അന്യസംസ്ഥാന ലോട്ടറി: വില്പനസിബിഐ അന്വേഷിച്ചില്ലെന്നു സര്‍ക്കാര്‍
Thursday, September 18, 2014 12:22 AM IST
കൊച്ചി: അന്യസംസ്ഥാന ലോട്ടറിയുമായി ബന്ധപ്പെട്ട 23 കേസുകളില്‍ അന്വേഷണം നിര്‍ത്തിയ സിബിഐയുടെ നടപടി ചോദ്യം ചെയ്തു സര്‍ക്കാര്‍ എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. വേണ്ട രീതിയില്‍ അന്വേഷണം നടത്താതെയാണു സിബിഐ കേസ് അവസാനിപ്പിച്ചതെന്നു പബ്ളിക് പ്രോസിക്യൂട്ടര്‍ ജോസഫ് മണവാളന്‍ ബോധിപ്പിച്ചു.

ലോട്ടറികളുടെ വിശ്വാസ്യത പരിശോധിക്കുന്നതില്‍ മാത്രമൊതുങ്ങിയ സിബിഐ നിയമവിരുദ്ധമായ വില്‍പന സംബന്ധിച്ച് ഒരു അന്വേഷണവും നടത്തിയില്ല. ഒറ്റ, ഇരട്ട, മൂന്നക്ക നമ്പര്‍ ലോട്ടറികള്‍ക്കു ലോട്ടറിനിയന്ത്രണ നിയമപ്രകാരം വില്‍പനാനുമതിയില്ല. എന്നാല്‍, ഇത്തരത്തിലുള്ള ലോട്ടറികള്‍ സംസ്ഥാന വ്യാപകമായി പിടികൂടിയിരുന്നു.

ട്രിപ്പിള്‍ നമ്പര്‍ ലോട്ടറി 2011 സെപ്റ്റംബറില്‍ തിരുമലയില്‍നിന്നും ഒറ്റ നമ്പര്‍ ലോട്ടറികള്‍ തലശേരിയില്‍നിന്നും പോലീസ് പിടികൂടിയിരുന്നു. 2011 ഓഗസ്റില്‍ 30 ലക്ഷം രൂപയുടെ അനധികൃത ലോട്ടറികള്‍ വാളയാര്‍ ചെക്ക്പോസ്റില്‍ വാണിജ്യ നികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. 2010ലെ ലോട്ടറി റഗുലേഷന്‍ റൂള്‍ മൂന്നു (അഞ്ച്) പ്രകാരം സര്‍ക്കാര്‍ പ്രസുകളിലോ റിസര്‍വ് ബാങ്കിന്റെ പാനലിലുള്ള ഉയര്‍ന്ന സുരക്ഷയുള്ള പ്രസുകളിലോ ആണു പേപ്പര്‍ ലോട്ടറികള്‍ അച്ചടിക്കേണ്ടത്. എന്നാല്‍, കേരളത്തില്‍ വില്‍പന നടത്തിയ ലോട്ടറികള്‍ ശിവകാശിയിലെ മഹാലക്ഷ്മി പ്രിന്റേഴ്സിലാണ് അച്ചടിച്ചത്. ഇതു നിയമവിരുദ്ധമാണ്. ഓരോ വിഭാഗം ലോട്ടറിയുടെയും നറുക്കെടുപ്പ് പ്രത്യേകം നടത്തി പ്രത്യേകം ഫലം പ്രസിദ്ധപ്പെടുത്തണമെന്നാണു ചട്ടം. എന്നാല്‍, മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് എല്ലാ വിഭാഗം ലോട്ടറികളുടെയും നറുക്കെടുപ്പും ഫലപ്രഖ്യാപനവും ഒരുമിച്ചാണു നടത്തിയിരുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ലോട്ടറി നിയമങ്ങള്‍ ലംഘിച്ചതായും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. സിബിഐയുടെ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണത്തിന് ഉത്തരവിടണമെന്നാണു സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടത്. 20ന് കേസ് പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.