സഹോദരിയും നടിയുമായ രമ്യ നമ്പീശനെക്കുറിച്ചു ഹൃദയം തൊടും കുറിപ്പുമായി സഹോദരൻ രാഹുൽ സുബ്രഹ്മണ്യം. ഇതിലും മികച്ചൊരു സഹോദരിയെ തനിക്ക് കിട്ടില്ലെന്നും ഇനിയും ഒരുമിച്ച് ഒരുപാട് ഓർമകൾ സൃഷ്ടിച്ചെടുക്കാനുണ്ടെന്നും രാഹുൽ കുറിച്ചു.
വിവാഹ ദിനത്തിൽ രമ്യയ്ക്കൊപ്പമെടുത്ത മനോഹരമായ ചിത്രം പങ്കിട്ടുകൊണ്ടാണ് രാഹുലിന്റെ ഹൃദയം തൊടും കുറിപ്പ്.
കുറിപ്പിന്റെ പൂർണരൂപം
എന്റെ പ്രിയപ്പെട്ട സഹോദരി, എന്റെ കരുത്ത്, എന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരി. എന്റെ നന്ദിയും സ്നേഹവും അറിയിക്കാൻ എവിടെ തുടങ്ങണമെന്ന് എനിക്കറിയില്ല. ചേച്ചിയുടെ അചഞ്ചലമായ പിന്തുണയും സ്നേഹവും എന്നും എന്റെ ജീവിതത്തിന്റെ ശക്തിയാണ്.
ഉയർച്ചയിലും താഴ്ചയിലും വഴിയകാട്ടിയായിരുന്നു എനിക്ക് ചേച്ചി. എപ്പോഴും കൂടെയുള്ളതിനാൽ ഞാൻ എന്നും നന്ദിയുള്ളവനാണ്. ജീവിതത്തിലെ പുതിയ അധ്യായം ഞാൻ തുടങ്ങുകയാണ്, എന്റെ വിവാഹജീവിതം. സന്തോഷത്തോടൊപ്പം എനിക്ക് ആശങ്കകളുമുണ്ട്.
എന്നാൽ വിവാഹ ഒരുക്കത്തിന്റെ ഓരോ ഘട്ടത്തിലും എന്നെ പിന്തുണയ്ക്കാൻ ചേച്ചി ഉണ്ടായിരുന്നു എന്നത് വലിയ ആശ്വാസമായിരുന്നു. ചേച്ചിയുടെ പിന്തുണയും ഉപദേശവും സ്നേഹവുമാണ് എന്റെ ലോകം.
എല്ലാ കാര്യത്തിലും എന്റെ പങ്കാളിയായതിനു നന്ദി. ഇതിലും മികച്ച ഒരു സഹോദരിയെ എനിക്കിനി കിട്ടാനില്ല. ഇനിയും നമുക്കൊരുമിച്ച് ഒരുപാടോർമകൾ സൃഷ്ടിക്കണം. ഒരുപാട് ചിരി നിമിഷങ്ങൾ പങ്കിടണം, ഒരുപാട് സാഹസികതകൾ ചെയ്യണം. ചേച്ചിയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു. അത് വാക്കുകൾ കൊണ്ടു വിവരിക്കാനാവില്ല. എന്റെ എല്ലാമെല്ലാം ആയതിനു നന്ദി.
കരയിപ്പിക്കല്ലേ കുഞ്ഞേ എന്നാണ് കുറിപ്പിനു താഴെ മറുപടിയുമായി രമ്യ എത്തിയത്. ഇരുവരുടെയും മനോഹര ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
ജൂൺ 12നായിരുന്നു രാഹുൽ സബ്രഹ്മണ്യത്തിന്റെ വിവാഹം. ഡെബി സൂസൻ ചെമ്പകശേരിയാണ് വധു. പത്ത് വർഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും ഒരുമിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.