വിജയ് സേതുപതി ചിത്രം മഹാരാജ അൻപതു കോടി ക്ലബ്ബിലേയ്ക്ക് കടക്കുന്നു. കരിയറിലെ തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം വിജയ് സേതുപതിയുടെ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. ആഗോള ബോക്സ്ഓഫിസിൽ നിന്നും സിനിമയുടെ വേൾഡ് വൈഡ് കളക്ഷൻ 42 കോടി രൂപയാണ്. നടന്റെ അൻപതാമത്തെ ചിത്രം എന്ന പ്രത്യേകതയും മഹാരാജയ്ക്കുണ്ട്.
നിരൂപകർ അടക്കമുള്ളവർ ഈ വർഷം ഇറങ്ങിയതിൽ ഏറ്റവും മികച്ച തമിഴ് സിനിമയെന്നാണ് മഹാരാജയെ വിശേഷിപ്പിക്കുന്നത്. പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപ് ആദ്യമായി വിജയ് സേതുപതിയുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മഹാരാജ. നിതിലൻ സ്വാമിനാഥനാണ് ചിത്രത്തിന്റെ സംവിധായകൻ.
മംമ്ത മോഹൻദാസ്, നാട്ടി നടരാജ്, അഭിരാമി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ അജനീഷ് ലോകനാഥാണ് സംഗീത സംവിധായകൻ. പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരമാണ് ചിത്രം നിർമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.