7. ചൂടുകാലത്ത് മുഖക്കുരു കൂടുമെന്നു കേട്ടിട്ടുണ്ട്. എന്താണിതിനു കാരണം?
സെബം ഒഴുകുന്ന കുഴലുകളിലുള്ള കോശങ്ങൾ ജലം ആഗീരണം ചെയ്യുകയും വീർക്കുകയും ചെയ്യുന്നു. തന്മൂലം സെബത്തിന്റെ ഒഴുക്ക് തടസപ്പെടുന്നു.
8. മുഖക്കുരു ഉള്ളവർ സൗന്ദര്യവർധക വസ്തുക്കളുടെ ഉപയോഗം കുറയ്ക്കേണ്ടതുണ്ടോ?
ഓയിൽ അധിഷ്ഠിതമായ സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കുന്പോൾ അതുമൂലം രോമകൂപങ്ങളുടെ സുഷിരങ്ങൾ അടയുകയും മുഖക്കുരു ഉണ്ടാവുകയും ചെയ്യുന്നു. അതുകൊണ്ട് സൗന്ദര്യവർധകവസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതാണു
നല്ലത്.
9. വിറ്റാമിൻ എ മുഖക്കുരുവിന്റെ ചികിത്സയിൽ എത്രത്തോളം ഫലപ്രദമാണ്?
വിറ്റാമിൻ എയുമായി ഘടനാപരമായും ഗുണപരമായും സാദൃശ്യമുള്ള റെറ്റിനോയിഡുകളാണു മുഖക്കുരുവിന്റെ ചികിത്സയിൽ ഉപയോഗിക്കുന്നത്. ഇവ ലേപനങ്ങളായും ഗുളികകളായും ഉപയോഗിക്കാറുണ്ട്. ഇവ ബ്ലാക്ക് ഹെഡുകളുടെ എണ്ണം കുറയ്ക്കുകയും ഗ്രന്ഥികളെ നീർക്കെട്ട് ഇല്ലാതാക്കുകയും ചെയ്യുന്നു.
10. മുഖക്കുരുവിന് ഉള്ളിൽ മരുന്നു കഴിക്കേണ്ടിവരുന്നത് എപ്പോഴാണ്?
നീർക്കെട്ട് മൂലം മുഖത്തു പഴുപ്പുണ്ടാവുന്ന സന്ദർഭങ്ങളിൽ ആന്റിബയോട്ടിക്കുകൾ ഉള്ളിൽ കഴിക്കേണ്ടിവരും. സാധാരണഗതിയിൽ 4-6 ആഴ്ച വരെ തുടർച്ചയായി ആന്റിബയോട്ടിക്കുകൾ കഴിക്കേണ്ടതായി വരാറുണ്ട്. മുഴകളുടെ രൂപത്തിൽ വരുന്ന മുഖക്കുരുവിന് റെറ്റിനോയിഡുകൾ ദീർഘകാലം ഉള്ളിൽ കഴിക്കേണ്ടതായും വരും.
11. മുഖക്കുരു ഉള്ളവർക്ക് ചെയ്യുന്ന ഒരു ചികിത്സാ രീതിയാണല്ലോ കെമിക്കൽ പീലിംഗ്. ഇതിനെക്കുറിച്ചൊന്നു വിശദമാക്കാമോ?
ചില പ്രത്യേകതരം രാസപദാർഥങ്ങൾ ഉയർന്ന വീര്യത്തിൽ ഒരു ചെറിയ സമയത്തേക്ക് പുരട്ടി, ചർമോപരിതലത്തിലുള്ള കോശങ്ങളെ നശിപ്പിക്കുകയും പുതിയ ചർമകോശങ്ങൾ വളരാനനുവദിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് കെമിക്കൽ പീലിംഗ്. ഗ്ലൈക്കോളിക് ആസിഡ്, ലാക്ട്രിക് ആസിഡ്, സാലിസിലിക് ആസിഡ് തുടങ്ങിയ രാസപദാർഥങ്ങളാണ് ഈ പ്രക്രിയയ്ക്ക് ഉപയോഗിക്കുന്നത്.
12. ഹോർമോണൽ തെറാപ്പി മുഖക്കുരു ചികിത്സയിൽ എത്രത്തോളം ഫലപ്രദമാണ്?
ഈസ്ട്രോജൻ, സൈപ്രോടിറോണ് അസറ്റേറ്റ് മുതലായ ഹോർമോണുകൾ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്.
13. ചില മരുന്നുകൾ മുഖക്കുരു ഉണ്ടാക്കുമെന്നു കേട്ടിട്ടുണ്ട്. ഏതൊക്കെയാണവ?
ഗർഭനിരോധന ഗുളികകൾ, സ്റ്റിറോയിഡുകൾ, ഐഎൻഎച്ച്, ലിതിയം, ഫെനിറ്റോപ്പിയിൻ, ഡൈസൾഫിറാം, തയോയുറാസിൻ മുതലായ മരുന്നുകളുടെ ഉപയോഗം നിമിത്തം മുഖക്കുരു ഉണ്ടാവാറുണ്ട്.
14. മുഖക്കുരു വന്നവരുടെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമാണല്ലോ പാടുകൾ. പാടുകൾ ഇല്ലാതാക്കാൻ എന്തൊക്കെ ചികിത്സാ മാർഗങ്ങൾ നിലവിലുണ്ട്.
പാടുകൾ ഇല്ലാതാക്കാൻ ഡെർമാബ്രേഷൻ, ലേസർ തെറാപ്പി, കൊളാജൻ ഇൻജക്ഷൻ എന്നീ ചികിത്സാ മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്.
ഡോ. ജയേഷ് പി. സ്കിൻ സ്പെഷലിസ്റ്റ്, പന്തക്കൽ
ഫോൺ - 8714373299