തന്നെ കാണാനായി ഓടിയെത്തിയ ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥൻ തള്ളിമാറ്റിയ സംഭവത്തിൽ ഖേദപ്രകടനം നടത്തി നടൻ നാഗാർജുന. തള്ളിമാറ്റിയത് താൻ കണ്ടില്ലെന്നും ഇനി ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതെ ശ്രദ്ധിക്കുമെന്നും അദ്ദേഹം വീഡിയോ പങ്കുവച്ച് എക്സിൽ കുറിച്ചു.
‘ഇപ്പോഴാണ് ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ടത്. ഇതൊരിക്കലും നടക്കരുതായിരുന്നു. ആ മാന്യവ്യക്തിയോട് ഞാൻ മാപ്പുചോദിക്കുന്നു. ഭാവിയിൽ ഇങ്ങനെ സംഭവിക്കാതിരിക്കാൻവേണ്ട മുൻകരുതലുകളെടുക്കും', നാഗാർജുന പ്രതികരിച്ചു.
ഹൈദരാബാദ് വിമാനത്താവളത്തിൽ വച്ചായിരുന്നു സംഭവം. വിമാനത്താവളത്തിലൂടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ നടന്നുവരുന്ന നാഗാർജുനയേയും ധനുഷിനേയും കണ്ട് കടയിലെ ജീവനക്കാരൻ നടന്റെ അടുത്തേക്ക് ചെല്ലുകയായിരുന്നു.
എന്നാൽ, ഇയാളെ നടന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ ശക്തിയായി തള്ളി മാറ്റുകയായിരുന്നു. തള്ളിമാറ്റുന്പോൾ തെറിച്ചുപോകുന്ന ആരാധകൻ വീഴാതെ പിടിച്ചുനിൽക്കുകയായിരുന്നു. എന്നാൽ ഇതൊന്നും നാഗാർജുന കാണുന്നില്ലെന്നത് വീഡിയോയിൽ നിന്നും വ്യക്തമാണ്. എന്നാൽ, ആരാധകന് എന്തെങ്കിലും പറ്റിയോ എന്ന് ധനുഷ് തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു.
വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ നടനെതിരെ വ്യാപകമായ വിമർശനങ്ങളും ഉയർന്നു. തുടർന്നാണ് നാഗാർജുന പ്രതികരണവുമായെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.