മുങ്ങിമരണങ്ങൾ തടയാം
ഡോ. ചാൾസൺ ഏഴിമല
Friday, July 25, 2025 3:30 AM IST
അശ്രദ്ധ, അറിവില്ലായ്മ, സുരക്ഷാ സംവിധാനങ്ങളുടെ അഭാവം എന്നിവയെല്ലാം മുങ്ങിമരണ ദുരന്തങ്ങൾക്കു വഴിവയ്ക്കുന്നു. എന്നിരുന്നാലും, ഈ മരണങ്ങൾ തടയാൻ സാധിക്കുന്നവയാണ്. നീന്തൽ പരിശീലനം, ജലസുരക്ഷാ അവബോധം, ഫലപ്രദമായ രക്ഷാപ്രവർത്തനങ്ങൾ, ഒപ്പം സർക്കാരുകളുടെയും സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും കൂട്ടായ പ്രവർത്തനം എന്നിവയിലൂടെ മുങ്ങിമരണങ്ങൾക്ക് അറുതിവരുത്താൻ സാധിക്കും.
ഞെട്ടിക്കുന്ന കണക്കുകൾ
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഓരോ വർഷവും ലോകമെമ്പാടും ഏകദേശം 2,36,000 പേർ മുങ്ങിമരിക്കുന്നുണ്ട്. ഒന്നു മുതൽ നാലു വരെ വയസുള്ള കുട്ടികളിലാണു മുങ്ങിമരണനിരക്ക് ഏറ്റവും കൂടുതൽ. ഇന്ത്യയുടെ കാര്യമെടുത്താൽ, ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഓരോ വർഷവും 30,000ത്തിലധികം ആളുകളാണു മുങ്ങിമരിക്കുന്നത്.
കേരളം ജലസമൃദ്ധമായ ഒരു സംസ്ഥാനമായിട്ടും മുങ്ങിമരണങ്ങൾ വലിയ പ്രശ്നമാണ്. 500ലധികം ആളുകൾ ഓരോ വർഷവും കേരളത്തിൽ മുങ്ങിമരിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. കുട്ടികളും യുവാക്കളുമാണു കൂടുതൽ ഇരയാകുന്നത്. പുഴകൾ, കുളങ്ങൾ, കടൽ, കായലുകൾ, വെള്ളക്കെട്ടുകൾ എന്നിവയെല്ലാം അപകടമേഖലകളായി മാറുന്നു.
എത്രത്തോളം നീന്താനറിയാം
നീന്താൻ അറിയാമെന്ന അമിത ആത്മവിശ്വാസത്തിലാണു പലരും ജലാശയങ്ങളിൽ ഇറങ്ങുന്നത്. എത്രത്തോളം നീന്താൻ അറിയാമെന്നതു പ്രധാനമാണ്. ആഴം കുറഞ്ഞതും ഒഴുക്കില്ലാത്തതുമായ ജലാശയങ്ങളിൽ നീന്തി ശീലിച്ചവർക്കു പുഴയിലെ കുത്തൊഴുക്കും അടിത്തട്ടിലെ ചെളിയും അതിജീവിക്കാനാവില്ല. ഇത്തരത്തിൽ നീന്തലിൽ വൈദഗ്ധ്യമില്ലാത്തവർ വെള്ളത്തിൽ വീണവരെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ അപകടം ഇരട്ടിയാകും.
പരിചയമില്ലാത്ത കടവുകളിൽ ഇറങ്ങുന്നതും കുളിക്കുന്നതും ഒഴിവാക്കണം. അതിസാഹസികത കാട്ടാനുള്ള സ്ഥലങ്ങളല്ല ജലാശയങ്ങൾ. പുല്ലുവളര്‍ന്നു നില്ക്കുന്ന വെള്ളക്കെട്ടുകള്‍ക്ക് ആഴം കുറവാകുമെന്നു കരുതി അപകടത്തില്പ്പെടുന്നവരേറെയാണ്. നീന്തൽ വിദഗ്ധരുടെ സഹായത്തോടെ മാത്രമേ പുഴകളിലും മറ്റും ഇറങ്ങാൻ പാടുള്ളൂ. വേലിയേറ്റവും ഇറക്കവും അനുസരിച്ച് കടലിലെയും പുഴകളിലെയും ഒഴുക്കിനു ജലനിരപ്പിനും വ്യത്യാസമുണ്ടാകും. ഇതൊന്നുമറിയാതെ വെള്ളത്തിലിറങ്ങുന്നവർ അപകടം ക്ഷണിച്ചുവരുത്തും.
