നമ്മുടെ ആശുപത്രികളിലെ 50 ശതമാനം ആന്റിബയോട്ടിക്സ് ഉപയോഗവും യുക്തിവിരുദ്ധമാണ്. ആന്റിബയോട്ടിക്സ് ദുരുപയോഗം മനുഷ്യരിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ആകെയുള്ള ആന്റിബയോട്ടിക് ഉപയോഗത്തിന്റെ 80 ശതമാനം മൃഗങ്ങളിലും മത്സ്യകൃഷിയിലും ആണുളളത്. സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോണ്മെന്റ് നടത്തിയ പഠനത്തിൽ ഇന്ത്യയിൽ വിറ്റഴിക്കപ്പെടുന്ന മിക്ക തേൻ ഉൽപ്പന്നങ്ങളിലും ആന്റിബയോട്ടിക്സ് വിവിധ അളവുകളിൽ അടഞ്ഞിയിട്ടുണ്ട്.
പശുകൾക്കുണ്ടാകുന്ന അകിടുവീക്കം ഡയറി ഫാമുകളിലെ ഒരു പ്രധാന പ്രശ്നമാണ്. അങ്ങനെയുള്ള പശുവിന്റെ പാലിൽ ആന്റിബയോട്ടിക്സിന് ഒപ്പം തന്നെ അവയോടു പ്രതിരോധം ആർജിച്ച അണുക്കളും ഉണ്ടാകാറുണ്ട്.
മൃഗങ്ങൾക്കു തൂക്കം വർധിക്കാനും അണുബാധ മുൻകൂട്ടി തടയാനും കാലിത്തീറ്റയിലും കോഴിത്തീറ്റയിലും ഇവ ചേർത്ത് കൊടുക്കുന്നത് സർവസാധാരണമാണ് ഇവ ഭക്ഷ്യശൃംഖലയിലൂടെ മനുഷ്യരിൽ എത്തിച്ചേരുന്നു.
ഭക്ഷ്യസുരക്ഷാ നിയമപ്രകാരം മാംസത്തിലും കൊഴുപ്പിലും പാലിലും അടങ്ങിയിരിക്കുന്ന ആന്റിബയോട്ടിക്സിന്റെ അളവ് 0.01 mg/kg ആയി നിജപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ ഇതിനു നിയന്ത്രണങ്ങൾ ഉണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണ്. സുരക്ഷിതമായ ഭക്ഷണ സാധനങ്ങൾ വിപണിയിൽ ലഭ്യമാകുക എന്നത് ഓരോ ഉപഭോക്താവിന്റെയും അവകാശമാണ്.
ആന്റിബയോട്ടിക് പ്രതിരോധം തടയേണ്ടത് എന്തുകൊണ്ട്? നമ്മുടെ ശരീരത്തിലും പ്രകൃതിയിലും ഉള്ള പല സൂക്ഷ്മാണുക്കളും ആന്റിബയോട്ടിക്സുമായുള്ള സന്പർക്കം വഴി പ്രതിരോധം ആർജിക്കുന്നു. പിന്നീട് ഇവ മൂലം ഉണ്ടാകുന്ന അസുഖങ്ങൾ ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കാതെ വരുന്നു. മരണനിരക്ക് കൂടുന്നു എന്നത് മാത്രമല്ല, അനാവശ്യമായ ചികിത്സാ ചിലവും ആശുപത്രിവാസവും വേണ്ടിവരുന്നു.
2050 ആകുന്പോൾ ഏതാണ്ട് 10 ശതമാനം മരണങ്ങളും ആന്റിബയോട്ടിക് റെസിസ്റ്റൻസ് മൂലമാകുമെന്ന് കരുതപ്പെടുന്നു. ഇതു കാൻസർ, റോഡപകടങ്ങൾ എന്നിവമൂലമുള്ള മരണനിരക്കുകളെക്കാൾ കൂടുതലാണ്. പുതിയ ആന്റിബയോട്ടിക്കുകൾ വികസിക്കപ്പെടുന്നില്ല എന്ന വസ്തുതയും ഇവ കരുതലോടെ ഉപയോഗിക്കാൻ നമ്മെ ഓർമപ്പെടുത്തുന്നു.
നമുക്ക് എന്ത് ചെയ്യാൻ സാധിക്കും? ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട 10 ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് ആന്റിബയോട്ടിക്ക് റസിസ്റ്റൻസ്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗാണുബാധകൾ ഉണ്ടാകാനുളള സാഹചര്യം കഴിവതും തടയുന്നതാണ്.
കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, രോഗലക്ഷണങ്ങൾ ഉള്ളവരുമായി അകലം പാലിക്കുക, രോഗ പ്രതിരോധ കുത്തിവെപ്പുകൾ സമയത്തിനു എടുക്കുക എന്നീ മുൻകരുതലുകൾ സ്വീകരിക്കാം.
പ്രതിരോധ ശേഷികുറഞ്ഞ കിടപ്പ് രോഗികളെ സന്ദർശിക്കുന്നത് കഴിവതും പരിമിതപ്പെടുത്തുക, ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് അംഗീകൃത മെഡിക്കൽ പ്രാക്ടീഷണൻമാരുടെ മേൽനോട്ടത്തിലും കുറുപടി അനുസരിച്ചും മാത്രം ആയിരിക്കണം.
താത്കാലിക രോഗശമനം അനുഭവപ്പെട്ടാലും ഡോക്ടർ നിർദ്ദേശിക്കുന്ന ക്രമത്തിൽ മരുന്നുകൾ കഴിച്ചു പൂർത്തിയാക്കുക. ബാക്കി വരുന്ന ആന്റിബയോട്ടിക്കുകൾ ചികിത്സ പൂർത്തിയായാൽ പിന്നീട് ഉപയോഗിക്കാൻ പാടുള്ളതല്ല. ആന്റിബയോട്ടിക്കുകൾ മറ്റുള്ളവർക്ക് കൊടുക്കാനോ മറ്റുള്ളവരിൽ നിന്നും കൈമാറി സ്വയം ചികിത്സയുടെ ഭാഗമായി കഴിക്കാനോ പാടുള്ളതല്ല.
ഓണ്ലൈൻ ആയും ഡോക്ടറുടെ കുറുപ്പില്ലാതെയുമുള്ള വില്പന നിയമം വഴി പൂർണമായി തടയേണ്ടതാണ്. എല്ലാ ആശുപപത്രികളിലും ആന്റിബയോട്ടിക്കുകൾ കരുതലോടെ ഉപയോഗിക്കുന്നതിനാവശ്യമായ നയങ്ങളും പദ്ധതികളും രൂപീകരിക്കേണ്ടതുണ്ട്. ആന്റിബയോട്ടിക്കുകൾ നിർദ്ദേശിക്കുന്പോൾ അതിന്റെ ആവശ്യകതയും കൃത്യതയും ഉറപ്പുവരുത്തേണ്ട ചുമതല ഡോക്ടർമാർക്കുണ്ട്.
പ്രതിരോധമാർജ്ജിക്കാൻ സാധ്യതകുറഞ്ഞ മരുന്നുകൾ കൂടുതലായി ഉപയോഗിക്കുകയും, മാരകമായ അണുബാധയ്ക്കുളള റിസേർവ് ഡ്രഗ്സ് യുക്തിപൂർവം ഉപയോഗിക്കേണ്ടതുമാണ്. ലാബ് റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി നിരന്തരമായ വിശകലനവും അത്യന്താപേക്ഷിതമാണ്.
ആന്റിമൈക്രോബിയൽ റസിസ്റ്റൻസ് വളരെ സങ്കീർണമായ ഒരു പ്രശ്നം ആയതിനാൽ ആരോഗ്യമേഖലയിൽ മാത്രം ഒതുങ്ങിക്കൊണ്ടുളള പ്രവർത്തനങ്ങൾ അപര്യാപ്തമാണ്. പൊതുജനങ്ങളുടെയും മൃഗ-കൃഷി-ഭക്ഷ്യസുരക്ഷാ വകുപ്പുകൾ പോലുളള വിവിധമേഖലയിലുളള ആളുകളുടേയും സഹകരണത്തോടെ മാത്രമേ പ്രശ്നപരിഹാരം സാധ്യമാവുകയുള്ളു. ആരോഗ്യപൂർണമായ ഒരു ഭാവിക്ക് കരുതലോടെയുളള ആന്റിബയോട്ടിക്ക് ഉപയോഗം അത്യന്താപേക്ഷിതമാണ്.
ഡോ. നിമ്മി പോൾ അസിസ്റ്റന്റ് പ്രൊഫസർ, മൈക്രോബയോളജി
ഗവണ്മെന്റ് മെഡിക്കൽ കോളേജ്, കോട്ടയം