ശ്വാസനാളങ്ങളെ ബാധിക്കുന്ന ബ്രോങ്കിയക്ടാസിസ്
Wednesday, July 13, 2022 3:20 PM IST
ബ്രോ​ങ്കി​യ​ക്ടാ​സി​സ് (Bronchiectasis)എ​ന്ന​ത് ശ്വാ​സ​നാ​ള​ങ്ങ​ളെ ബാ​ധി​ക്കു​ന്ന രോ​ഗ​മാ​ണ്. ഇത് ഇ​ന്ന് ന​മ്മു​ടെ സ​മൂ​ഹ​ത്തി​ല്‍ കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രാ​റു​ണ്ട്. ഈ ​രോ​ഗം ഉ​ണ്ടാ​കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളെ ന​മു​ക്ക് ജ​ന്മ​നാ​ ഉ​ള്ള​തും പി​ന്നീ​ട് വ​രു​ന്ന​തു​ം എന്നു ത​രം​തി​രി​ക്കാം.

കാരണങ്ങൾ

ഇ​തി​ല്‍ ജ​ന്മ​നാ ഉ​ള്ള​തി​ല്‍ ഇമോട്ടിൽ സിലിയ സിൻഡ്രോം (Immotile Cilia Syndrome), ആൽഫ 1 ആന്‍റി ട്രിപ്സിൻ (Alpha-1 antitrypsin) അ​പ​ര്യാ​പ്ത​ത തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്നു. ഇ​ത് ചെ​റു​പ്രാ​യ​ത്തി​ല്‍ ത​ന്നെ തു​ട​ങ്ങും.

എ​ന്നാ​ല്‍ കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത് പി​ന്നീ​ടു വ​രു​ന്ന കാ​ര​ണ​ങ്ങ​ളാ​ണ്. ഇ​തി​ല്‍ ചെ​റു​പ്പ​ത്തി​ല്‍ ഉ​ണ്ടാ​കു​ന്ന വി​ല്ല​ന്‍​ചു​മ, ചി​ക്ക​ന്‍​പോ​ക്‌​സ്, മീ​സി​ല്‍​സ്, ടി​ബി, ന്യൂ​മോ​ണി​യ, അ​നി​യ​ന്ത്രി​ത​മാ​യ ആ​സ്ത​്മ തു​ട​ങ്ങി​യ​വ​യാ​ണ്.

വി​ട്ടു​മാ​റാ​ത്ത പ​നി, ചു​മ​, ക​ഫ​ക്കെ​ട്ട്

വി​ട്ടു​മാ​റാ​ത്ത ക​ഫ​ത്തോ​ടു​കൂ​ടി​യു​ള്ള ചു​മ, ചു​മ​യ്ക്കു​മ്പോ​ള്‍ ക​ഫ​ത്തി​ല്‍ ര​ക്ത​ത്തി​ന്‍റെ അം​ശം കാ​ണു​ക, ക​ഫ​ത്തി​നും ശ്വാ​സ​ത്തി​നും ദുർഗന്ധം ഉ​ണ്ടാ​വു​ക, ശ്വാ​സം​മു​ട്ടൽ തു​ട​ങ്ങി​യ​വ​യാ​ണ് ഇ​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍. ബ്രോ​ങ്കി​യ​ക്ടാ​സി​സ് രോ​ഗി​ക്ക് ക​ഫ​ത്തി​ല്‍ അ​ണു​ബാ​ധ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഇ​തു​മൂ​ലം വി​ട്ടു​മാ​റാ​ത്ത പ​നി​യും ചു​മ​യും ക​ഫ​ക്കെ​ട്ടും ഉ​ണ്ടാ​കാം.

