ദുരന്ത ബാധിതരോടും തൊഴിലാളികളോടും അവഗണന: യുഡിഎഫ് കളക്ടറേറ്റ് മാർച്ച് നാളെ
1549880
Thursday, May 15, 2025 5:55 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതരോടും തൊഴിലാളികളോടുമുള്ള സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് നാളെ കളക്ടറേറ്റ് മാർച്ചും ധർണയും നടത്താൻ യുഡിഎഫ് നിയോജകമണ്ഡലം പ്രവർത്തക കണ്വൻഷൻ തീരുമാനിച്ചു.
കാബിനറ്റ് തീരുമാനിച്ചിട്ടും പുഞ്ചിരിമട്ടം ദുരന്ത ബാധിതർക്ക് ദിനബത്ത ലഭിക്കുന്നില്ല. താത്കാലികമായി പുനരധിവസിപ്പിച്ചവർക്ക് വീട്ടുവാടക യഥാസമയം അനുവദിക്കുന്നില്ല.
ടൗണ്‍ഷിപ്പിന് ഏറ്റെടുത്ത എൽസ്റ്റൻ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ആനുകൂല്യം ലഭ്യമാക്കുന്നതിലും തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിലും നടപടി വൈകുകയാണ്. തൊഴിലാളികളെ ക്വാർട്ടേഴ്സുകളിൽനിന്നു ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കാൻ നീക്കം നടക്കുകയാണെന്നും കണ്വൻഷൻ ചൂണ്ടിക്കാട്ടി.
ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സലിം മേമന അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം യുഡിഎഫ് കണ്‍വീനർ പി.പി. ആലി, റസാഖ് കൽപ്പറ്റ, ടി. ജെ. ഐസക്, എം.എ. ജോസഫ്, ഒ.വി. അപ്പച്ചൻ, പോൾസണ്‍ കൂവക്കൽ, അലവി വടക്കേതിൽ, ശോഭനകുമാരി,
ഗിരീഷ് കൽപ്പറ്റ, എൻ. മുസ്തഫ, ഉസ്മാൻ പഞ്ചാര, സലിം വൈത്തിരി എന്നിവർ പ്രസംഗിച്ചു. മാർച്ച് രാവിലെ 11ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.