ഒരുവട്ടം കൂടി "ഓർമകളുടെ തിരുമുറ്റത്ത്'
ഒരുവട്ടം കൂടി "ഓർമകളുടെ തിരുമുറ്റത്ത്'
മ​ല​യാ​ളിയുടെ ജീവിതപ്രണയത്തിനു "ക​വി​ത​യു​ടെ ഒ​രു തു​ള​ളി വെ​ളി​ച്ചം’ പ​ക​ർ​ന്ന കവി, ഭൂമിയുടെ നിത്യകാമുകനായ കവി... ഒഎൻവി കവിയുടെ ഓർമകളിൽ മലയാളവും അക്ഷരമനസുകളും പ്രശാന്തധ്യാനത്തിൽ നിറയുന്ന നിമിഷങ്ങൾ. പ്രിയതരമായ സ്വപ്നങ്ങൾക്കെന്നതുപോലെ അരുണാഭമായ ആ ഓർമകൾക്കും കാവ്യസുഗന്ധം.

ക​വി​യാ​യി, അ​ധ്യാ​പ​ക​നാ​യി, ഗാ​ന​ര​ച​യി​താ​വാ​യി, ഭാ​ഷാ​ഗ​വേ​ഷ​ക​നാ​യി മ​ല​യാ​ള​മനസിന്‍റെ അ​ക്ഷ​ര​മു​റ്റ​ങ്ങ​ളി​ൽ ബോ​ധ​നി​ലാ​വിന്‍റെ  ത​ണ​ൽ​മ​ര​മാ​യ ഒഎൻ​വി. ഒ​എ​ൻ​വി മ​ല​യാ​ളി​യു​ടെ ജീ​വി​ത​പ​രി​സ​ര​ങ്ങ​ളി​ൽ കോ​റി​യിട്ട അ​നു​ഭ​വ​ങ്ങ​ളു​ടെ ’തോ​ന്ന്യാ​ക്ഷ​ര’​ങ്ങ​ളി​ലൂ​ടെ ഒ​രു യാ​ത്ര.




കവിതയുടെ ഉപ്പുതേടി

തുടക്കം മു​ന്നോട്ട് എ​ന്ന ക​വി​തയിൽ, 1946ൽ. മനുഷ്യജീവിതങ്ങളുടെ കണ്ണീർ വറ്റുകളിൽ കവിതയുടെ ഉ​പ്പുണ്ടെന്ന തിരിച്ചറിവിൽ പിന്നെ ഏഴു പതിറ്റാണ്ടുകൾ. "ദാ​ഹി​ക്കു​ന്ന പാ​ന​പാ​ത്ര’​വു​മാ​യി ആ​സ്വാ​ദ​ക മ​ന​സുകളിലേക്ക്. പിന്നെ, ഏ​കാ​ന്ത​നൊ​ന്പ​രം ജ്വ​ലി​ക്കു​ന്ന "നീ​ല​ക്ക​ണ്ണു​ക’​ളും ബാ​ല്യസ്മരണകളുടെ "മ​യി​ൽ​പ്പീ​ലി’​ത്തു​ണ്ടു​ക​ളും "വ​ള​പ്പൊട്ടു’​ക​ളും. മാ​ന​വി​ക​ത​യു​ടെ​ അ​ക്ഷ​ര​ങ്ങ​ൾ ഇ​നി​യും "സ്നേ​ഹി​ച്ചു തീ​രാ​ത്ത​വ​ർ’​ക്കു ന​ല്കി. ഏ​കാ​ന്ത​ത​യു​ടെ ത​ട​വ​റ​യി​ൽ സ്വാ​ത​ന്ത്ര്യം സ്വ​പ്നം ക​ണ്ട​വ​രു​ടെ വി​മോ​ച​ന​ഗീ​ത​മാ​യി. "സൗ​ര​മ​ണ്ഡല​പ്പെ​രു​വ​ഴി​യി​ലൂ​ടെ മാ​ന​ഭം​ഗത്തിന്‍റെ മാ​റാ​പ്പു​മാ​യി നീ​ങ്ങു​ന്ന’ ഭൂ​മി​ക്കാ​യി ആ​ത്മശാ​ന്തി​യു​ടെ അ​മ​ര​ഗീ​ത​മാ​യി. "ഉ​ജ്ജ​യി​നി’​ക​ളി​ൽ കാ​ളി​ദാ​സ​കൃ​തി​ക​ളു​ടെ ഹൃ​ദ​യം തേ​ടി. കൈ​ര​ളി​ക്കു കാ​വ്യ​സു​ഗ​ന്ധം പ​ക​ർ​ന്ന ഏഴു പതിറ്റാണ്ടുകൾ​. ക​ക്കാ​ടി​നും സു​ഗ​ത​കു​മാ​രി​ക്കും അ​യ്യ​പ്പ​പ്പ​ണി​ക്ക​ർ​ക്കും വി​ഷ്ണു​നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​ക്കു​മൊ​പ്പം ക​വി​ത​യു​ടെ വ​ഴി​ക​ളി​ൽ പ്ര​കൃ​തി​യെ പ്ര​ണ​യി​ച്ചു. അ​ക്ഷ​ര​വ​ഴി​ക​ളി​ൽ സൗ​ഹൃ​ദ​ത്തണലായി ഒഎൻവി.

