സൗജന്യ ടിക്കറ്റുകൾ നൽകി തിയറ്ററുകളിൽ ആളെക്കയറ്റി സിനിമകളുടെ കളക്ഷനുകൾ പെരുപ്പിച്ച് കാണിക്കുന്ന നിർമാതാക്കൾക്ക് താക്കീതുമായി കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഈ പ്രവണത വ്യവസായത്തിന് ഗുണകരമല്ലെന്നും ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും അസോസിയേഷൻ അറിയിച്ചു.
കൊച്ചിയിൽ ചേർന്ന കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭരണസമിതി യോഗത്തിലാണ് തീരുമാനം എടുത്തത്.
നിർമാതാക്കളുടെ സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പ്
മലയാള സിനിമാമേഖലയിൽ നിലവിൽ നിലനിൽക്കുന്ന ഗുരുതര വിഷയങ്ങളിൻമേൽ 25.06.2024ൽ കൂടിയ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭരണസമിതി യോഗം ആശങ്ക അറിയിക്കുകയും തുടർ നടപടികൾ കൈക്കൊള്ളാൻ തീരുമാനിക്കുകയും ചെയ്തു.
ചലച്ചിത്രങ്ങളുടെ ഒടിടി അവകാശം ജിയോ സിനിമയ്ക്ക് വിറ്റ് നൽകാം എന്ന ഉറപ്പിൻമേൽ ചില ആളുകൾ നിർമാതാക്കളെ ചൂഷണം ചെയ്യുന്നത് സംബന്ധിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഈ വിഷയം ജിയോ സിനിമയുടെ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുകയും, എന്നാൽ ഒടിടി അവകാശം വാങ്ങി നൽകാൻ ആരെയും ഏൽപ്പിച്ചിട്ടില്ല എന്ന ജിയോ സിനിമയുടെ മറുപടി ലഭിച്ചതിനാൽ ഈ വിഷയത്തിൽ നിലവിൽ ലഭിച്ചിരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ തട്ടിപ്പ് നടത്തിയ മിനിമാക്സ് എന്ന സ്ഥാപന ത്തിനെതിരെയും അതുമായി ബന്ധപ്പെട്ട വ്യക്തികൾക്കെതിരെയും നിയമപരമായ നടപടികൾ കൈകൊള്ളാൻ യോഗം തീരുമാനിച്ചു.
നിലവിൽ പല ചിത്രങ്ങളുടെയും കളക്ഷൻ പെരുപ്പിച്ച് കാണിക്കാൻ വേണ്ടി തിയറ്ററുകളിൽ ആളെകയറ്റുന്ന ഒരു പ്രവണത നിലവിലുള്ളതായി മനസ്സിലാക്കുന്നു. ആയത് വ്യവസായത്തിന് ഒട്ടും ഗുണകരമല്ലാത്തതിനാൽ ഇത്തരം നടപടികൾ കൈകൊള്ളുന്ന നിർമാതാക്കൾക്ക് എതിരെ കർശന നടപടി എടുക്കുവാനും, ഇടനിലക്കാരായി പ്രവർത്തിക്കുന്ന പിആർ ഏജൻസിക്കെതിരെ ആവശ്യമായ നിയമനടപടികൾ കൈക്കൊള്ളാനും കൂടാതെ സിനിമ റിവ്യൂവിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്ന വ്യക്തികൾക്കെതിരെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് നിഷ്കർഷിക്കുന്ന നിയമപ്രകാരം ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട ഏജൻസിക്ക് പരാതി നൽകാനും തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.