കൗമാരക്കാരിലെ സ്വാഭാവ മാറ്റങ്ങളെ സൂക്ഷ്മ നിരീക്ഷണത്തിനും അമിത നിയന്ത്രണത്തിനും വിധേയമാക്കാതിരിക്കുക. തെറ്റുകളെ പര്‍വതീകരിച്ചു അധിക്ഷേപിക്കാതെ അത് സ്വാഭാവികമാണെന്നും തിരുത്താന്‍ കഴിയുന്നതാണെന്നും അവരെ ബോധ്യപ്പെടുത്തുന്നതോടൊപ്പം അത് ക്ഷമിക്കാന്‍ മുതിര്‍ന്നവര്‍ തയാറാണെന്നുമുള്ള വിശ്വാസം അവരില്‍ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ അതുവഴി ഭാവിയില്‍ അവര്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധികള്‍ വീട്ടില്‍ തുറന്നുപറയാനുള്ള ആത്മവിശ്വാസമാണ് അവര്‍ ആര്‍ജിക്കുന്നത്.
സൗഹൃദം സൗഹൃദങ്ങള്‍ക്ക് ഏറെ പ്രാധാന്യം കല്‍പ്പിക്കുന്ന കാലം കൂടിയാണ് കൗമാരം. ഈ ഘട്ടത്തില്‍ സുഹൃത്തുക്കളുടെ അഭിപ്രായങ്ങള്‍ക്ക് മാതാപിതാക്കളുടെ അഭിപ്രായത്തേക്കാള്‍ പ്രാധാന്യം നല്‍കുന്നതും കാണാറുണ്ട്. കൂട്ടുകാരുടെ പ്രോത്സാഹനമുണ്ടെങ്കില്‍ ഏറെ സാഹസമുള്ള കാര്യങ്ങള്‍പോലും ഭീതി കൂടാതെ ചെയ്യാന്‍ കൗമാരക്കാര്‍ തയാറാകും. സുഹൃത്തുകളുടെ അംഗീകാരം നേടിയെടുക്കാനും ധീരത പ്രകടിപ്പിക്കാനും ശരി തെറ്റുകളോ പ്രത്യാഘാതങ്ങളോ വകവയ്ക്കാതെ ഇറങ്ങിത്തിരിക്കുന്നത് പലപ്പോഴും കൗമാരപ്രായക്കാരെ വലിയ അബദ്ധങ്ങളിലേക്കും ദുശ്ശീലങ്ങളിലേക്കും കൊണ്ടെത്തിക്കാറുണ്ട്. ഇങ്ങനെ ഒരുവശം ഉണ്ടെങ്കില്‍കൂടി സൗഹൃദം വളര്‍ത്തിയെടുക്കുന്നതില്‍ നിന്നും അവരെ തടയുന്നത് വലിയ മണ്ടത്തരമാണ്. അവരുടെ സുഹൃത്തുകളെ അടുത്തറിയുകയും അവരുമായി ആരോഗ്യകരമായ സൗഹൃദം വളര്‍ത്തിയെടുക്കുകയും വേണം. അതുവഴി അവരുടെ സൗഹൃദവലയത്തെക്കുറിച്ച് കൃത്യമായ ധാരണലഭിക്കും. ഏതു തരക്കാരുമായാണ് സൗഹൃദം സ്ഥാപിക്കേണ്ടതെന്ന് അവരെ സ്‌നേഹപൂര്‍വം ബോധ്യപ്പെടുത്തിക്കൊടുക്കാനും കഴിയേണ്ടതുണ്ട്. തെറ്റായ ശീലങ്ങളിലേക്ക് നയിക്കുന്ന സുഹൃത്തുക്കളുണ്ടെങ്കില്‍ അതിന്റെ ഭവിഷത്ത് ബോധ്യപ്പെടുത്തിക്കൊടുക്കുന്നതോടൊപ്പം അത്തരം സുഹൃത്തുക്കളെ ഒഴിവാക്കാനും ശീലിപ്പിക്കേണ്ടതുണ്ട്.
ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണത്തിന് ബാല്യമെന്നപോലെ ആത്മവിശ്വാസമുള്ള കൗമാരത്തിനും ഏറെ പ്രാധാന്യമുണ്ട്. വ്യത്യസ്ത കഴിവുകളും ചുറുചുറുക്കുമുള്ള പലരും പിടിവാശിയും ആശങ്കയും തെറ്റായ സൗഹൃദവും കാരണം അബദ്ധങ്ങളില്‍ ചെന്നുചാടുന്നു. അപ്രായോഗികമായ ചിന്തകള്‍ മനസില്‍ കൊണ്ടുനടക്കുകയും പ്രായോഗിക മാര്‍ഗങ്ങള്‍ പരിഗണിക്കാതെ ലക്ഷ്യത്തിലെത്താന്‍ കഴിയാതെ വരുമ്പോള്‍ മാനസികമായി തകര്‍ന്നുപോകുന്നവര്‍ തങ്ങളെ ആരും മനസിലാക്കുന്നില്ലെന്നുള്ള ബോധ്യത്തിലേക്ക് എത്തിച്ചേരും. അവരെ ആത്മവിശ്വാസമുള്ളവരായി മാറ്റാന്‍ ക്ഷമയോടെ, തുറന്നമനസോടെ, സ്‌നേഹത്തോടെ ഇടപഴകാനും ആവശ്യമായ അറിവുകള്‍ പകരാനും വളര്‍ത്തിക്കൊണ്ടുവരാനും കഴിയേണ്ടതുണ്ട്. അത്തരത്തിലുള്ള പ്രോത്സാഹനം ലഭിക്കാതെ വരുമ്പോള്‍ പഠന, പഠനേതര കാര്യങ്ങളില്‍ പിന്നോട്ട് പോകാനും പതിയെ നിരാശയിലേക്കും വിഷാദത്തിലേക്കും എത്തിപ്പെടുമെന്നതില്‍ സംശയില്ല.
നിഷിത മോഹന്‍ദാസ് കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്, പരവൂര്‍, കൊല്ലം