സ്കൂളുകളിൽ വേണം നീന്തൽ പരിശീലനം
കുട്ടികൾക്കു ചെറുപ്പത്തിലേ നീന്തൽ പരിശീലനം നൽകുന്നത് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും ജലത്തെക്കുറിച്ചുള്ള ഭയം ഇല്ലാതാക്കാനും സഹായിക്കും. ഇത് ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളെ ഒരു പരിധിവരെ തടയും. അഞ്ചു മുതൽ പത്തു വരെ ക്ലാസുകളിലുള്ളവർക്കാണ് പരിശീലനം നൽകേണ്ടത്. എന്നാൽ, പല സ്കൂളുകൾക്കും നീന്തൽ പഠിപ്പിക്കാൻ ആവശ്യമായ സംവിധാനം ക്രമീകരിക്കാൻ കഴിയുന്നില്ല.
നീന്തൽ പരിശീലനം കാര്യക്ഷമമായാൽ ജലസുരക്ഷയെക്കുറിച്ചു കുട്ടികളിൽ അവബോധമുണ്ടാക്കാനും അതുവഴി ജലാശയ അപകടങ്ങൾ കുറയ്ക്കാനും സാധിക്കും. നീന്തൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും ജലസുരക്ഷാ അവബോധം വർധിപ്പിക്കുന്നതിനുമായി സർക്കാർ വിവിധ പരിപാടികൾ നടപ്പാക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രിതന്നെ പ്രസ്താവിച്ചിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവരുടെ വാർഷിക പദ്ധതികളിൽ നൂതന നീന്തൽ പരിശീലന പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണു മറ്റൊരു അവകാശവാദം. എന്നാൽ, ഇതിലെ കാര്യക്ഷമത പരിശോധിക്കുന്നുമില്ല. ആരോഗ്യം, ശാരീരിക ക്ഷമത, ശാരീരിക പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ധാരണ വികസിപ്പിക്കാനാണ് നീന്തലും ജലസുരക്ഷയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത്.
നീന്തൽ പഠനത്തിന് ഫണ്ടില്ല
നീന്തല്‍ പരിശീലനം സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നു നിര്‍ദേശിച്ച് ബാലാവകാശ കമ്മീഷന് ഉത്തരവിട്ടത് 2022 ഫെബ്രുവരിയിലാണ്. എന്നാല്‍, പല സ്കൂളുകളില്‍ എവിടെയും പഠനം നടക്കുന്നില്ല. പഠനത്തിനു ചെലവാക്കേണ്ട തുക, നീന്തല്‍ പരിശീലകരെ കണ്ടെത്താന്‍ സാധിക്കാത്ത പ്രശ്നം തുടങ്ങിയവയാണ് പദ്ധതി നിലയ്ക്കാന്‍ കാരണം. 2022 വരെ നീന്തലിനു രണ്ട് ശതമാനം ഗ്രേസ് മാര്‍ക്ക് ലഭിച്ചിരുന്നു.
എന്നാല്‍, കഴിഞ്ഞ മൂന്നുവര്‍ഷമായി ഇതു ലഭിക്കാറില്ല. ഗ്രേസ് മാര്‍ക്ക് നഷ്ടപ്പെടേണ്ട എന്ന കാരണത്താല്‍ രക്ഷിതാക്കള്‍തന്നെ മുന്നിട്ടിറങ്ങി വിദ്യാര്‍ഥികളെ നീന്തല്‍ പരിശീലിപ്പിച്ചിരുന്നു. എന്നാല്‍, ഇതു നിര്‍ത്തലാക്കിയതോടെ നീന്തല്‍ പഠനവും അവസാനിച്ചു. ബിആര്‍സി, എസ്എസ്കെ എന്നിവയുടെ നേതൃത്വത്തില്‍ വിരലില്‍ എണ്ണാവുന്ന സ്കൂളുകളിലാണ് പരിശീലനങ്ങള്‍ നടന്നിരുന്നത്. സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതു പല വിദ്യാലയങ്ങള്‍ക്കും ലഭിച്ചിട്ടില്ല.
