മണിപ്പുർ: പ്രതിഷേധാർഹമായ കലാപവും നിശബ്ദതയും
മണിപ്പുർ കലാപം പൊട്ടിപ്പുറപ്പെട്ടിട്ട് ഇന്നു രണ്ടു മാസം. മരിച്ചവരുടെയും തകർക്കപ്പെട്ട പള്ളികളുടെയും വീടുക ളുടെയും അഭയാർഥി ക്യാന്പുകളുടെയും പലായനം ചെയ്യപ്പെട്ട മനുഷ്യരുടെയും സംഖ്യകളാൽ മാത്രമായിരിക്കില്ല ചരിത്രം 2023ലെ മണിപ്പുർ കലാപത്തെ പരിശോധനയ്ക്കു വിധേയമാക്കുക; ഭരണാധികാരിയുടെ അവിശ്വസനീയവും ഭയാനകവുമായ നിശബ്ദതകൊണ്ടുമായിരിക്കും.
മണിപ്പുരിൽ സംഭവിച്ചത് ഒരു കലാപമാണോ വംശഹത്യയാണോയെന്നതിനെക്കുറിച്ചു കാലം ചരിത്രത്തിനു മൊഴി കൊടുത്തുകൊള്ളും. പക്ഷേ, രാജ്യത്തിന്റെ ജനാധിപത്യ-മതേതര ഗാത്രത്തിന് ഈ നിശബ്ദത ഏൽപ്പിച്ചിരിക്കുന്ന പരിക്ക് ഗുരുതരമാണ്. വിദേശ വേദികളിലെ അലക്കിത്തേച്ച ജനാധിപത്യ-മനുഷ്യാവകാശ വായ്ത്താരികൾക്കോ പ്രകടനങ്ങൾക്കോ മറച്ചുവയ്ക്കാനാവാത്തവിധം ഗുരുതരം.
ഒരു കോടതി നിർദേശത്തിനു പിന്നാലേ പൊട്ടിപ്പുറപ്പെട്ട കലാപമാണ് രണ്ടു മാസങ്ങൾ പിന്നിട്ടിട്ടും തുടരുന്നത്. മെയ്തെയ്കളും കുക്കികളും തമ്മിലുള്ള ഏറ്റുമുട്ടലാണ് മണിപ്പുരിലേതെന്ന വ്യാഖ്യാനങ്ങൾ പൊളിഞ്ഞത് മെയ്തെയ്കൾ തങ്ങൾക്കൊപ്പമുള്ള ക്രിസ്ത്യാനികളെ ആക്രമിക്കുകയും കൊല്ലുകയും അവരുടെ വീടുകളും പള്ളികളും പള്ളിക്കൂടങ്ങളും കത്തിക്കുകയും ചെയ്തതോടെയാണ്. മെയ്തെയ് വിഭാഗത്തിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ 247ഉം കുക്കി വിഭാഗത്തിന്റെ 50ഉം ദേവാലയങ്ങളാണ് മെയ്തെയ്കൾക്കു മഹാഭൂരിപക്ഷമുള്ള ഇംഫാലിൽ കലാപം തുടങ്ങി 48 മണിക്കൂറിനകം ചാന്പലാക്കിയത്. 40,000 പേർ ദുരിതാശ്വാസ ക്യാന്പിലുണ്ട്. നിരവധിപേർ സംസ്ഥാനം വിട്ടു.
