മങ്കട: പള്ളിപ്പുറം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കേരള ഹോക്കി അസോസിയേഷന് സംഘടിപ്പിച്ച സംസ്ഥാന ജൂണിയര്‍ ഗേള്‍സ് ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറം ജില്ലാ ടീം വെങ്കല മെഡല്‍ കരസ്ഥമാക്കി.
തിരുവനന്തപുരം, പത്തനംതിട്ട ജില്ലകള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. 16 മുതല്‍ ആരംഭിച്ച ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോട്, കൊല്ലം, പാലക്കാട് ജില്ലകളെ പരാജയപ്പെടുത്തിയാണ് മലപ്പുറം വെങ്കലം നേടിയത്.
ജിഎച്ച്എസ്എസ് കടുങ്ങപുരം, ജിഎച്ച്എസ്എസ് പാങ്ങ് എന്നീ വിദ്യാലയങ്ങളില്‍ നിന്നുള്ള താരങ്ങളായിരുന്നു ജില്ലാ ടീമില്‍ അണിനിരന്നതെന്നു പരിശീലകരായ വി.സജാത് സാഹിര്‍, എം.അമീറുദ്ദീന്‍, ടീം മാനേജര്‍ എം. അയിശ നജീബ എന്നിവര്‍ പറഞ്ഞു.
ദേശീയ താരങ്ങളായ കെ. ഫാത്തിമ റിന്‍ഷ (ക്യാപ്റ്റന്‍), കെ.സൂര്യ, സി.കെ. അയിശ സന, പി. ദര്‍ശന, എ.ദില്‍ന ഷറിന് എന്നിവരടങ്ങിയതായിരുന്നു മലപ്പുറം ടീം. ജില്ലയില്‍ നിന്നു ഫാത്തിമ റിന്‍ഷ, പി. ദര്‍ശന, എ.ദില്‍ന ഷറിന് എന്നിവര്‍ സംസ്ഥാന ടീമിലിടം നേടി.
വിജയികളെ മലപ്പുറം ഹോക്കി അസോസിയേഷന് പ്രസിഡന്റ് അഹമ്മദ് ബഷീര്‍ മച്ചിങ്ങല്‍, സെക്രട്ടറി മുഹമ്മദ് ഷറഫുദ്ദീന് റസ്വി, മാസ്റ്റേഴ്സ് ഹോക്കി ചെയര്മാന് പാലോളി അബ്ദുറഹ്മാന്, നൗഷാദ് മാമ്പ്ര എന്നിവര്‍ അനുമോദിച്ചു.