വീട്ടിൽ തയാറാക്കാം നെല്ലിക്ക ടോണിക്! നെല്ലിക്ക നന്നായി കഴുകി വൃത്തിയാക്കി ഉണങ്ങിയ തുണികൊണ്ടു തുടച്ചെടുത്ത് ഭരണിയിൽ നിറയ്്ക്കുക.അതിലേക്കു ശുദ്ധമായ തേൻ, നെല്ലിക്ക മൂടിക്കിടക്കത്തക്കവിധം ഒഴിക്കുക. ഭരണി വായു കടക്കാത്തവിധം മൂടിക്കെട്ടി മാസങ്ങളോളം സൂക്ഷിക്കുക. അപ്പോഴേക്കും നെല്ലിക്കയുടെ സത്ത് തേനുമായി ചേർന്ന് നല്ല ലായനി രൂപത്തിൽ ആയിക്കഴിഞ്ഞിരിക്കും. ദിവസവും ഇതുകഴിച്ചാൽ രോഗപ്രതിരോധശക്തി മെച്ചപ്പെടും. ആൻറി ഓക്സിഡന്റുകളുടെ ഉറവിടങ്ങളായ തേനും നെല്ലിക്കയും ഒന്നുചേർന്നാൽ പിന്നത്തെ കഥ പറയണോ? നെല്ലിക്കാനീരും തേനും ചേർത്തു കഴിച്ചാൽ കാഴ്ചശക്തി നിലനിർത്താം. ശരീരവും മനസും തെളിയും. ആരോഗ്യജീവിതം ഉറപ്പാക്കാം.
കടുക്ക, താന്നിക്ക, നെല്ലിക്ക. ഇവ ഉണക്കിപ്പൊടിച്ചതാണു ത്രിഫലാദിചൂർണം. ദിവസവും രാത്രി ഇതു വെളളത്തിൽ കലക്കിക്കുടിച്ചാൽ മലബന്ധം മൂലം പ്രയാസപ്പെടുന്നവർക്ക് ആശ്വാസം കിട്ടുമെന്ന് ആയുർവേദം. ശോധനയ്ക്കു സഹായകം. രോഗപ്രതിരോധശക്തി മെച്ചപ്പെടും.
ആന്റിഓക്സി്ഡന്റുകളും നെല്ലിക്കയും തമ്മിൽ..? ശരീരകോശങ്ങളുടെ നാശം തടയുന്ന ചില രാസപദാർഥങ്ങൾ. ഭക്ഷണത്തിലെ ചില വിറ്റാമിനുകളും ആന്റി ഓക്സിഡൻറാണ്. നെല്ലിക്കയിലെ വിറ്റാമിൻ സി ആന്റി ഓക്സിഡൻറാണ്. അതു ചർമകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തകർക്കുന്നു. വിവിധരീതികളിൽ ശരീരകോശങ്ങളിൽ അടിഞ്ഞുകൂടുന്ന രാസമാലിന്യങ്ങളിൽ നിന്നു സംരക്ഷിക്കുന്നു. ശരീരത്തിൽ നിന്നു വിഷപദാർഥങ്ങളെ പുറത്തുകളയുന്ന പ്രവർത്തനങ്ങളിലും നെല്ലിക്കയിലെ ആൻറി ഓക്സിഡൻറുകൾ സഹായികളെന്നു പഠനങ്ങൾ പറയുന്നു. അത്തരം പ്രവർത്തനങ്ങളാണ് ഡിടോക്സിഫിക്കേഷൻ എന്നറിയപ്പെടുന്നത്.