ചർമരോഗങ്ങൾ പെട്ടെന്നു ഭേദമാകുമോ? ചർമത്തിൽ ലേപനങ്ങളോ ലോഷനുകളോ പുരട്ടിയാൽ സാധാരണഗതിയിൽ അവയുടെ ഒരുശതമാനം മാത്രമേ ചർമത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയുള്ളൂ. ചർമം വരണ്ടതാണെങ്കിൽ രോഗമുള്ള ഭാഗം തണുത്ത ശുദ്ധജലത്തിൽ അൽപ്പസമയം മുക്കിവച്ച ശേഷം ഓയിന്റ്മെന്റ് പുരട്ടുന്നത് മരുന്നിന്റെ ആഗിരണം വർധിപ്പിക്കുന്നതിനു സഹായകം. ചർമരോഗമുള്ള ഭാഗത്തുനിന്ന് നീരൊലിപ്പ് ഉണ്ടെങ്കിൽ ആ ഭാഗത്ത് രണ്ടു ഗ്ലാസ് തണുത്ത വെള്ളത്തിൽ ഒരു ടീസ്പൂണ് ഉപ്പിട്ട ലായനിയിൽ മുക്കിയ കോട്ടണ് തുണി അൽപനേരം ചുറ്റിവയ്ക്കുന്നത് നീരൊലിപ്പ് കുറയ്ക്കുന്നതിനു സഹായകം. പിന്നീട് ലേപനങ്ങൾ പുരട്ടിയാൽ എളുപ്പത്തിൽ ഗുണം കിട്ടുന്നതായിരിക്കും. അസുഖം മാറാതെ വരുന്പോൾ ഡോക്ടർമാരെ മാറ്റിമാറ്റി പരീക്ഷിക്കുന്നത് കേരളീയരുടെ പൊതുസ്വഭാവമാണ്. പലപ്പോഴും ശരിയായ വിധത്തിൽ മരുന്ന് ഉപയോഗിക്കാതെയായിരിക്കും ഇങ്ങനെ പുതിയ ഡോക്ടർമാരെ തേടിയിറങ്ങുന്നത്. ചർമരോഗങ്ങൾ ഭേദമാകുന്നതിന് അതിന്റേതായ സമയം കൊടുക്കുന്നതാണു നല്ലത്.
ഡോക്ടർ നിർദേശിക്കാതെ മരുന്നു വാങ്ങിയാൽ ദിവസങ്ങൾകൊണ്ടു ഭേദമാകുന്ന ചർമരോഗങ്ങളുണ്ട്. മുഖക്കുരുപോലുള്ള പ്രശ്നങ്ങൾക്ക് മാസങ്ങളോളം നീണ്ടുനിൽക്കുന്ന ചികിത്സ ആവശ്യമാണ്. അതിനാൽ ഗുണം കിട്ടിയില്ലെന്നു പരാതി പറഞ്ഞ് പുതിയ ഡോക്ടറെ തേടിയിറങ്ങാതിരിക്കുന്നതാണു നല്ലത്. ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ മരുന്നുകടകളിൽനിന്ന് മരുന്നു നൽകാൻ പാടില്ലെന്ന നിയമമുണ്ടെങ്കിലും പല പ്പോഴും അതു പാലിക്കപ്പെടുന്നില്ല. ഒടിസി മരുന്നു (ഓവർ ദ കൗണ്ടർ - കുറിപ്പടിയില്ലാതെ മരുന്നു വാങ്ങൽ)വില്പന വ്യാപകമാണ്. സ്വകാര്യ ക്ലിനിക്കുകളിലോ സർക്കാർ ആശുപത്രികളിലോ വിദഗ്ധരെ കണ്ട് ചികിത്സ നേടുന്നതാണു നല്ലത്. ഒരിക്കലും സ്വയം ചികിത്സയ്ക്ക് മുതിരാതിരിക്കുക. പണവും സമയവും ആരോഗ്യം നഷ്ടപ്പെടാതിരിക്കാൻ ഇത് സഹായിക്കും.
ഡോ. ജയേഷ് പി. സ്കിൻ സ്പെഷലിസ്റ്റ്,പന്തക്കൽ, ഫോൺ - 8714373299