അയ്യപ്പഭക്തര്‍ക്ക് ഇന്‍ഷ്വറന്‍സ് പദ്ധതി
അയ്യപ്പഭക്തര്‍ക്ക് ഇന്‍ഷ്വറന്‍സ് പദ്ധതി
Wednesday, November 25, 2015 12:56 AM IST
ശബരിമല: ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് അപകട മരണം സംഭവിച്ചാല്‍ മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കും. നാഷണല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

അസുഖം വന്നു മരിക്കുന്നവര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷയില്ലെങ്കിലും ഭൌതികശരീരം നാട്ടിലെത്തിക്കാനും, മരണാനന്തര ചടങ്ങുകള്‍ക്കുമായാണ് തുകനല്‍കുന്നത്. കേരളത്തിനകത്തുള്ള അയ്യപ്പഭക്തരുടെ ബന്ധുക്കള്‍ക്ക് 30,000 രൂപയും ഇതരസംസ്ഥാന സ്വാമിഭക്തരുടെ ആശ്രിതര്‍ക്ക് 50,000 രൂപയും നല്‍കും.

സന്നിധാനത്തു ഡ്യൂട്ടിയിലുള്ള ദേവസ്വം ഉദ്യോഗസ്ഥര്‍ക്കും, ശബരിമലയില്‍ സേവനമനുഷ്ഠിക്കുന്ന വിവിധ വകുപ്പുദ്യോഗസ്ഥര്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കും. പരിക്കു പറ്റുന്നവര്‍ക്കു പരമാവധി പതിനായിരം രൂപ ചികിത്സാ ചെലവ് ലഭിക്കും.

ശബരിമലയുടെ 25 കിലോമീറ്റര്‍ ചുറ്റളവില്‍ സംഭവിക്കുന്ന അത്യാഹിതങ്ങള്‍ ഇന്‍ഷ്വറന്‍സിന്റെ പരിധിയില്‍ വരും. ചെങ്ങന്നൂര്‍, കോട്ടയം, തിരുവല്ല എന്നീ റെയില്‍വേ സ്റേഷനുകളും പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ശബരിമല തീര്‍ഥാടകരുടെ പരാതികള്‍ക്ക് ഉടനടി പരിഹാരം

പമ്പ: ശബരിമല തീര്‍ഥാടകരുടെ പരാതി പരിഹാരത്തിനായി ജില്ലാ ഭരണകൂടം ടോള്‍ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തി. ഇന്നു രാവിലെ 9.30 ന് പമ്പയില്‍ നടക്കുന്ന ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ടോള്‍ ഫ്രീ നമ്പര്‍ സംവിധാനം ഉദ്ഘാടനം ചെയ്യും. തീര്‍ഥാടകരോട് ഹോട്ടലുകളിലും കടകളിലും അമിത വിലയോ ടോയ്ലറ്റുകള്‍ ഉപയോഗിക്കുന്നതിന് അമിത ചാര്‍ജ് ഈടാക്കുകയോ, വൃത്തിഹീനമായ സാഹചര്യം ശ്രദ്ധയില്‍പെടുകയോ ചെയ്താല്‍ ടോള്‍ ഫ്രീ നമ്പരില്‍ പരാതി അറിയിക്കാം. പമ്പ, നിലയ്ക്കല്‍, സന്നിധാനം തുടങ്ങിയ കേന്ദ്രങ്ങളിലെ കടകളും ടോയ്ലറ്റുകളും നമ്പര്‍ സഹിതം രജിസ്റര്‍ ചെയ്തിട്ടുണ്ട്. പരാതി അറിയിക്കുമ്പോള്‍ പരാതിയുള്ള കടയുടെ നമ്പര്‍ സഹിതം പരാതിപ്പെട്ടാല്‍ പ്രസ്തുത സ്ഥാപനത്തിനെതിരേ നടപടി ഉറപ്പാക്കും. 1800-425-1606 നമ്പരിലാണ് പരാതി അറിയിക്കേണ്ടത്. പരാതി അറിയിക്കുമ്പോള്‍തന്നെ റിക്കാര്‍ഡ് ചെയ്യപ്പെടും. ഈ പരാതി പമ്പയിലെ ഡ്യൂട്ടി മജിസ്ട്രേറ്റിന് കൈമാറും. ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ മൊബൈല്‍ സന്ദേശം വഴി ചുമതലയുള്ള ഓഫീസര്‍മാര്‍ക്ക് പരാതി കൈമാറും. ഇംഗ്ളീഷിലും ഹിന്ദിയിലും മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും പരാതി സ്വീകരിക്കാനുള്ള സൌകര്യമൊരുക്കിയിട്ടുണ്ട്. ഐടി മിഷനാണ് സംവിധാനത്തിനാവശ്യമായ സോഫ്റ്റ്വെയര്‍ വികസിപ്പിച്ചെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.