ബിജെപി വനിതാനേതാവിന്റെ വീട് ബോംബെറിഞ്ഞു തകര്‍ത്തു
ബിജെപി വനിതാനേതാവിന്റെ വീട് ബോംബെറിഞ്ഞു തകര്‍ത്തു
Tuesday, April 28, 2015 12:53 AM IST
കണ്ണൂര്‍: സമാധാനത്തിനു സര്‍വകക്ഷി യോഗം ആഹ്വാനം ചെയ്തതിനു പിന്നാലെ ചക്കരക്കല്ലില്‍ വീണ്ടും ബോംബേറ്. ധര്‍മടം നിയോജക മണ്ഡലം സെക്രട്ടറി ബി. ലതയുടെ ഇരിവേരി കോളനിയിലെ വീടിനു നേരേയാണ് ഇന്നലെ പുലര്‍ച്ചെ ആക്രമണമുണ്ടായത്. ഇവരുടെ മകന്‍ പ്രജീഷും സജീവ ബിജെപി പ്രവര്‍ത്തകനാണ്. ബോംബാക്രമണത്തില്‍ വീടിന്റെ മുന്‍വാതില്‍ തകര്‍ന്നുവീണു. ചുമരിനും ജനലിനും കേടുപാടുകള്‍ സംഭവിച്ചു. ഐസ്ക്രീം ബോംബാണ് എറിഞ്ഞതെന്നു പോലീസ് പറഞ്ഞു.

പൂലര്‍ച്ചെ 3.30ഓടെ ബൈക്കുകളിലെത്തിയ സംഘമാണ് ഇരിവേരി പുലിദൈവക്ഷേത്രത്തിനു സമീപത്തെ വീടിനു നേരേ ആക്രമണം നടത്തിയത്. ശബ്ദംകേട്ടു വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. ആക്രമണ സമയത്തു ലതയും പ്രജീഷും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ലതയുടെ ഭര്‍ത്താവ് പ്രസൂണ്‍ സ്വകാര്യബസ് ജീവനക്കാരനാണ്. അറിയപ്പെടുന്ന തെയ്യംകലാകാരന്‍ കൂടിയാണു പ്രജീഷ്. ഇപ്പോള്‍ ഫര്‍ണിച്ചര്‍ ജോലി ചെയ്തുവരികയാണ്.

കണ്ണൂര്‍ സിറ്റി സിഐ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തില്‍ പോലീസെത്തി പ്രദേശത്തു റെയ്ഡ് നടത്തി. രണ്ടുപേര്‍ പിടിയിലായതായി സൂചനയുണ്ട്. ചക്കരക്കല്ലില്‍ നേരത്തെയുണ്ടായ ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് ഇരിവേരി കോളനിയില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ ബോംബേറെന്നാണു പോലീസ് കരുതുന്നത്.

അക്രമത്തിനു പിന്നില്‍ സിപിഎമ്മാണെന്നു ബിജെപി ആരോപിച്ചു. ഒരു വശത്ത് സമാധാനത്തെക്കുറിച്ചു പറയുമ്പോള്‍ തന്നെ രാത്രി കാലത്തു സിപിഎം ക്രിമിനലുകളെ അഴിച്ചുവിടുകയാണെന്നു ബിജെപി ജില്ലാ നേതൃത്വം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ വ്യാഴാഴ്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ കണ്ണൂര്‍ കളക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷി സമാധാന യോഗം ജില്ലയില്‍ സമാധാനം നിലനിര്‍ത്താന്‍ ആഹ്വാനം ചെയ്തിരുന്നു. 29ന് തിരുവനന്തപുരത്തു സിപിഎം, ആര്‍എസ്എസ്, ബിജെപി സംസ്ഥാന നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചിരുന്നു. ഇതിനിടയിലാണു വീണ്ടും ആക്രമണമുണ്ടായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.