കലാപം വംശീയമാണെന്നും ആസൂത്രിതമാണെന്നുമുള്ള ആരോപണത്തിനു വേറെയുമുണ്ടു കാരണങ്ങൾ. കലാപത്തിനു മുന്പ് സർക്കാരിന്റെ സമാധാന ആഹ്വാനമനുസരിച്ച് കുക്കി ലിബറേഷൻ ആർമി ആയുധങ്ങൾ വച്ചു കീഴടങ്ങി. പക്ഷേ, ഈ നിരായുധീകരണം മറുവശത്ത് ഉണ്ടായില്ല. മെയ്തെയ്കൾ കലാപത്തിന്റെ തുടക്കത്തിൽ ഇംഫാലിനടുത്തുള്ള പാങെ പോലീസ് ട്രെയിനിംഗ് കോളജിൽനിന്ന് ആയിരക്കണക്കിനു തോക്കുകളും ലക്ഷക്കണക്കിനു വെടിയുണ്ടകളും കവർന്നു. പിന്നീട് മേയ് 28നും ജൂൺ മാസത്തിലും മെയ്തെയ് സംഘടനകൾ ആയുധങ്ങൾ കവർന്നു. ഇതൊക്കെ സർക്കാർ അറിയാതെയാണോ സംഭവിച്ചതെന്ന് അന്വേഷിക്കേണ്ടതുണ്ട്.
ബിജെപി നേതാവും മണിപ്പുർ മുഖ്യമന്ത്രിയുമായ ബിരേൻ സിംഗ് കുക്കികളെ തീവ്രവാദികളെന്നും കറുപ്പു കൃഷിക്കാരെന്നും നുഴഞ്ഞുകയറ്റക്കാരെന്നും മുദ്രയടിക്കുന്ന പല പ്രസ്താവനകളും കലാപം തുടങ്ങിയതിനുശേഷവും നടത്തി. നിഷ്കളങ്കമായിരുന്നോ അതൊക്കെ? കുക്കികളെയും ക്രൈസ്തവ സഭകളെയും പ്രതിസ്ഥാനത്തു നിർത്തുന്ന ദുരാരോപണങ്ങളാണ് കലാപകാലത്തും അതിനുമുന്പും ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ പ്രസിദ്ധീകരിച്ചത്.
90 ശതമാനം ഭൂമിയും കുക്കികളുടെ കൈവശമാണെന്നും മെയ്തെയ്കൾക്ക് 10 ശതമാനം ഭൂമിയിലേ കൈവശാവകാശമുള്ളൂ എന്നും പറയുന്നുണ്ടെങ്കിലും സർക്കാരിലും ജനപ്രതിനിധികളിലും ഉന്നത ഉദ്യോഗസ്ഥരിലുമൊക്കെ ഭൂരിപക്ഷം മെയ്തെയ്കൾക്കാണ്. സന്പന്നരും മെയ്തെയ്കളാണ്. 90 ശതമാനം വരുന്ന മലനിരകളെല്ലാം കുക്കികളുടെ സ്വന്തമാണെന്നു തോന്നും സ്ഥാപിത താത്പര്യക്കാരുടെ വ്യാഖ്യാനങ്ങൾ കേട്ടാൽ. നമ്മുടെ നാട്ടിലും കാടിന്റെ അവകാശികളെന്നു പറയുകയും ഉടുതുണിക്കു മറുതുണിയില്ലാതെ കഴിയുകയും ചെയ്യുന്ന ആദിവാസികളുടെ അവസ്ഥയുമായി താരതമ്യപ്പെടുത്തി നോക്കിയാൽ കാര്യങ്ങൾ കുറെയൊക്കെ മനസിലാകും.
1927ലെ ഇന്ത്യൻ വന നിയമത്തിനും 2006ലെ വനാവകാശ നിയമത്തിനും വിരുദ്ധമായി കുക്കി ഗ്രാമങ്ങളെ ഒഴിപ്പിക്കുന്നതിനെതിരേ മാർച്ച് 10ന് കുക്കികൾ മലയോരജില്ലകളിൽ സമാധാനപരമായ റാലികൾ നടത്തിയിരുന്നു. പിന്നാലേ, മലയോരത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും കുക്കി സായുധ ഗ്രൂപ്പുകളുമായുള്ള ഉടന്പടികളിൽനിന്ന് ഏകപക്ഷീയമായി പിന്മാറുകയും ചെയ്തു.
