മലയോരത്തു മാത്രമുള്ളതല്ല പരിസ്ഥിതി
രണ്ടു പതിറ്റാണ്ടിലേറെയായി ഇടുക്കിയിലെ ജനങ്ങൾക്കെതിരായി പരിസ്ഥിതിയുടെ
പേരിൽ കേസുകൾ നൽകിവരുന്ന സംഘടനയാണ് വൺ എർത്ത് വൺ ലൈഫ്. പരിസ്ഥിതി സംരക്ഷിക്കാനാണ് തങ്ങളുടെ പ്രവർത്തനമെന്ന് അവർ പറയുന്നുണ്ടെങ്കിലും ജനജീവിതത്തെയാണ് ഇതു താറുമാറാക്കുന്നത്. ജനങ്ങൾ ജീവിക്കുന്നിടത്തെല്ലാം കെട്ടിടങ്ങളും
അനുബന്ധ വികസനങ്ങളും ഉണ്ടായേ തീരൂ. ഇടുക്കിയിൽ വസിക്കുന്നവരും മനുഷ്യരാണ്.
മൂന്നാർ മേഖലയിലെ ഭൂമി ഇടപാടുകളും നിർമാണങ്ങളും തടയണമെന്നാവശ്യപ്പെട്ട് ഒരു സംഘടന നൽകിയ പരാതിയിൽ കോടതി സ്റ്റേ നൽകിയിട്ടുണ്ട്. ഈ കേസിൽ കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയായി നിയമിക്കപ്പെട്ടയാൾക്കെതിരേ അദ്ദേഹം പരിസ്ഥിതിയുടെ പേരിൽ നടത്തിയിട്ടുള്ള ജനവിരുദ്ധ സമീപനങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎമ്മും മലയോരവാസികളും രംഗത്തെത്തിയിട്ടുണ്ട്.
തങ്ങൾക്കു നീതി കിട്ടില്ലെന്ന സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നതെന്ന് മൂന്നാർ മേഖലയിലുള്ളവർ കരുതുന്നു. ഒരു പ്രത്യേക വിഷയത്തിൽ തീരുമാനമെടുക്കാൻ കോടതിയെ സഹായിക്കുന്നയാളാണ് അമിക്കസ് ക്യൂറി. ലക്ഷക്കണക്കിനാളുകളെ ബാധിക്കുന്ന വിഷയത്തിൽ വ്യക്തമായ പക്ഷവും താത്പര്യങ്ങളുമുള്ള വ്യക്തിയെ ഇത്തരമൊരു സ്ഥാനത്തേക്കു പരിഗണിക്കുന്നതാണ് ജനങ്ങളെ ആശങ്കാകുലരാക്കിയിരിക്കുന്നത്. സിപിഎം ഇടുക്കി സെക്രട്ടേറിയറ്റ് ഇക്കാര്യത്തിൽ പ്രതിഫലിപ്പിക്കുന്ന ജനവികാരം മറ്റുള്ളവരെപ്പോലെ ജീവിക്കാനുള്ള മലയോര ജനതയുടെ അവകാശത്തെക്കൂടിയാണു പ്രതിഫലിപ്പിക്കുന്നത്.