വിപ്ല​വ​ചി​ന്ത ജ്വലിപ്പിച്ച്..

ഇ​ന്ത്യ​ൻ സം​സ്കൃ​തി​യു​ടെ മ​ഹ​ത്താ​യ പൈ​തൃ​ക​ത്തെ ഹൃ​ദ​യ​ത്തോ​ടു ചേ​ർ​ക്കു​ന്പോ​ഴും അ​ണ​യാ​ത്ത വിപ്ലവ​ചി​ന്ത ക​വി​ത​ക​ളി​ൽ ജ്വ​ലി​പ്പി​ച്ചു. സ​മൂ​ഹത്തിന്‍റെ​  പു​റമ്പോക്കു​ക​ളി​ൽ ഒ​റ്റ​പ്പെ​ടു​ന്ന​വ​രു​ടെ നി​സ​ഹാ​യ​ത​യും നെ​ടു​വീ​ർ​പ്പു​ക​ളും ക​വി​ത​യ്ക്കു ഭാ​വ​വും താ​ള​വും ജീവനുമാ​യി. ജ​ന​ത​യു​ടെ പി​ന്തു​ണ​യു​ള​ള ജ​ന​കീ​യ ക​വി​യാ​യി ഒ​എ​ൻ​വി. പാ​ര​ന്പ​ര്യ​ത്തിന്‍റെ ഈ​ണ​വും മ​ണ്ണിന്‍റെ മ​നം തു​ടി​ക്കു​ന്ന താ​ള​വും ക​വി​ത​യെ ജ​ന​കീ​യ​മാ​ക്കി.



താ​ൻ ക​മ്യൂ​ണി​സ്റ്റാ​ണെ​ന്ന സ​ത്യം ചെ​റി​യ ലാ​ഭ​ങ്ങ​ൾ​ക്കു വേ​ണ്ടി മറക്കാ‌​ൻ കവി ത​യാ​റാ​യി​ല്ല. പൈ​തൃ​ക​ത്തെ വി​സ്മ​രി​ക്കാ​തെ പു​തു​മ​യു​ടെ കൈ​പി​ടി​ച്ചു. ജീ​വി​ത​ത്തിന്‍റെ താ​ളു​ക​ളി​ൽ ക​ണ്ണു​നീ​രിന്‍റെ "ഉ​പ്പു’ വി​ത​റി​യ അ​ക്ഷ​ര​ങ്ങ​ളെ നി​സ്വ​നും പ്ര​മാ​ണി​യും പണ്ഡി​ത​നും പാ​മ​ര​നും ഒ​ന്നു​പോ​ലെ തി​രി​ച്ച​റി​ഞ്ഞു.

സ്നേ​ഹ​ത്തിന്‍റെ ഉറവകൾ...