നീന്തൽ പഠിക്കാം, ജീവിതം സുരക്ഷിതമാക്കാം
നീന്തൽ പഠനം ഒരു അടിസ്ഥാന കഴിവായി മാറുകയും ജലസുരക്ഷയെക്കുറിച്ചുള്ള അവബോധം സമൂഹത്തിൽ വ്യാപിക്കുകയും ചെയ്താൽ ഒരു പരിധിവരെ മുങ്ങിമരണങ്ങൾ ഒഴിവാക്കാൻ സാധിക്കും. വ്യക്തികൾ, കുടുംബങ്ങൾ, സന്നദ്ധ സംഘടനകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സംസ്ഥാന-കേന്ദ്ര സർക്കാരുകൾ എന്നിവരെല്ലാം ഒരുമിച്ചു പ്രവർത്തിച്ചാൽ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാൻ സാധിക്കൂ.
ഓരോ ജീവനും അമൂല്യമാണ്, അതു രക്ഷിക്കാൻ നമുക്കു കൈകോർക്കാം. ജലത്തെ ഭയക്കാതെ, ജലത്തെ അറിഞ്ഞ് സുരക്ഷിതമായി ജീവിക്കാൻ നമുക്കു പഠിക്കാം. നീന്തൽ വെറുമൊരു വിനോദമല്ല, അതൊരു അതിജീവന മാർഗം കൂടിയാണ്. ഓരോ വ്യക്തിയും അറിഞ്ഞിരിക്കേണ്ട ഒരത്യാവശ്യ കഴിവാണ് നീന്തൽ.
നീന്തൽ പഠിക്കേണ്ടതിന്റെ 20 കാരണങ്ങൾ
♦ ജീവന്റെ സുരക്ഷ: വെള്ളത്തിൽ മുങ്ങിപ്പോകുന്നത് തടയാനും മറ്റുള്ളവരെ രക്ഷിക്കാനും നീന്തൽ സഹായിക്കും.
♦ ആത്മവിശ്വാസം വർധിക്കുന്നു: നീന്തൽ പഠിക്കുന്നതിലൂടെ ആത്മവിശ്വാസം കൂടുകയും ഏതു സാഹചര്യത്തെയും നേരിടാനുള്ള ധൈര്യം ലഭിക്കുകയും ചെയ്യും.
♦ ശാരീരിക ആരോഗ്യം: നീന്തൽ ഒരു മികച്ച വ്യായാമമാണ്. ഇതു പേശികളെ ബലപ്പെടുത്തുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
♦ സന്ധിവേദന കുറയ്ക്കുന്നു: സന്ധികൾക്ക് അധികം ആയാസമില്ലാതെ ചെയ്യാൻ കഴിയുന്ന ഒരു വ്യായാമമാണിത്.
♦ മാനസികാരോഗ്യം: നീന്തൽ സമ്മർദം കുറയ്ക്കാനും മാനസികോല്ലാസം നൽകാനും സഹായിക്കും.
♦ ഊർജം വർധിപ്പിക്കുന്നു: പതിവായ നീന്തൽ ശരീരത്തിനു കൂടുതൽ ഊർജസ്വലത നൽകുന്നു.
♦ ഭാരം കുറയ്ക്കാൻ സഹായിക്കുന്നു: ഒരു മികച്ച കലോറി ബേണിംഗ് വ്യായാമമാണിത്.
♦ പ്രതിരോധശേഷി കൂട്ടുന്നു: ഇതു ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു.
♦ എല്ലാ പ്രായക്കാർക്കും അനുയോജ്യം: കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ചെയ്യാവുന്ന വ്യായാമമാണിത്.
♦ മറ്റ് ജലവിനോദങ്ങൾക്ക്: ബോട്ടിംഗ്, സർഫിംഗ്, ഡൈവിംഗ് തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെടാൻ നീന്തൽ അറിഞ്ഞിരിക്കണം.
♦ അപകടങ്ങൾ ഒഴിവാക്കാൻ: വെള്ളവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നവർക്ക് ഇത് അത്യാവശ്യമാണ്.
♦ യാത്രാവേളകളിൽ സുരക്ഷ: കായലുകളിലോ പുഴകളിലോ കടലിലോ യാത്ര ചെയ്യുമ്പോൾ നീന്തൽ അറിഞ്ഞിരിക്കുന്നതു സഹായകമാകും.
♦ വേനൽക്കാല വിനോദം: ചൂടുകാലത്ത് ശരീരത്തെ തണുപ്പിക്കാനും ഉന്മേഷം നൽകാനും നീന്തൽ സഹായിക്കും.
♦ ശരീരത്തിന്റെ വഴക്കം കൂട്ടുന്നു: നീന്തൽ ശരീരത്തിനു നല്ല വഴക്കം നൽകുന്നു.
