ജ്വാലാമുഖി ഫിലിംസിന്റെ ബാനറില്‍ കെ.സി. ബിനു സംവിധാനം ചെയ്യുന്ന അഞ്ചാം നാള് വെള്ളിയാഴ്ച എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് തിരുവനന്തപുരത്ത് നടന്നു. നിർമാതാവ് സുരേഷ് കുമാര്‍, സംവിധായകന് പ്രമോദ് പയ്യന്നൂര്‍, നടനും നിർമാതാവുമായ ദിനേശ് പണിക്കര്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു.
ചടങ്ങിലെ മുഖ്യാതിഥിയും ട്രിവാൻഡ്രം ഫിലിം ഫ്രറ്റേർണ റ്റി ചെയർമാനുമായ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ആശംസകൾ നേർന്നു സംസാരിച്ചു.
കൊടൈക്കനാലിന്റെ പശ്ചാത്തലത്തിലൂടെ ഒരു ത്രില്ലർ സിനിമയുടെ ചുരുളുകൾ നിവർത്തുന്ന ചിത്രമാണ് അഞ്ചാം നാൾ വെള്ളിയാഴ്ച്ച. കെ.സി.ബിനുവാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.
കൽക്കട്ട ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നവാഗത സംവിധായകനെന്ന പുരസ്ക്കാരത്തിനർഹനാവുകയും, മികച്ച നടനുള്ള പുരസ്ക്കാരവും നേടിയ ഹൃദ്യം എന്ന ചിത്രത്തിനു ശേഷം കെ.സി.ബിനു സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
പുതുമുഖം അജിത്താണ് മികച്ച നടനുള്ള പുരസ്കാരത്തിനർഹനായത്. ഈ ചിത്രത്തിലും അജിത് മുഖ്യമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൊടൈക്കനാലിലെ ഒരു റിസോർട്ടിൽ എത്തുന്ന വിനോദ സഞ്ചാരികളിൽ മലയാളി കുടുംബത്തിലെ ഒരംഗത്തിന്റെ മരണമാണ് ഈ ചിത്രത്തിന്റെ കഥാപുരോഗതിയെ മുന്നോട്ടുനയിക്കുന്നത്.
ചിത്രത്തിലുടനീളം ഉദ്വേഗത്തിന്റെ മുൾമുനയിലൂടെയാണ് ചിത്രത്തിന്റെ അവതരണം. താരപ്പൊലിമയേക്കാളുപരി കഥയുടെ കെട്ടുറപ്പിനു പ്രാധാന്യം നൽകി പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം.
അജിത്തും ഷുക്കൂർ വക്കീലും (എന്നാ താൻ കേസ് കൊട് ഫെയിം) കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ശരത്ത് പുരുഷോത്തമൻ, മാളവിക, റിയാസ്, വിനീഷ് ആറ്റുവായ്, ജിഷ്ണു, സുജാ ജോസ്, ബിനി ജോൺ, ബാബു, പ്രവീണ, കാസിം മേക്കുനി, സുരേഷ് പാൽക്കുളങ്ങര, സുനിൽ ഗരുഡ ,അനൂപ് കൗസ്തുഭം, ശ്രീജിത്ത്, ശോഭാ അജിത് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഇരുളർ ഭാഷയിലുള്ള ഒരു ഗാനം ആലപിച്ചിരിക്കുന്നത് നാഞ്ചിയമ്മയാണ്. സായ് കൃഷ്ണയുടേതാണു ഗാനരചന. ഷിജി കണ്ണന്റേതാണ് സംഗീതം. പശ്ചാത്തല സംഗീതം - റോണി റാഫേൽ. ഛായാഗ്രഹണം - ജിയോ തോമസ്, എ.പി.എസ്. സൂര്യ, വിനോദ്, എഡിറ്റിംഗ് - വിപിൻ മണ്ണൂർ, കലാസംവിധാനം - പേൾ ഗ്രാഫി. ചീഫ് അസോസിയേറ്റ് ഡയറക്ടർ - റിയാസുദ്ദീൻ മുസ്തഫ.
ജ്വാലാ മുഖിഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. പിആർഒ- വാഴൂർ ജോസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.