സ്വതന്ത്ര പത്രപ്രവർത്തനം ജനാധിപത്യത്തിന് അനിവാര്യം: ആന്റണി
സ്വതന്ത്ര പത്രപ്രവർത്തനം ജനാധിപത്യത്തിന് അനിവാര്യം: ആന്റണി
Sunday, October 23, 2016 12:34 PM IST
കാക്കനാട്: സ്വതന്ത്രമായി പത്രപ്രവർത്തനം നടത്താനുള്ള അവകാശമില്ലാതായാൽ അതു ജനാധിപത്യത്തിന്റെ അന്ത്യമാകുമെന്നു കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. എന്തും അന്വേഷിച്ചറിയാൻ വിവരാവകാശ നിയമമുള്ള നാട്ടിൽ മാധ്യമ സ്വാതന്ത്ര്യം ഹനിക്കാൻ ഒരു ശക്‌തിക്കുമാകില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള മീഡിയ അക്കാദമിയിലെ മികച്ച വിദ്യാർഥികൾക്ക് എൻ.എൻ. സത്യവ്രതൻ സ്മാരക അവാർഡ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.

മാധ്യമ സ്വാതന്ത്ര്യത്തിനുനേരെ ആരു കൈയോങ്ങിയാലും ചെറുക്കാനുള്ള ശേഷി കേരളീയ സമൂഹത്തിനുണ്ട്. മാധ്യമ സ്വാതന്ത്രത്തെ സംരക്ഷിക്കാൻ സമൂഹത്തിനു ബാധ്യതയുണ്ട്. സുതാര്യതയുടെ കാര്യത്തിൽ വിപ്ലവമാണ് നടക്കുന്നത്.

വൈകാതെ ജുഡീഷറി ഉൾപ്പെടെ എല്ലാ മേഖലകളും വിവരാവകാശ നിയമത്തിന്റെ പരിധിയിലാകും. ജാഗ്രതയോടെ ചെയ്യേണ്ട ജോലിയാണു പത്രപ്രവർത്തനം. രണ്ടുവട്ടം ആലോചിച്ച ശേഷമേ വാർത്ത പ്രസിദ്ധീകരിക്കാവു എന്നും അദ്ദേഹം പറഞ്ഞു. അന്വേഷണാത്മകവും നിഷ്പക്ഷവുമായ പത്രപ്രവർത്തനത്തിൽ എൻ.എൻ. സത്യവ്രതൻ എന്നും മാതൃകയാണ്. ഇപ്പോഴുള്ളതുപോലെ ആധുനിക സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന കാലത്തു ശ്രദ്ധേയമായ ഒട്ടേറെ വാർത്ത കണ്ടെത്തി ജനങ്ങളിലെത്തിക്കാൻ സത്യവ്രതനു കഴിഞ്ഞു. പുതുതലമുറ ഇവരെ മാതൃകയാക്കണമെന്നും ആന്റണി പറഞ്ഞു. മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷതവഹിച്ചു.


കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റാണ് അവാർഡ് ഏർപ്പെടുത്തിയത്. മാനേജിംഗ് ട്രസ്റ്റി കെ.വി. തോമസ് എംപി, പി.ടി. തോമസ് എംഎൽഎ, മാധ്യമ പ്രവർത്തകരായ സണ്ണിക്കുട്ടി ഏബ്രഹാം, വിദ്യാധനം ട്രസ്റ്റ് പ്രതിനിധി എൻ.എൻ. സുഗുണപാലൻ തുടങ്ങിയവർ പ്രസംഗിച്ചു. കഴിഞ്ഞ വർഷം മികച്ച വിജയം നേടിയ വി.ടി. രതീഷ് (പത്രപ്രവർത്തനം), എസ്. മിഥുൻ (വിഷ്വൽ മീഡിയ), എം.എൻ. നിമിഷ (പിആർ അഡ്വർടൈസിംഗ്) എന്നിവർക്കാണ് സത്യവ്രതൻ അവാർഡ് നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.