♦ പേശികൾക്ക് ബലം: എല്ലാ പ്രധാന പേശികൾക്കും ഒരുപോലെ വ്യായാമം ലഭിക്കുന്നു.
♦ അച്ചടക്കം പഠിപ്പിക്കുന്നു: നീന്തൽ പരിശീലനം ക്ഷമയും അച്ചടക്കവും പഠിപ്പിക്കും.
♦ നല്ല ഉറക്കം: പതിവായ നീന്തൽ നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.
♦ സാമൂഹിക ബന്ധങ്ങൾ: നീന്തൽ ക്ലാസുകളിലൂടെ പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാനും സാമൂഹിക ബന്ധങ്ങൾ മെച്ചപ്പെടുത്താനും സാധിക്കും.
♦ രക്ഷാപ്രവർത്തനങ്ങൾക്ക്: പ്രളയം പോലുള്ള സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ നീന്തൽ കഴിവ് ആവശ്യമാണ്.
♦ ആജീവനാന്ത കഴിവ്: ഒരിക്കൽ പഠിച്ചാൽ ജീവിതകാലം മുഴുവൻ പ്രയോജനപ്പെടുന്ന ഒരു കഴിവാണ് നീന്തൽ.
വേണം ശരിയായ പരിശീലനം
♦ അടിസ്ഥാന നീന്തൽ കഴിവുകൾ: വെള്ളത്തിൽ നിൽക്കാനും ശ്വാസമെടുക്കാനും മുന്നോട്ടു നീങ്ങാനും പഠിക്കുക.
♦ ജലത്തിൽ ഭയം കുറയ്ക്കുക: വെള്ളവുമായി ഇണങ്ങിച്ചേരാനും ഭയം ഇല്ലാതാക്കാനും സഹായിക്കുന്ന പരിശീലനം.
♦ രക്ഷാപ്രവർത്തനത്തിനുള്ള അറിവ്: അപകടത്തിൽപെടുന്ന ഒരാളെ എങ്ങനെ സുരക്ഷിതമായി രക്ഷിക്കാമെന്നും സ്വയം എങ്ങനെ സുരക്ഷിതനായിരിക്കാമെന്നും പഠിക്കുക. ഇതിൽ ഡൈവിംഗ്, നീന്തൽ സാമഗ്രികൾ ഉപയോഗിക്കാനുള്ള കഴിവ്, പ്രഥമശുശ്രൂഷ, സിപിആർ എന്നിവയും ഉൾപ്പെടുന്നു.
♦ അടിയന്തര സാഹചര്യങ്ങളിൽ സ്വയം രക്ഷിക്കാനുള്ള കഴിവ്: ചുഴികളിൽ അകപ്പെട്ടാൽ, ശക്തമായ ഒഴുക്കിൽപ്പെട്ടാൽ, ബോധം നഷ്ടപ്പെട്ടാൽ തുടങ്ങിയ സാഹചര്യങ്ങളിൽ സ്വയം രക്ഷിക്കാനുള്ള സാങ്കേതികവിദ്യകൾ പഠിക്കുക.
♦ ജലസുരക്ഷാ ബോധവത്കരണം: അപകടകരമായ ജലാശയങ്ങൾ തിരിച്ചറിയാനും, സുരക്ഷാ മുൻകരുതലുകൾ എടുക്കാനും, മുന്നറിയിപ്പുകൾ ശ്രദ്ധിക്കാനും പഠിക്കുക.
♦ സാങ്കേതികവിദ്യയുടെ ഉപയോഗം: ജലാശയങ്ങളിലെ അപകടസാധ്യതാ മുന്നറിയിപ്പുകൾ നൽകുന്നതിനും അടിയന്തര സഹായം ലഭ്യമാക്കുന്നതിനും സാങ്കേതികവിദ്യയുടെ സഹായം തേടുക. (വെള്ളത്തിന്റെ ഒഴുക്ക്, ആഴം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ മൊബൈൽ ആപ്പുകളിലൂടെ ലഭ്യമാക്കുക).
♦ സുരക്ഷാ ഓഡിറ്റ്: പൊതുജനങ്ങൾ ഉപയോഗിക്കുന്ന എല്ലാ ജലാശയങ്ങളിലും (കുളങ്ങൾ, പുഴക്കടവുകൾ, നീന്തൽക്കുളങ്ങൾ) കൃത്യമായ സുരക്ഷാ ഓഡിറ്റുകൾ നടത്തി അപകടസാധ്യതകൾ തിരിച്ചറിഞ്ഞ് പരിഹരിക്കുക.