എഡിറ്റർ നിഷാദ് യൂസഫിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നടൻ സൂര്യ. നിഷാദ് ഇനിയില്ല എന്നു കേട്ടപ്പോൾ ഹൃദയം തർന്നുവെന്നും കങ്കുവ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളായിരുന്നു നിഷാദെന്നും അദ്ദേഹം പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെയാണ് സൂര്യ ആദരാഞ്ജലികൾ അർപ്പിച്ചത്.
നിഷാദ് ഇനിയില്ല എന്ന് കേട്ടപ്പോൾ ഹൃദയം തകർന്നു! കങ്കുവ ടീമിലെ ശാന്തനും പ്രധാനപ്പെട്ടതുമായ വ്യക്തിയായി ഞങ്ങളുടെ ചിന്തകളിലും പ്രാർത്ഥനകളിലും നിങ്ങൾ എപ്പോഴും ഓർമ്മിക്കപ്പെടും…! നിഷാദിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എന്റെ ഹൃദയംഗമമായ അനുശോചനം, സൂര്യ കുറിച്ചു.
നിഷാദ് യൂസഫിന്റെ വിയോഗം സിനിമാലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടലിലാക്കിയിരിക്കുകയാണ്. തന്റെ പുതിയ സിനിമയായ കങ്കുവ നവംബർ 14ന് റിലീസ് ചെയ്യാനിരിക്കെയാണ് നിഷാദ് വിടപറഞ്ഞത്. ചെന്നൈയിൽ കഴിഞ്ഞ ദിവസം നടന്ന കങ്കുവ ഓഡിയോ ലോഞ്ചിലും നിഷാദ് പങ്കെടുത്തിരുന്നു.
കൊച്ചി പനമ്പിള്ളിനഗറിലെ ഫ്ലാറ്റിലാണ് നിഷാദ് യൂസഫിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 43 വയസായിരുന്നു. നിരവധി മലയാള സിനിമകളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. 2022 -ൽ മികച്ച എഡിറ്റർക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഉണ്ട, ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക, ചാവേർ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.