മൂന്നാറില്‍ നിര്മാണപ്രവര്ത്തനങ്ങള്ക്കു റവന്യു വകുപ്പിന്റെ നിരാക്ഷേപ പത്രം (എന്‍ഒസി) വേണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള ഹർജി ഉൾപ്പെടെ പരിഗണിച്ചാണ് മൂന്നു നിലകളിൽ കൂടുതലുള്ള കെട്ടിടങ്ങൾക്കു നിര്‍മാണാനുമതി നൽകുന്നത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് രണ്ടാഴ്ചത്തേക്കു തടഞ്ഞത്. ചിന്നക്കനാൽ, ശാന്തൻപാറ, മൂന്നാർ, മാങ്കുളം, പള്ളിവാസൽ, ഉടുമ്പൻചോല, ബൈസൺവാലി, ദേവികുളം, വെള്ളത്തൂവൽ എന്നീ ഒമ്പത് പഞ്ചായത്തുകളിലാണ് വിലക്ക്. തൃശൂർ ആസ്ഥാനമായ വൺ എർത്ത് വൺ ലൈഫ് എന്ന പരിസ്ഥിതി സംഘടന നൽകിയ കേസിൽ ഹൈക്കോടതി രൂപീകരിച്ച പുതിയ ബെഞ്ചാണ് അമിക്കസ് ക്യൂറിയെ നിയമിച്ചിരിക്കുന്നത്. 2010ൽ ഇതേ സംഘടന ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് മൂന്നാറിലെ നിർമാണത്തിന് റവന്യു വകുപ്പിന്റെ എന്‍ഒസി വാങ്ങണമെന്ന നിർദേശമുണ്ടായത്. ഇതിന്റെ വെളിച്ചത്തിൽ 2016ൽ സർക്കാർ ഉത്തരവിറക്കുകയും നിർമാണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ റവന്യു വകുപ്പിലെ ഉദ്യോഗസ്ഥർതന്നെ പറയുന്നത് കെട്ടിടം നിർമിക്കാനുള്ള എൻഒസി നൽകേണ്ടതു തദ്ദേശവകുപ്പാണെന്നാണ്. നികുതി പിരിക്കാനും അനധികൃത നിർമാണം ഒഴിപ്പിക്കാനും മാത്രമേ റവന്യു വകുപ്പിന് അധികാരമുള്ളൂ.
രണ്ടു പതിറ്റാണ്ടിലേറെയായി ഇടുക്കിയിലെ ജനങ്ങൾക്കെതിരായി പരിസ്ഥിതിയുടെ പേരിൽ കേസുകൾ നൽകിവരുന്ന സംഘടനയാണ് വൺ എർത്ത് വൺ ലൈഫ്. പരിസ്ഥിതി സംരക്ഷിക്കാനാണ് തങ്ങളുടെ പ്രവർത്തനമെന്ന് അവർ പറയുന്നുണ്ടെങ്കിലും ജനജീവിതത്തെയാണ് ഇതു താറുമാറാക്കുന്നത്.
ജനങ്ങൾ ജീവിക്കുന്നിടത്തെല്ലാം കെട്ടിടങ്ങളും അനുബന്ധ വികസനങ്ങളും ഉണ്ടായേ തീരൂ. ഇടുക്കിയിൽ വസിക്കുന്നവരും മനുഷ്യരാണ്. അവർക്കു പട്ടയം നൽകുന്നതിനെതിരായും നൽകിയ പട്ടയങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടും പലവട്ടം കോടതിയെ സമീപിച്ച സംഘടനയുമായി ചേർന്നു പ്രവർത്തിച്ചിട്ടുള്ള ആളാണ് ഇപ്പോൾ കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചിരിക്കുന്ന ഹരീഷ് വാസുദേവനെന്നാണ് സിപിഎം ഇടുക്കി സെക്രട്ടേറിയറ്റ് വ്യക്തമാക്കിയത്. വൺ എർത്ത് വൺ ലൈഫ് ലീഗൽ സെല്ലിന്റെ ചുമതല വഹിക്കുകയും ചെയ്തിട്ടുള്ളയാളാണ് ഇദ്ദേഹം. സംഘടനയുടെ പല കേസുകളിലും കോടതിയിൽ വാദിക്കുന്നയാൾ കൂടിയാണ് അമിക്കസ് ക്യൂറിയായിരിക്കുന്നത്. ഇത്തരം പരിസ്ഥിതി സംഘടനകൾക്കും പ്രവർത്തകർക്കും ഇടുക്കിയുടെ വികസനത്തിനു തടസമുണ്ടാക്കാൻ കഴിയുമെന്ന സിപിഎമ്മിന്റെ വാദം തള്ളിക്കളയാനാവില്ല.
