ഓഫീസ് സമയത്ത് ഓണാഘോഷം നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നു നിർദേശം
Tuesday, August 30, 2016 1:00 PM IST
തിരുവനന്തപുരം: ഓഫീസ് പ്രവർത്തന സമയങ്ങളിൽ ഓണാഘോഷ പരിപാടികൾ നടത്തി സർക്കാർ ഓഫീസുകളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്കു ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാൻ വകുപ്പു മേധാവികൾ പ്രത്യേക നിർദേശം നൽകണമെന്നു ചീഫ് സെക്രട്ടറിയുടെ സർക്കുലർ. ഇതുസംബന്ധിച്ചു വകുപ്പു സെക്രട്ടറിമാർക്കു ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് നിർദേശം നൽകി. ഓഫീസ് പ്രവർത്തന സമയങ്ങളിൽ ഓണാഘോഷ പരിപാടികളോ അത്തപ്പൂക്കളമിടലോ പാടില്ല. ഓഫീസ് സമയത്തിനു മുമ്പോ ഉച്ചഭക്ഷണ സമയത്തോ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കണം. ആശുപത്രികളും പോലീസ് സ്റ്റേഷനുകളും അടക്കമുള്ള 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓഫീസുകളിൽ ജനങ്ങൾക്കു ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിൽ ക്രമീകരിക്കണം. ഇതുസംബന്ധിച്ചു പ്രത്യേക കരുതൽ ജീവനക്കാർക്കിടയിൽ ഉണ്ടാകാൻ നിർദേശിക്കണമെന്നും സർക്കുലറിൽ പറയുന്നു.

സെക്രട്ടേറിയറ്റിൽ ഓണാഘോഷ പരിപാടികൾ പ്രവർത്തന സമയത്തു നടത്തരുതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ നിർദേശിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.