മകളെ താരാട്ട് പാടിയുറക്കാൻ മലയാളം പാട്ട് കാണാതെ പഠിച്ച് രൺബീർ കപൂർ. സാന്ത്വനം സിനിമയ്ക്കു വേണ്ടി മോഹൻ സിത്താര ഈണമിട്ട ഉണ്ണി വാവാവോ എന്ന ഗാനമാണ് മകൾ റാഹയെ ഉറക്കാൻ രൺബീർ കപൂർ പഠിച്ചത്.
കുഞ്ഞിനെ പരിപാലിക്കുന്ന നഴ്സാണ് ഈ മലയാളം പാട്ടു പാടി കുഞ്ഞിനെ ഉറക്കാറുള്ളതെന്നും ഇപ്പോൾ ആ പാട്ട് രൺബീറിന് പഠിക്കേണ്ടി വന്നുവെന്നും ആലിയ പറഞ്ഞു. ദ ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയുടെ അഭിമുഖത്തിലാണ് ആലിയ ഈ പാട്ടിനെക്കുറിച്ച് പറയുന്നത്.
"ഞങ്ങളുടെ നഴ്സ് കുഞ്ഞിന് ചെറുപ്പം മുതൽ പാടി കൊടുക്കുന്ന ഒരു താരാട്ടു പാട്ട് ഉണ്ട്. ഉണ്ണി വാവാവോ പൊന്നുണ്ണി വാവാവോ എന്ന മലയാളം പാട്ട്. ഇപ്പോൾ റാഹയ്ക്ക് ഉറങ്ങണമെങ്കിൽ അവൾ പറയും, മമ്മ വാവോ... പപ്പ വാവോ! അതിനർഥം, അവൾക്ക് ഉറങ്ങണമെന്നാണ്. രൺബീർ ഇപ്പോൾ ആ പാട്ട് പഠിച്ചെടുത്തു.
ബോളിവുഡ് താരദമ്പതികളുടെ മകൾ മലയാളം താരാട്ടു പാട്ടു കേട്ടാണ് ഉറങ്ങുന്നതെന്ന രസകരമായ വിവരം സമൂഹമാധ്യമങ്ങളിൽ ഇതോടെ വൈറലായി. ആലിയ ഇക്കാര്യം പറയുന്നതും ഉണ്ണി വാവാവോ എന്ന പാട്ടിന്റെ ആദ്യ വരി പാടുന്നതും മലയാളികൾ ആഘോഷമാക്കി.
മോഹൻ സിത്താര ഈണമിട്ട് കൈതപ്രം ദാമോദരൻ നമ്പൂതിരി വരികളെഴുതിയ ഗാനം കെ.ജെ യേശുദാസും കെ.എസ്. ചിത്രയും പാടിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.