അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലത്. നേരിട്ട് സൂര്യ രശ്മികൾ ശരീരത്തിൽ പതിക്കാത്ത തരത്തിലുള്ള വസ്ത്രങ്ങൾ ആണ് അനുയോജ്യം.
സർക്കാർ ആയുർവേദ സ്ഥാപനങ്ങളിൽ ലഭ്യമായ ഷഡംഗം കഷായ ചൂർണം, ഗുളൂച്യാദി കഷായ ചൂർണം, ദ്രാക്ഷാദികഷായ ചൂർണം എന്നിവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതിന് ഉപയോഗിക്കാം. വേനൽക്കാല രോഗങ്ങൾക്ക് പ്രതിരോധത്തിനും ചികിത്സക്കും ആവശ്യമായ എല്ലാ ഔഷധങ്ങളും ഗവ. ആയുർവേദ സ്ഥാപനങ്ങളിൽ ലഭ്യമാണ്.
സൂര്യാഘാതം എന്ന ഗുരുതരമായ അവസ്ഥയിലേക്ക് എത്തുംമുൻപ് സൂര്യാതപത്തിന്റേതായ ലക്ഷണങ്ങൾ രോഗിയിൽ വന്നു തുടങ്ങും. ശരീരതാപനില സാധാരണയിൽ കൂടുതൽ ഉയരുക, തൊലിക്ക് ചുവന്ന നിറം വരുക, തലചുറ്റൽ, ക്ഷീണം, മനംപിരട്ടൽ, തളർച്ച, ബോധം നഷ്ടമാകുക എന്നിവയൊക്കെ ഉണ്ടാകാം. ഈ അവസരത്തിൽ വെയിലത്തു നിന്നും മാറ്റി ആവശ്യമായ ചികിത്സയും മരുന്നുകളും നൽകണം.
സൂര്യാഘാതത്തിൽ ശരീര താപനില വളരെ കൂടുതൽ ഉയരുന്നു, ശ്വാസോഛ്വാസം കൂടുകയും തൊലി ചുവന്ന് പിന്നീട് വരണ്ടതാകുകയും ചെയ്യും. ശരീരം വിയർക്കുന്നത് നിൽക്കുകയും അപസ്മാര ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യും. അമിതമായ താപനില ആന്തരാവയവങ്ങളുടെ പ്രവർത്തനത്തെ ബാധിച്ച് ബോധക്ഷയവും മരണവും സംഭവിക്കാം.
സൂര്യാഘാതമേറ്റ രോഗിയെ താഴെ പറയുന്ന രീതിയിൽ പരിചരിക്കാം:
സൂര്യതാപമേറ്റ ചുറ്റുപാടിൽ നിന്നും ഉടൻ തന്നെ രോഗിയെ തണലിലേക്ക് മാറ്റണം. ശരീര താപനില ക്രമാനുഗതമായി കുറച്ചു കൊണ്ടുവരുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.
ശരീരം നനഞ്ഞ തുണികൊണ്ട് പൊതിയുക. തല, കഴുത്തിന്റെ പുറകുവശം, കക്ഷഭാഗങ്ങൾ, തുടയിടുക്കുകൾ എന്നിവിടങ്ങളിൽ നനഞ്ഞ തുണി വയ്ക്കുന്നത് നല്ലതാണ്.
കുടിക്കാനായി മോരിൽ ഇഞ്ചിയും മല്ലിയിലയും ചേർത്ത് ഉപയോഗിക്കുക. നറു നീണ്ടി, രാമച്ചം എന്നിവ ഇട്ട വെള്ളം തിളപ്പിച്ച് ഉപയോഗിക്കാം. കറ്റാർവാഴയുടെ ഉള്ളിലുള്ള ഭാഗം തൊലിപ്പുറത്ത് പുരട്ടുന്നത് ഫലപ്രദമാണ്. കുറച്ചു കുറച്ചായി വെള്ളം കുടിപ്പിക്കുക.
കോളകൾ, സോഡ ചേർന്ന പാനീയങ്ങൾ, മദ്യം എന്നിവ കൊടുക്കരുത്. അത് നിർജലീകരണം ഉണ്ടാക്കും.