ഹൃദയ നായകനായി ഇന്നും മലയാളത്തിൽ ജീവിക്കുന്ന അനുഗൃഹീത നടൻ മധുവിനു പിറന്നാൾ ആശംസകളുമായി ആരാധകരും ബന്ധുക്കളും സുഹൃത്തുക്കളും... ഇന്നലെ 91-ാം പിറന്നാൾ ആഘോഷിച്ച മധുവിനു ജന്മ ദിന ആശംസനേരാൻ കണ്ണമ്മൂലയിലെ ശിവഭവനിൽ വലിയ തിരക്കായിരുന്നു.
വായനയും സിനിമ കാണലുമായി രാത്രി ഏറെ വൈകി ഉറങ്ങുന്നതു കൊണ്ടുതന്നെ ദിവസവും ഉച്ചയോട് അടുപ്പിച്ച് മാത്രം എഴുന്നേൽക്കുന്ന പതിവാണ് പ്രിയതാരത്തിന്. പിറന്നാൾ ദിനമായതുകൊണ്ടു തന്നെ പതിവിലും നേരത്തേ എഴുന്നേറ്റ് പ്രിയപ്പെട്ടവരെ സ്വീകരിക്കുവാൻ അദ്ദേഹം തയാറായിരുന്നു. പിറന്നാളല്ലേ ഇങ്ങനെ ഒരുങ്ങി ഇരിക്കേണ്ടി വരുന്നു എന്നൊക്കെ സ്വതസിദ്ധമായ നർമശൈലിയിൽ മധു പറഞ്ഞു. ക്ഷീണവും പനിയുമുണ്ടായിരുന്നെങ്കിലും അതെല്ലാം മറന്ന് എല്ലാ സന്ദർശകരെയും താരം സ്വീകരിച്ചു.
അതിഥികൾക്കൊപ്പം ഫോട്ടോയ്ക്ക് ക്ഷമയോടെ പോസ് ചെയ്തു. ഉച്ചയ്ക്ക് സൂപ്പർ നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി, ഭാര്യ രാധിക, രാധികയുടെ അമ്മ ഇന്ദിര എന്നിവർ എത്തിയപ്പോഴും നിറഞ്ഞ സ് നേഹത്തോടെ എതിരേറ്റു.
സ്വീകരണ മുറിയിൽ ആരാധകരുടെയും ബന്ധുക്കളുടേയും ആശംസകൾ ഏറ്റുവാങ്ങിയിരുന്ന മധുവിനെ സുരേഷ് ഗോപി പൊന്നാട അണിയിച്ചു. പകരം സ്നേഹസമ്മാനമായി സ്വർണമോതിരം മധു സുരേഷ് ഗോപിക്കു നൽകി.
മക്കളൊക്കെ എവിടെയാണ്..? എന്ന് വാത്സല്യത്തോടെ മലയാള സിനിമയുടെ കാരണവർ ചോദിച്ചു. ഗോകുലും, മാധവും ഇപ്പോൾ എറണാകുളത്താണ്, പെണ്മക്കൾ ഇവിടെ തന്നെയാണെന്നു സുരേഷ് ഗോപിയുടെ മറുപടി.
മധു, മകൾ ഡോ. ഉമ നായർ, ഭർത്താവ് കൃഷ്ണകുമാർ, കൊച്ചുമകൻ വിശാഖിന്റെ ഭാര്യ വർഷ തുടങ്ങിയവർക്കൊപ്പം കുടുംബ വിശേഷങ്ങൾ സുരേഷ് ഗോപി പങ്കിട്ടു. മധു സാർ അഭിനയിച്ച ഇതാ ഒരു മനുഷ്യൻ എന്ന സിനിമയിലെ പഴയ കാര്യങ്ങളും ഇതിനിടയിൽ സുരേഷ് ഗോപി മധുവുമായി പങ്കുവച്ചു.
മോഹൻലാൽ ഫോണിൽ വിളിച്ചു മധുവിന് പിറന്നാൾ ആശംസ നേരിട്ടറിയിച്ചു. മമ്മൂട്ടി പിറന്നാൾ സന്ദേശം അയച്ചു. മമ്മൂട്ടിയോടും മോഹൻലാലിനോടും കൂടിയാലോചിച്ചശേഷം മധുവിന്റെ ജന്മനക്ഷത്രം വരുന്ന ഒക്ടോബർ അഞ്ചിനു ജന്മദിനാഘോഷം നടത്തുമെന്നു സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. മധുവിന്റെ വീട്ടിൽവച്ച് ചെറിയ രീതിയിൽ പിറന്നാൾ ആഘോഷം നടത്തുവാൻ അദ്ദേഹം അനുവദിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.