സ്നേ​ഹ​ത്തെ​ക്കു​റി​ച്ച് അ​ത്ര​മേ​ൽ പാ​ടി​യിട്ടുണ്ടാ​വു​ക ക​വി​ക​ളാ​യി​രി​ക്കാം. കു​മാ​ര​നാ​ശാ​നു ശേ​ഷം സ്നേ​ഹ​ത്തിന്‍റെ ആ​ഴ​വും പ​ര​പ്പും അ​റി​ഞ്ഞു​പാ​ടിയത് ഒഎ​ൻ​വി​യാ​ണ്. അ​മ്മയു​ടെ സ്നേ​ഹം. പെ​ങ്ങ​ളു​ടെ സ്നേ​ഹം. ഭൂ​മി​യു​ടെ സ്നേ​ഹം. സൂ​ര്യ​നോ​ടു​ള​ള സ്നേ​ഹം, പ്ര​പ​ഞ്ച​ത്തോ​ടു​ള​ള സ്നേ​ഹം. പൂ​വിന്‍റെ സ്നേ​ഹം. കു​ഞ്ഞേ​ട​ത്തി​യു​ടെ സ്നേ​ഹം. സ്നേ​ഹ​ത്തിന്‍റെ നി​റ​വും ഗ​ന്ധ​വും നൊ​ന്പ​ര​വും നി​റ​ഞ്ഞു തു​ളു​ന്പി​യ ഗീ​ത​ങ്ങ​ൾ. സ്നേ​ഹ​ത്തിന്‍റെ ഉ​റ​വ വ​റ്റാ​ത്ത അ​മ്മ മ​ന​സു പോ​ലെ ഒഎ​ൻ​വി ക​വി​ത​ക​ൾ മാ​റി​യ കാ​ല​ത്തി​ലും കാ​ഴ്ച​പ്പാ​ടു​ക​ളി​ലും മ​നു​ഷ്യ​ത്വ​ത്തിന്‍റെ ആ​ർ​ദ്ര​യാകുന്നു.



ആശ്വാസത്തിന്‍റെ പാ​ഥേ​യം ‍

സ്നേ​ഹ​ത്തെ​ക്കു​റി​ച്ചു പാ​ടു​ന്പോ​ഴും സാ​മൂ​ഹി​ക​ചി​ന്ത​ക​ളു​ടെ "അ​ഗ്നി​ശ​ല​ഭ’​ങ്ങ​ളെ മ​ല​യാ​ള​മ​ന​സി​നു സമ്മാ​നി​ക്കാ​ൻ ക​വി മ​റ​​ന്നി​ല്ല. പൊ​ന്ന​രി​വാ​ള​ന്പി​ളി​യി​ൽ ക​ണ്ണെ​റി​യു​ന്ന ക​വി​മ​ന​സു ത​ന്നെ​യാ​ണ് ഭൂ​മി​യു​ടെ നൊ​ന്പ​ര​ങ്ങ​ളി​ൽ രോ​ഷം പൂ​ണ്ടു സൂ​ര്യ​ൻ മ​നു​ഷ്യ​നു നേ​രേ അ​ഗ്നി വ​ർ​ഷി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു പാ​ടു​ന്ന​തും. പ്ര​ണ​യ​വും ദൈ​ന്യ​വും ആത്മ​രോ​ഷ​വും അ​ക്ഷ​ര​ജന്മമെ​ടു​ക്കു​ന്നു. ജീ​വി​തമ​രൂ​ഭൂ​മി​യി​ൽ സ്നേ​ഹ​ത്തിന്‍റെ ഒ​രു തു​ള​ളി വെ​ളി​ച്ചം തേ​ടു​ന്ന​വ​ർ​ക്ക് ഒ​എ​ൻ​വി ക​വി​ത​ക​ൾ ആ​ശ്വാ​സ​ത്തിെ​ന്‍റെ "പാ​ഥേ​യ’​മാ​കു​ന്നു.

