ഇപ്പോൾ ഗസലിനൊപ്പം ഇന്ത്യയുടെ വാനമ്പാടി ലതാമങ്കേഷ്കറുടെ പാട്ടുകൾ മാത്രം ഉൾപെടുത്തികൊണ്ടുള്ള ‘കുച്ച് ദിൽനേ കഹാ’ എന്ന പ്രത്യേക പരിപാടിയും സരിത റഹ്മാൻ അവതരിപ്പിക്കുന്നു. അബുദാബി അടക്കം പത്ത് സ്റ്റേജുകൾ പിന്നിട്ടു. കഴിഞ്ഞ സെപ്റ്റംബർ 28 നു ലതാജിയുടെ എൺപത്തിയാറാം പിറന്നാളിനാണ് ‘കുച്ച് ദിൽനേ കഹാ’ തുടങ്ങിയത്. മാസം ഒരു ജില്ലയിൽ ഒരു പരിപാടി എന്ന നിലയിൽ ‘കുച്ച് ദിൽനേ കഹാ’ അവതരിപ്പിച്ചുവരുന്നു. റാഫി നൈറ്റ് പോലെ സ്ത്രീ കേന്ദ്രീകൃതമെന്ന നിലയിൽ ലതാമങ്കേഷ്കറുടെ മാത്രം പാട്ടുകൾ കോർത്തിണക്കിയുള്ള പരിപാടി. ലതാജിയുടെ ജനപ്രീതി നേടിയ ഇരുപത് പാട്ടുകൾ സരിത അവതരിപ്പിക്കുന്നു.
കലാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്നു ലഭിച്ച പ്രോത്സാഹനം സരിതക്കു മുതൽക്കൂട്ടായെങ്കിൽ ശാസ്ത്രീയ വിദ്യാഭ്യാസം നേടാനും ഇവർ മറന്നില്ല. പാലക്കാട് ചിറ്റൂർ സംഗീത കോളജിൽ നിന്നു കർണാടക സംഗീതത്തിൽ പ്രാവീണ്യം നേടിയത് ഈ രംഗത്തു തുണയായി. ഛത്തീസ്ഗഢിൽ നിന്നു തിരൂരിൽ വരാറുള്ള ഉസ്താദ് ദിനേശ് ദേവദാസ്ജിയിൽ നിന്ന് അഞ്ചു വർഷത്തോളം ഹിന്ദുസ്‌ഥാനിയിൽ പരിശീലനം നേടിയതോടെ ആത്മവിശ്വാസം വർധിച്ചു. പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നില്ല.
ഉപ്പ തുടങ്ങിയ റഹ്മാൻ മ്യൂസിക് ക്ലബിന്റെ തണലിൽ പാടിവളർന്നു. സംഗീത സാമ്രാട്ട് എം.എസ്.ബാബുരാജിനൊപ്പം ഏറെകാലം കംപോസറായിരുന്നു ഉപ്പ റഹ്മാൻ. ഗുലാം അലിയുടെയും മെഹ്ദി ഹസന്റെയും ഗസലുകൾ വീട്ടിൽ രാഗവീചികൾ തീർത്തപ്പോൾ ഇവ വല്ലാതെ സ്വാധീനിച്ചിരുന്നുവെന്നു പറയാം. എട്ടിൽ പഠിക്കുന്ന കാലത്താണു ഹരിഹരന്റെ ആൽബം പുറത്തിറങ്ങുന്നത്. ഇവ പഠിച്ചാണു ഗസൽ അവതരിപ്പിച്ചതെന്നു സരിത ഓർത്തു.
പത്താം വയസിൽ പിന്നണി ഗായകൻ പി.ജയചന്ദ്രനൊപ്പം മാപ്പിളപാട്ട് ആൽബത്തിൽ പാടാൻ അവസരം ലഭിച്ചു. ദൂരദർശൻ, ഏഷ്യാനെറ്റ്, മീഡിയാവൺ, കൈരളി, അമൃത, മനോരമ വിഷൻ തുടങ്ങിയ ചാനലുകളിൽ ഗസൽ ഉൾപെടെ അവതരിപ്പിച്ചിട്ടുണ്ട്. ഭർത്താവ് നൗഷാദ് നന്നായി ഗാനങ്ങൾ എഴുതും. ഇരുവരും ചേർന്ന് ‘ഒരു വാക്ക് പിന്നേയും ബാക്കി’ എന്ന ആൽബം പുറത്തിറക്കി. മഞ്ചേരിയിലെ വേദി കലാ സംഘടന സംസ്‌ഥാനതലത്തിൽ നടത്തിയ ഗസൽ മത്സരത്തിൽ ജേതാവായിരുന്നു സരിത. പഠിക്കുന്ന അവസരത്തിൽ കലാതിലക പട്ടം ചൂടിയിരുന്നു.
ഗാന രംഗത്തിനു പുറമെ കഥാരചനയിലും തിളങ്ങി. മാതൃഭൂമി ആഴ്ചപതിപ്പ് വിദ്യാർഥികൾക്കായി നടത്തിയ സംസ്‌ഥാനതല ചെറുകഥാ മത്സരത്തിൽ സരിത രണ്ടാം സ്‌ഥാനം കരസ്‌ഥമാക്കിയിരുന്നു. ‘പാട്ടുവണ്ടിയിലെ കഥാസഞ്ചാരങ്ങൾ’ എന്ന പേരിൽ കഥാസമാഹാരങ്ങൾ പുറത്തിറക്കിയിട്ടുമുണ്ട്. സരിതയുടെ പാട്ടുകൾ പലർക്കും പ്രചോദനമായിട്ടുണ്ടെന്നതാണ്് മറ്റൊരു വിശേഷം. ഷാർജയിൽ താമസമാക്കിയ വീട്ടമ്മ സരിതയിൽ നിന്നുള്ള സ്വാധീനത്താൽ പാട്ടിന്റെ വഴിയിലെത്തി. കുച്ച് ദിൽനേ കഹാ എന്ന പ്രോഗ്രാം ഉൾപെടെയുള്ളവ കണ്ടായിരുന്നു ഇത്. ഇക്കാര്യത്തിൽ ഒരു സ്ത്രീ എന്ന നിലയിലുള്ള ആത്മവിശ്വാസം വലുതാണ്. തന്റെ കരിയറിലെ ഗ്രാഫ് ഉയർത്താൻ ഈ പ്രോഗ്രാം സഹായിച്ചതായി മൂപ്പത്തിയാറുകാരി സരിത വിശ്വസിക്കുന്നു. ശരിക്കും ബ്രേക്കാണ് കുച്ച് ദിൽനേ കഹാ. തിരൂർ പുത്തൻതെരുവിലാണ് താമസം. ഭർത്താവ് നൗഷാദ് കംപ്യൂട്ടർ സെന്റർ നടത്തുന്നു. രണ്ടു മക്കൾ. എട്ടിൽ പഠിക്കുന്ന നസീം അഹമ്മദ് മിർസയും നഴ്സറി വിദ്യാർഥിനി നൂറാ നസ്രിയയും.
ആർ.കെ.പ്രദീപ്