന്നു വ്യാപാരം നടത്തുന്നുണ്ടെന്ന പരാതി ലഭിച്ചെന്നു പറഞ്ഞ് ഷീലയുടെ ബ്യൂട്ടി പാർലറിലേക്ക് എക്സൈസ് ഉദ്യോഗസ്ഥരെത്തിയത്. തുടർന്ന് ബാഗിൽനിന്ന് എൽഎസ്ഡി സ്റ്റാന്പ് ഉദ്യോഗസ്ഥർ കണ്ടെടുക്കുകയും അന്നുതന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. എക്സൈസ് പിടികൂടിയത് എൽഎസ്ഡി സ്റ്റാന്പല്ല വെറു കടലാസു കഷണങ്ങളായിരുന്നെന്ന് പിന്നീട് പരിശോധനയിൽ തെളിഞ്ഞു.
തുടർന്ന് ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ 72 ദിവസത്തിനുശേഷം മേയ് 10ന് ഷീല ജയിലിൽനിന്നു പുറത്തിറങ്ങി. നിരപരാധിയാണെന്നു വ്യക്തമാക്കി ഷീല നൽകിയ ഹർജിയിൽ ജൂലൈ അഞ്ചിന് ഹൈക്കോടതി വ്യാജ ലഹരിക്കേസ് റദ്ദാക്കുകയും ചെയ്തു. കള്ളക്കേസുമായി ബന്ധപ്പെട്ട് എക്സൈസ് ഇൻസ്പെക്ടർ കെ. സതീഷിനെ സസ്പെൻഡ് ചെയ്തിട്ടുമുണ്ട്.
ഇടുക്കി ഉപ്പുതറയിൽ കഴിഞ്ഞ സെപ്റ്റംബറിലാണ് കാട്ടുമൃഗത്തിന്റെ ഇറച്ചി ഓട്ടോറിക്ഷയിൽ കടത്തിയെന്നാരോപിച്ച് സരുൺ സജി എന്ന ആദിവാസി യുവാവിനെതിരേ വനംവകുപ്പ് ഉദ്യോഗസ്ഥർ കേസെടുത്തത്. കള്ളക്കേസാണെന്നു പറഞ്ഞ് കേരള ഉള്ളാട മഹാസഭയുടെ നേതൃത്തിൽ വനംവകുപ്പ് ഓഫീസിനു മുന്നിൽ സത്യഗ്രഹം തുടങ്ങി.
തുടർന്ന് ഫോറസ്റ്റ് കൺസർവേറ്റർ നീതു ലക്ഷ്മിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കള്ളക്കേസ് പൊളിയുകയായിരുന്നു. 13 വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ കേസെടുക്കുകയും കിഴുകാനം ഫോറസ്റ്റ് ഓഫീസർ അനിൽകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വി.സി. ലെനിൻ, ഷിജിരാജ്, ഡ്രൈവർ ജിമ്മി ജോസഫ്, വനം വാച്ചർമാരായ കെ.എൽ. മോഹനൻ, കെ.ടി. ജയകുമാർ, ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ബി. രാഹുൽ എന്നിവരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ജോലിയിൽ പ്രമോഷൻ കിട്ടാൻവേണ്ടിയാണ് ഉദ്യോഗസ്ഥരിലൊരാൾ കന്നുകാലിയിറച്ചി ഉപയോഗിച്ച് കള്ളക്കേസുണ്ടാക്കിയതെന്നും തെളിഞ്ഞു.
ഷീലയുടെയും സരുണിന്റെയും കേസുകൾ കെട്ടിച്ചമച്ചതാണെന്നു തെളിഞ്ഞിട്ടും ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാൻ വൈകിയതും ശ്രദ്ധേയമാണ്. ഷീലയുടെ ഫോണും സ്കൂട്ടറും മടക്കിക്കൊടുക്കാൻ വ്യാജക്കേസ് തെളിഞ്ഞ് ഒന്നര മാസം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥർ തയാറാകാതിരുന്നത് വാർത്തയായിരുന്നു.
പ്രതികളായ വനം വകുപ്പ് ഉദ്യോഗസ്ഥരെ സർക്കാർ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് മേയ് 25ന് സരുൺ കിഴുകാനം ഫോറസ്റ്റ് ഓഫീസിനു മുന്നിൽ മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. സരുണിന്റെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷനും ഗോത്രവർഗ കമ്മീഷനും റിപ്പോർട്ട് തേടിയശേഷമാണ് ഉദ്യോഗസ്ഥർക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയാറായത്.
തങ്ങൾ വിചാരിച്ചാൽ ഏതൊരു പൗരന്റെയും ജീവിതം തുലയ്ക്കാമെന്നു കരുതുന്ന വേതാളങ്ങളെ തോളിൽ തൂക്കി നടക്കാൻ സർക്കാർ തയാറാകരുത്. സർക്കാർ സർവീസിലെ ഇത്തരം കുറ്റവാളികളെ ശന്പളം കൊടുത്തു തീറ്റിപ്പോറ്റുകയല്ല, വീട്ടിലിരുത്തി മാതൃക കാണിക്കുകയാണു വേണ്ടത്.
സമീപകാലത്തെ രണ്ടു വ്യാജ കേസുകളെക്കുറിച്ചാണ് ഇവിടെ പറഞ്ഞത്. സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതിയിലും പ്രതികാരത്തിലും കള്ളക്കേസിലുമൊക്കെ കുടുങ്ങിയ എത്രയോ ആളുകൾ തങ്ങളുടെ വിധിയെ പഴിച്ച് നിശബ്ദരായി സഹിച്ചിട്ടുണ്ടാകും. കാരണം, രാഷ്ട്രീയക്കാർക്കും പോലീസിനും സർക്കാർ ഉദ്യോഗസ്ഥർക്കുമെതിരേ കേസിനു പോകാൻ സാധാരണക്കാർ പൊതുവേ തയാറാകില്ല. പലർക്കും ഉന്നത രാഷ്ട്രീയ ബന്ധങ്ങളുമുണ്ടാകും.
കുറ്റക്കാർക്ക് കർശന ശിക്ഷ നൽകുകയും രാഷ്ട്രീയ സംരക്ഷണം കിട്ടുകയില്ലെന്ന് ഉറപ്പാകുകയും ചെയ്താൽ ഇത്തരം കുറ്റവാളികൾ പത്തി മടക്കിക്കൊള്ളും. ഇവിടെ പരാമർശിച്ച രണ്ടു കേസിലെയും കുറ്റവാളികളുടെ സേവനം ഇനിയും വേണമെന്ന് ആർക്കാണു നിർബന്ധം?