ക​വി​ത​യു​ടെ ക​സ​വു തു​ന്നി​യ ഗാ​നം

കെ​പി​എ​സി​യും ദേ​വ​രാ​ജ​ൻ മാ​സ്റ്റ​റു​മാ​ണ് ക​വി​യെ ഗാ​ന​ര​ച​യി​താ​വാ​ക്കി​യ​ത്. ക​വി​ത​ക​ൾ​ക്കൊ​പ്പ​മോ അ​തി​ല​ധി​ക​മോ മ​ല​യാ​ളി​യെ സ്വാ​ധീ​നി​ച്ച​ത് ഗാ​ന​ങ്ങ​ളാ​യി​രു​ന്നു. തു​ഞ്ച​ൻ പ​റ​ന്പി​ലെ ത​ത്ത​യെ സ്നേ​ഹി​ച്ച ക​വി നാ​ട​ക​ങ്ങ​ൾ​ക്കും ച​ല​ച്ചി​ത്ര​ങ്ങ​ൾ​ക്കു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​നു ഗാ​ന​ങ്ങ​ളെ​ഴു​തി. ഗാ​ന​ത്തി​ൽ ക​വി​ത​യു​ടെ ക​സ​വു തു​ന്നി​യ ര​ച​നാ​ശൈ​ലി. ഗാ​നാ​ത്മക​ത​യും ഭാ​വ​സൗ​ന്ദ​ര്യ​വും ച​മ​യ​ങ്ങ​ളാ​യി. അ​ർ​ത്ഥ​സു​ന്ദ​ര​വും സ​ന്ദ​ർ​ഭോ​ചി​ത​വു​മാ​യ വ​രി​ക​ൾ ച​ല​ച്ചി​ത്ര​ഗാ​ന​ങ്ങ​ൾ​ക്കു ക്ലാ​സി​ക് ട​ച്ച് ന​ല്കി.




ക​ല്പ​ന​ക​ളു​ടെ ഇ​ന്ദ്ര​നീ​ലി​മകൾ

"ഒ​രു ദ​ലം മാ​ത്രം വി​ട​ർ​ന്ന ചെ​ന്പ​ക​മു​കു​ള​മാ​യി മു​ന്നി​ൽ വ​രു​ന്ന പ്ര​ണ​യി​നി. മാ​ണി​ക്യ​വീ​ണ​യു​മാ​യി മനസിന്‍റെ താ​മ​ര​പ്പൂ​വി​ലു​റ​ങ്ങു​ന്ന​വ​ൾ. വാ​തി​ൽ​പ്പ​ഴു​തി​ലൂ​ടെ കു​ങ്കു​മം വാ​രി​വി​ത​റു​ന്ന ത്രി​സ​ന്ധ്യ. ഒ​രു ന​റു​പു​ഷ്പ​മാ​യ് എ​ൻ നേ​ർ​ക്കു നീ​ളു​ന്ന മി​ഴി​മു​ന. പൊ​ന്നു​ഷ​സെന്നും നീ​രാ​ടു​വാ​നെ​ത്തു​ന്ന സൗ​ന്ദ​ര്യ​തീ​ർ​ഥം. ആ​രെ​യും ഭാ​വ​ഗാ​യ​ക​നാ​ക്കു​ന്ന ആത്മ​സൗ​ന്ദ​ര്യം. കാ​തി​ൽ വെ​ള​ളി​ച്ചി​റ്റു ചാ​ർ​ത്തു​ന്ന കാട്ടുമു​ല്ല​പ്പെ​ണ്ണ്. മ​ഞ്ഞ​ൾ​പ്ര​സാ​ദ​വും നെ​റ്റി​യി​ൽ ചാ​ർ​ത്തി മ​ഞ്ഞ​ക്കു​റി​മു​ണ്ടു ചു​റ്റി​നി​ൽ​ക്കു​ന്ന ഓ​ണ​പ്പൂ​വ്. ചാ​യം ചാ​ലി​ച്ചു ചി​ത്രം വ​ര​യ്ക്കു​ന്ന ചൈ​ത്രം. ചെ​ന്പ​ക​പു​ഷ്പ​സു​വാ​സി​ത യാ​മം. ഇ​ന്ദു​പു​ഷ്പം ചൂ​ടി നി​ൽ​ക്കു​ന്ന രാ​ത്രി. ഇ​ന്ദ്ര​നീ​ലി​മ​യോ​ലു​ന്ന മി​ഴി​പ്പൊ​യ്ക​ക​ൾ. ഹൃദയത്തിൻ മധുപാത്രം, ചെന്താർനേർ മുഖീ... സ്വ​ത​ന്ത്ര​വും അ​തി​ശ​യോ​ക്തി​ ക​ല​രാ​ത്ത​തും ഗൃ​ഹാ​തു​ര​ത്വം ധ്വ​നി​പ്പി​ക്കു​ന്ന​തു​മാ​യ ഇ​ത്ത​രം ക​ല്പ​ന​ക​ൾ മ​ന​സു​ക​ളി​ൽ അ​നു​ഭൂ​തി​യു​ടെ കൈ​വ​ള​ക​ൾ ചാ​ർ​ത്തി.



