കുടിവെള്ള പൈപ്പുകൾ സംരക്ഷിക്കാൻ മെറ്റൽ ഫെൻസ്; യാത്രികർ ബുദ്ധിമുട്ടിൽ
1458618
Thursday, October 3, 2024 4:38 AM IST
പേരൂർക്കട: കുടിവെള്ള പൈപ്പുകൾ സംരക്ഷിക്കുന്നതിനുവേണ്ടി മെറ്റൽ ഫെൻസ് സ്ഥാപിച്ചിരിക്കുന്നതു വാഹന യാത്രികർക്ക് ഭീഷണി സൃഷ്ടിക്കുന്നു. മുട്ടട ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിൽനിന്ന് 100 മീറ്റർ മാറിയാണ് കുടിവെള്ള പൈപ്പുകൾ അവിടവിടെ കൂട്ടിയിട്ടിരിക്കുന്നത്.
മുട്ടട-പരുത്തിപ്പാറ റോഡിൽ പൈപ്പ്പൊട്ടൽ സ്ഥിരം സംഭവമായതോടെ പുതിയ കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാൻ അധികൃതർ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി പൈപ്പുകൾ അട്ടിയിരിക്കുന്നതു റോഡിലേക്കു വീഴാതിരിക്കാൻ സ്ഥാപിച്ചിരിക്കുന്ന ഫെൻസാണു വാഹന യാത്രകൾക്ക് കുരുക്കായി മാറിയിരിക്കുന്നത്.
അതേസമയം പൈപ്പുകൾ ഊർന്നിറങ്ങാതിരിക്കുന്നതിനു വേണ്ടി ഇഷ്ടിക കഷണങ്ങളോ മറ്റോ വച്ചിരുന്നെങ്കിൽ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാകുമായിരുന്നില്ലെന്നു നാ ട്ടുകാർ പറയുന്നു. പൈപ്പുകൾ തുടങ്ങുന്നിടത്തും അവസാനിക്കുന്നിടത്തും ഓരോ ഫെൻസുകളാണ് വച്ചിരിക്കുന്നത്.
ഇത് റോഡിലേക്ക് തള്ളി നിൽക്കുന്നതാണ് വാഹന യാത്രക്കാർക്ക് ഭീഷണി സൃഷ്ടിക്കുന്നത്. രാത്രികാലങ്ങളിൽ തെരുവുവിളക്ക് ഈ ഭാഗത്ത് പ്രകാശിക്കുന്നതു കുറവായതിനാൽ അപകട സാധ്യത യും നിലനിൽക്കുന്നുണ്ട്.