വിരലിലെണ്ണാവുന്ന പ്രകൃതി-മൃഗസ്നേഹി സംഘങ്ങൾ ലക്ഷക്കണക്കിനാളുകളുടെ ജീവിതവും തൊഴിലും, അപകടത്തിലും അനിശ്ചിതാവസ്ഥയിലുമാക്കുകയാണ്. കേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി ഇതു പരിണമിക്കുകയാണെന്ന യാഥാർഥ്യം സർക്കാർ ഗൗരവത്തിലെടുക്കണം. തെരുവുനായകളാകട്ടെ, മനുഷ്യരെ കൊന്നൊടുക്കുന്ന വന്യജീവികളാകട്ടെ, മലയോരമേഖലയിലെ വികസനപ്രവർത്തനങ്ങളാകട്ടെ എന്തിനും ഏതിനും ഇക്കൂട്ടർ രംഗത്തെത്തുകയും ജനജീവിതം ദുഃസഹമാക്കുകയുമാണ്. മനുഷ്യരുടെയും മൃഗങ്ങളുടെയും എണ്ണം കൂടുന്തോറും ഭൂമിയിൽ ഇടം കുറയുമെന്നതു വസ്തുതയാണ്. ഉള്ള സ്ഥലത്ത് എല്ലാവർക്കും ജീവിക്കാൻ അവസരമുണ്ടാകുകയാണു വേണ്ടത്. നാട്ടിലുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങൾക്കെല്ലാം ഉത്തരവാദിയെന്നു മുദ്രകുത്തി മലയോരങ്ങളിലെ ജനങ്ങളെ കുറ്റവാളികളാക്കി നിർത്തുന്ന രീതി വ്യാപകമാകുകയാണ്. അതിനുള്ള ആയുധമായി മാറിയിരിക്കുകയാണ് പരിസ്ഥിതിയും മൃഗസ്നേഹവും.
ഭൂമിയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും പേമാരിയുമൊക്കെ ഉണ്ടാകുന്നത് പരിസ്ഥിതിപ്രശ്നം കൊണ്ടാണെങ്കിൽ അതിനുത്തരവാദി എല്ലാ മനുഷ്യരുമാണ്. ഇപ്പറഞ്ഞ ആരെങ്കിലും പരിസ്ഥിതിക്കുവേണ്ടി തങ്ങളുടെ കാറുകളും കോൺക്രീറ്റ് വീടുകളും എയർ കണ്ടീഷനുമൊക്കെ ഉപേക്ഷിക്കുമോ? ഇടുക്കി അണക്കെട്ടു വേണ്ടെന്നു വയ്ക്കുമോ? വൈദ്യുതിയില്ലാതെ വിളക്കുകാലത്തേക്കു തിരിച്ചു പോകാമെന്നു പറയുമോ? ഇതിപ്പോൾ പരിസ്ഥിതി സംരക്ഷിക്കേണ്ട ഉത്തരവാദിത്വം മലനാട്ടിലുള്ളവരുടേതാക്കി മാറ്റിയിരിക്കുകയാണ് ഒരുസംഘമാളുകൾ. അതുറപ്പാക്കാൻ കൈയേറ്റക്കാരെന്നു വിളിക്കുകയും ചെയ്യുന്നു. ആധുനികസമൂഹത്തിൽ മലനാട്ടിലെ മനുഷ്യരുടെ സ്ഥാനം എവിടെയാണെന്ന് സർക്കാരും കോടതികളും വ്യക്തമാക്കേണ്ടിയിരിക്കുന്നു. ഒന്നോ രണ്ടോ പേർ ചേർന്ന് ഒരു സംഘടനയുണ്ടാക്കി കോടതിയിൽ പോയാൽ ലക്ഷക്കണക്കിനാളുകളെ ദുരിതത്തിലാക്കാമെന്നത് മനുഷ്യവിരുദ്ധമാണ്, പ്രാകൃതമാണ്, കപട പരിസ്ഥിതിവാദവുമാണ്.