ദേ​വ​രാ​ജ​ൻ മാ​സ്റ്റ​റും ദ​ക്ഷി​ണാ​മൂ​ർ​ത്തി സ്വാ​മി​യും ബാ​ബു​രാ​ജും രാ​ഘ​വ​ൻ മാ​സ്റ്റ​റും സ​ലി​ൻ ചൗ​ധ​രി​യും ബോം​ബെ ര​വി​യും ഇ​ള​യ​രാ​ജ​യും എം.​ബി.​എ​സും ര​വീ​ന്ദ്ര​നും എം.​ജി. രാ​ധാ​കൃ​ഷ്ണ​നും ശ്യാ​മും ജോ​ൺസ​ണും വി​ദ്യാ​ധ​ര​ൻ മാ​സ്റ്റ​റും ആ​ർ. സോ​മ​ശേ​ഖ​ര​നും എം. ജയചന്ദ്രനുമെല്ലാം ക​വി​യു​ടെ ക​ല്പ​ന​ക​ൾ​ക്ക് ഈ​ണ​ത്തിന്‍റെ ചി​റ​ക​ഴ​കു ന​ല്കി.



വി​കാ​ര​ഗ​ന്ധ​മു​ള​ള ല​ളി​ത​ഗാ​ന​ങ്ങ​ൾ

ആ​കാ​ശ​വാ​ണി​യി​ലൂ​ടെ​യും ദൂ​ര​ദ​ർ​ശ​നി​ലൂ​ടെ​യും നാം ​അ​നു​ഭ​വി​ച്ച​റി​ഞ്ഞ എ​ത്ര​യോ ല​ളി​ത​ഗാ​ന​ങ്ങ​ൾ... ഒ​എ​ൻ​വി​യി​ൽ നി​ന്നു മ​ല​യാ​ള​ത്തി​നു സ്വ​ന്ത​മാ​യ വി​കാ​ര​ഗ​ന്ധ​മു​ള​ള അ​ക്ഷ​ര​ങ്ങ​ൾ. ത​ല​മു​റ​ക​ൾ ക​ട​ന്ന് ഇ​ന്നും മ​നസിന്‍റെ ത​പോ​വ​ന​ത്തി​ൽ ശാ​ലീ​ന​ത​യു​ടെ പ്ര​ഭാ​പൂ​ര​മാ​യ് നി​റ​യു​ന്ന ല​ളി​ത​ഗാ​ന​ങ്ങ​ൾ. "ഒ​ന്നി​നി ശ്രു​തി താ​ഴ്ത്തി പാ​ടു​ക പൂ​ങ്കു​യി​ലേ, എ​ന്നോ​മ​ലു​റ​ക്ക​മാ​യ് ഉ​ണ​ർ​ത്ത​രു​തേ’ എ​ന്ന ഭാ​വ​സു​ന്ദ​ര​ഗാ​നം ദൂ​ര​ദ​ർ​ശ​നി​ലൂ​ടെ ദേ​വ​രാ​ജ​ൻ മാ​സ്റ്റ​റു​ടെ ഈ​ണ​ത്തി​ൽ പി.​ജ​യ​ച​ന്ദ്രന്‍റെ ശ​ബ്ദ​ത്തി​ൽ ഒ​രാ​യി​രം ത​വ​ണ​യെ​ങ്കി​ലും മ​ല​യാ​ളി​യു​ടെ കി​നാ​വു​ക​ളെ ത​ഴു​കി​യിട്ടുണ്ടാവണം.