കാര്യങ്ങൾ ഇത്രയൊക്കെ വഷളായിരിക്കെയാണ്, മണിപ്പുർ ഹൈക്കോടതി മെയ്തെയ്കളെ പട്ടിക വർഗത്തിൽ ഉൾപ്പെടുത്തുന്നതിന് അനുകൂലമായ നിർദേശം സർക്കാരിനു നൽകിയത്. ആ കോടതിവിധി പൂർണമായും തെറ്റാണെന്നും ഇല്ലാത്ത അധികാരമാണ് ജഡ്ജി പ്രയോഗിച്ചതെന്നും സുപ്രീംകോടതി രൂക്ഷമായ ഭാഷയിൽ പറയുകയും ചെയ്തു. പക്ഷേ, എന്തു ഫലം? അതേ കോടതിയിലാണ് ഇതുസംബന്ധിച്ച കേസുകൾ ഇപ്പോഴുമുള്ളത്. ആരോപണവിധേയനായ മുഖ്യമന്ത്രി തന്നെയാണ് ഭരണം തുടരുന്നത്. പ്രധാനമന്ത്രി ഒരക്ഷരം ഉരിയാടുന്നില്ല.
മേയ് 24ന് മണിപ്പുരിൽ കലാപം കൊടുന്പിരി കൊള്ളുന്നതിനിടെയാണ്, ഓസ്ട്രേലിയ സന്ദർശിച്ച മോദി അവിടെ ഏതാനും ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടതിന്റെ വേദന ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായി പങ്കുവയ്ക്കുകയും അക്രമങ്ങൾ തടയണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. അന്ന് അദ്ദേഹം സ്വസ്ഥമായി ഉറങ്ങിയപ്പോൾ സ്വന്തം രാജ്യത്ത് നൂറുകണക്കിനു പള്ളികൾ കത്തിയമരുകയായിരുന്നു. അദ്ദേഹം കണ്ടില്ല, കേട്ടില്ല, ഒന്നും മിണ്ടിയുമില്ല.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സന്ദർശനം, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മണിപ്പുർ ചന്തയിൽ സ്നേഹത്തിന്റെ കട തുറക്കാനായില്ലെങ്കിലും മെയ്തെയ്കളെയും കുക്കികളെയും ആശ്വസിപ്പിച്ചിട്ടുണ്ട്. ഭരണാധികാരിയല്ലാത്തതിനാൽ പ്രശ്നപരിഹാരത്തിൽ രാഹുലിനു പരിമിതിയുണ്ട്. പക്ഷേ, സഹിക്കുന്ന ജനങ്ങൾക്കൊപ്പം താനുണ്ടെന്ന ബോധ്യപ്പെടുത്തൽ യഥാർഥ നേതാവിനു ചേർന്നതാണ്.
മണിപ്പുരിൽ നടക്കുന്നത് ആസൂത്രിത ക്രൈസ്തവ വേട്ടയാണെന്നു വിശ്വസിക്കേണ്ട സാഹചര്യങ്ങളാണ് പുറത്തുവരുന്നതെല്ലാം. അത് അങ്ങനെയല്ലെങ്കിൽ വസ്തുതകൾ നിരത്തി സർക്കാർ തെളിയിക്കണം. അല്ലെങ്കിൽ ഒഡീഷയിലും കഴിഞ്ഞ ക്രിസ്മസ് കാലത്ത് ഛത്തീസ്ഗഡിലും സംഘപരിവാർ നടത്തിയതും ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും പരീക്ഷിച്ചു തുടങ്ങിയിട്ടുള്ളതുമായ ക്രൈസ്തവ വേട്ടയുടെയും ഗുജറാത്തിലെ മുസ്ലിം വേട്ടയുടെയും പുതിയ അധ്യായമായി മണിപ്പുരും എണ്ണപ്പെടും. മണിപ്പുരിലെ കലാപവും ഡൽഹിയിലെ മൗനവും ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനങ്ങളെയും ഭയപ്പെടുത്തുന്നതാണ്. കേരളത്തിലെ ക്രൈസ്തവരും അതു തിരിച്ചറിയുന്നുണ്ട്; പ്രതിഷേധിക്കുന്നുമുണ്ട്.
ഡോ. ജോർജ് കുടിലിൽ, ചീഫ് എഡിറ്റർ