ചില സൗന്ദര്യ ടിപ്‌സുകള്‍ * മുഖക്കുരു അകറ്റാന്‍ നിത്യേന രക്ത ചന്ദനം അരച്ച് മുഖത്തു പുരട്ടാം. എല്ലാ ദിവസവും അരയ്ക്കാന്‍ ബുദ്ധിമുട്ടുളള വര്‍ രക്തചന്ദനം പൊടിച്ച് കുപ്പിയില്‍ മുറുക്കി അടച്ച് സൂക്ഷിക്കാവുന്നതാണ്. അല്‍പാല്‍പമായി എടുത്ത് വെളളത്തില്‍ ചാലിച്ചു പുരട്ടാം. ഉറങ്ങും മുന്‍പോ രാവിലെ എഴുന്നേല്‍ക്കുമ്പോഴോ പുരട്ടുക. ഉണങ്ങി കഴിയുമ്പോള്‍ ആര്യവേപ്പില ചതച്ചിട്ടു തിളപ്പിച്ചാറിയ വെളളം കൊണ്ട് മുഖം കഴുകണം. മുഖക്കുരുവും കറുത്ത പാടുകളും മാറി മുഖകാന്തി വര്‍ധിക്കും.
* രാത്രി കിടക്കും മുന്‍പ് പച്ചമഞ്ഞളരച്ച് കട്ടിയായി മേല്‍ച്ചുണ്ടില്‍ പുരട്ടാം. രാവിലെ എഴുന്നേറ്റ് ചെറു ചൂടുവെളളം കൊണ്ട് കഴുകുക. അനാവശ്യ രോമങ്ങള്‍ കൊഴിഞ്ഞു പോകും. പച്ചപപ്പായയും മഞ്ഞളും കൂട്ടി അരച്ചു പുരട്ടുന്നതും മുഖ രോമങ്ങള്‍ കളയാന്‍ ഉത്തമമാണ്.
* ഇളം ചൂടുവെളളത്തില്‍ അല്‍പ്പം ഉപ്പിട്ട് അതു കവിള്‍ കൊളളുക. ഇതു ദിവസവും ചെയ്യുന്നത് മോണയ്ക്കും പല്ലിനും ഗുണം ചെയ്യും. പഴുത്ത മാവില കൊണ്ടു പല്ലു തേക്കാം. പല്ലില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകള്‍ നീങ്ങും. ചെറുനാരങ്ങാനീരില്‍ ഉപ്പു പൊടിച്ചിട്ട് പല്ലു തേക്കുക. ഒരാഴ്ചയ്ക്കുളളില്‍ പല്ലിന്റെ മഞ്ഞ നിറത്തില്‍ മാറ്റം വരും.
* നഖം പൊട്ടിപ്പോകുന്നതും നഖം വളരാതിരിക്കുന്നതും പെണ്‍കുട്ടികളെ വല്ലാതെ അലട്ടുന്ന പ്രശ്‌നമാണ്. ശുദ്ധമായ വെളിച്ചെണ്ണ നഖങ്ങളില്‍ തടവി നന്നായി മസാജ് ചെയ്യുക. പത്തു മിനിറ്റു വച്ച ശേഷം ഉപ്പിട്ട ചൂടുവെളളത്തില്‍ നഖം കഴുകാം.
* പേന്‍ ശല്യമുളളവര്‍ കിടക്കും മുന്‍പ് തലമുടിയിലും തലയിണയിലും കൃഷ്ണ തുളസി ഇലകള്‍ വച്ചിട്ട് കിടക്കുക. ആഴ്ചയില്‍ രണ്ടു തവണ കടുകരച്ച് തലയില്‍ പുരട്ടി കുളിക്കാം. താരന്‍ അകലും. ചെറുപയര്‍ അരച്ച് തൈരില്‍ കലക്കി താളിയാക്കി തേക്കുന്നതും താരന്റെ ശല്യം കുറയ്ക്കും.