പ്ര​തീ​ക്ഷ​ക​ളു​ടെ ക​വി

ചെ​ന്പ​ക​പ്പൂ​ക്ക​ളെ സ്നേ​ഹി​ക്കു​ന്ന ക​വി. കേ​വ​ല​സ്നേ​ഹ​ത്തെ അ​റി​ഞ്ഞു​പാ​ടു​ന്ന ഭാ​വ​ഗാ​യ​ക​ൻ. പു​ന്നെ​ല്ലിെ​ന്‍റെ ക​തി​രും പൂ​ത്തു​ന്പി​യും പൂ​വും പ​നി​നീ​രും നി​ള​യും പൂ​ന്തി​ങ്ക​ളും ഓ​ണ​വും കാ​ണാ​ക്കു​യി​ലും ക​ണ്ണാ​ന്ത​ളി​യും വി​ഷു​പ്പ​ക്ഷി​യും ക​വി​ക്ക് അ​ദ്ഭു​ത​വും ആ​ഹ്ളാ​ദ​വും പ​ക​രു​ന്നു. പൂ​വി​നെ​ക്കു​റി​ച്ച് എ​ത്ര​യേ​റെ പാ​ടി. പാട്ടുക​ളൊ​ക്കെ​യും തേ​ൻ കി​നി​യു​ന്ന പൂ​വു​ക​ളാ​യി ഓ​ർ​മ​ച്ചി​ല്ല​യി​ൽ വി​ട​ർ​ന്നു ത​ന്നെ നി​ല്ക്കു​ന്നു. സ്നേ​ഹ​വും ഭൂ​മി​യും അ​മ്മയും പ്ര​കൃ​തി​യും ഭാ​ഷ​യും ക​വി​ത​ക്ക് അ​ഭ​യ​ത്തിന്‍റെ മ​ടി​ത്തട്ടാ​കു​ന്നു. പൂ​ക്കാ​ല​ത്തി​നാ​യി പ്ര​തീ​ക്ഷ​യോ​ടെ കാ​ല​ത്തി​നൊ​പ്പം കാ​ത്തി​രി​ക്കു​ന്ന ക​വി​യാ​ണ് ഒ​എ​ൻ​വി.



"കേ​വ​ല​സ്നേ​ഹ​മാ​യ് അ​റി​യു​ന്നു ഞാ​ൻ...’

ഒ​എ​ൻ​വി​യെ​ക്കു​റി​ച്ച് അ​റി​യാ​ൻ ഇ​നി​യു​മേ​റെ; പ​റ​യാ​ൻ അ​തി​ലു​മേ​റെ. കവി തന്‍റെ ഹൃ​ദ​യ​ത്തെ അ​നു​ഭൂ​തി​യു​ടെ താ​മ​ര​നൂ​ലു​കൊ​ണ്ടു വാ​യ​ന​ക്കാരന്‍റെ ഹൃ​ദ​യ​ത്തി​ൽ കൊ​രു​ത്തി​രി​ക്കു​ന്നു. ആ ​തൂ​ലി​ക​യി​ൽ നി​ന്നൊ​ഴു​കിയ അ​ക്ഷ​ര​ങ്ങ​ൾ മ​ല​യാ​ളി​യെ ഒ​രു വട്ടം ​കൂ​ടി ’ഓ​ർ​മ​ക​ളു​ടെ തി​രു​മു​റ്റ’​ത്തെ​ത്തി​ക്കു​ന്നു. ധ്യാ​ന​ശാ​ന്ത​ത​യി​ലെ​ന്ന​പോ​ലെ, ഉ​ൾ​പ്ര​പ​ഞ്ച​ത്തിന്‍റെ സീ​മ വി​ശാ​ല​മാ​ക്കു​ന്ന ഏ​ക​ലോ​ക​ഭാ​വ​ന മ​ന​സു​ക​ളി​ൽ വി​ട​രു​ന്നു. കേ​വ​ല​മ​ർ​തൃ​ഭാ​ഷ​യു​ടെ സൗ​ന്ദ​ര്യം ജ്ഞാ​ന​പീ​ഠ​ശോ​ഭി​ത​മാ​യപ്പോഴും ക​വി വി​ന​യ​ത്തിന്‍റെ മു​ല്ല​വ​ള​ളി​യാ​യി.



"ആത്മാ​വി​ൽ മുട്ടി ​വി​ളി​ച്ച​തു പോ​ലെ’ മ​ല​യാ​ളി വീ​ണ്ടും കാ​തോ​ർ​ത്തു നി​ൽ​ക്കു​ന്നു, കേ​ൾ​ക്കാ​ത്ത പാട്ടിന്‍റെ "സ്വ​ര​വ​ർ​ണ​രാ​ജി​ക​ൾ’​ക്കാ​യ്...​പ്രി​യ ഭാ​വ​ഗാ​യ​കാ, ഇ​നി​യൊ​ന്നു പാ​ടൂ...’​കാ​തി​ൽ തേ​ൻ​മ​ഴ​യാ​യ്...’



ടി.​ജി.​ബൈ​ജു​നാ​ഥ്