* വരണ്ട ചര്‍മമുളളവര്‍ സോപ്പിനു പകരമായി ചെറുപയര്‍ പൊടി ഉപയോഗിക്കുക. ചെറുപയര്‍ വെയിലത്തു വച്ചുണക്കി പൊടിച്ചെടുക്കുന്നതാണു നല്ലത്. കടയില്‍ നിന്നു വാങ്ങുന്ന പായ്ക്കറ്റുകളില്‍ എത്രത്തോളം പയറു പൊടിയുണ്ടെന്ന് വിശ്വസിക്കാനാകില്ല. പയറു പൊടിയില്‍ അല്‍പം വെളിച്ചെണ്ണ ചേര്‍ത്ത് ദേഹമാസകലം പുരട്ടി കുളിക്കുന്നത് ചര്‍മത്തിന്റെ വരള്‍ച്ചയകറ്റും. കുളിക്കും മുമ്പേ ദേഹമാസകലം എണ്ണതൊട്ടു പുരിയിട്ട് കുളിക്കുന്നതും നല്ലതാണ്.
* എണ്ണമയമില്ലാത്തതും വരള്‍ച്ച താത്തതുമായ സാധാരണ ചര്‍മമുളളവര്‍ മഞ്ഞളും ചെറുപയര്‍ പൊടിയും സമം എടുത്ത് വെളളത്തില്‍ ചാലിച്ചു ശരീരത്തില്‍ പുരട്ടി മസാജ് ചെയ്തശേഷം കുളിക്കാം. ചര്‍മത്തിന്റെ നിറം വര്‍ധിക്കും.
* കണ്ണുകളുടെ ക്ഷീണം മാറാന്‍ കട്ടന്‍ ചായയോ പനിനീരോ പഞ്ഞിയില്‍ മുക്കി പത്തു മിനിറ്റുനേരം കണ്‍പോളയ്ക്ക് മുകളില്‍ വയ്ക്കാം. മുരിങ്ങയിലയും പൂവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കണ്ണിനു തെളിമയും ഉന്‍മേഷവും നല്‍കും.
* ചുണ്ടിലെ കറുപ്പുനിറം മാറ്റാന്‍ വെണ്ണയില്‍ (ഉപ്പു ചേരാത്തത്) കുങ്കുമപ്പൂ ചാലിച്ചു ചുണ്ടില്‍ പുരുക. വെണ്ണയില്‍ രണ്ടു മൂന്നു തുള്ളി തേന്‍ ചേര്‍ത്തു ചുണ്ടില്‍ പുരുക. ചുണ്ടിലെ കരുവാളിപ്പു മാറി നല്ല തുടുപ്പ് ഉണ്ടാകും. കറുത്ത ചുണ്ടുകള്‍ മുഖസൗന്ദര്യത്തെ ആകെ കെടുത്തിക്കളയും. ചുണ്ടു തുടുക്കാന്‍ കുങ്കുമപ്പൂവ് ഉപയോഗിക്കാം. കുങ്കുമപ്പൂവ് ഒരു തുളളി തേനില്‍ ചാലിച്ച് വയ്ക്കുക. ഈ മിശ്രിതത്തില്‍ അല്‍പം പാലും ചേര്‍ത്ത് ചുണ്ടില്‍ പുരട്ടിയാല്‍ കറുപ്പു നിറം അശേഷം മാറി തുടുത്ത റോസാദളങ്ങള്‍ പോലെയാകും.
ഡോ. അബ്ദുള്‍ റഹ്മാന്‍ പൊയിലന്‍
ഡോ. ഒ.എം. ശ്രേയ പിവിഎ ആയുര്‍വേദിക്, മള്‍ട്ടി സ്‌പെഷാലിറ്റി നഴ്‌സിംഗ് ഹോം, കാമ്പള്ളി, കണ്ണൂര്‍.
റെനീഷ് മാത്യു