ഹൈ റസല്യൂഷൻ സിടി സ്‌​കാ​ന്‍

രോ​ഗ​നി​ര്‍​ണ​യ​ത്തി​നാ​യി നെ​ഞ്ചി​ന്‍റെ എ​ക്‌​സ്‌​റേ ഉ​പ​കാ​ര​പ്പെ​ടു​മെ​ങ്കി​ലും ഹൈ റസല്യൂഷൻ സിടി സ്‌​കാ​ന്‍ ആ​ണ് പ്ര​ധാ​ന​പ്പെ​ട്ട പ​രി​ശോ​ധ​നാ രീ​തി.

പ​ള്‍​മ​ണ​റി ഫം​ഗ്ഷ​ന്‍ ടെ​സ്റ്റ്

ഇ​തോ​ടൊ​പ്പം പ​ള്‍​മ​ണ​റി ഫം​ഗ്ഷ​ന്‍ ടെ​സ്റ്റ് ചെ​യ്ത് ശ്വാ​സ​ത​ടസം ഉ​ണ്ടോ എ​ന്നും നോ​ക്കാ​വു​ന്ന​താ​ണ്. ക​ഫ പ​രി​ശോ​ധ​ന ന​ട​ത്തി അ​ണു​ബാ​ധ, ക്ഷ​യ​രോ​ഗ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​ എന്നിവയും ചെ​യ്യേ​ണ്ട​താ​ണ്.


അ​ണു​ബാ​ധ നി​യ​ന്ത്രണം

ഇ​തി​ന്‍റെ ചി​കി​ത്സ​യി​ല്‍ പ്ര​ധാ​നം അ​ണു​ബാ​ധ നി​യ​ന്ത്രി​ക്കു​ക എ​ന്ന​താ​ണ്. ഇ​തി​നാ​യി ക​ഫം ത​ട്ടി ക്കള​യു​ന്ന പോസ്ചുറൽ ഡ്രെയി നേജ് (Postural drianage) ചെ​യ്യേ​ണ്ട​താ​ണ്. ഇ​തോ​ടൊ​പ്പം ശ്വാ​സം​മു​ട്ടൽ ഉ​ണ്ടെ​ങ്കി​ല്‍ ഇ​ന്‍​ഹെ​യ്‌​ല​ര്‍ ചി​കി​ത്സ എ​ടു​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്.

ഓ​ക്‌​സി​ജ​ന്‍ തെ​റാ​പ്പി

രോ​ഗം ക​ടു​ക്കു​ന്ന അ​വ​സ​ര​ങ്ങ​ളി​ല്‍ ഓ​ക്‌​സി​ജ​ന്‍ തെ​റാ​പ്പി, ആ​ന്‍റി ബ​യോ​ട്ടി​ക് തു​ട​ങ്ങി​യ​വ വേ​ണ്ടി​വ​രും. എ​ന്നാ​ല്‍ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ചി​കി​ത്സാ​രീ​തി​യാ​ണ് ശ​സ്ത്ര​ക്രി​യ ചെ​യ്ത് കേ​ടാ​യ ഭാ​ഗം എ​ടു​ത്തു മാ​റ്റു​ന്ന​ത്. എ​ന്നാ​ല്‍, ഇ​ത് എ​ളു​പ്പം ചെ​യ്യാ​വു​ന്ന​ത​ല്ല. ശ്വാ​സ​കോ​ശ അ​ണു​ബാ​ധ
ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ ചി​ല കു​ത്തി​വ​യ്പ്പു​ക​ള്‍ എ​ടു​ക്കാ​വു​ന്ന​താ​ണ്. ഇ​തി​ല്‍ പ്ര​ധാ​ന​മാ​യും ന്യുമോ കോക്കൽ (pneumococcal) കു​ത്തി​വ​യ്്പും വ​ര്‍​ഷാ​വ​ര്‍​ഷം എ​ടു​ക്കു​ന്ന ഇൻഫ്ളുവൻസ (Influenza) കു​ത്തി​വ​യ്പും ആ​ണ്.

ചി​കി​ത്സി​ച്ചി​ല്ലെ​ങ്കി​ല്‍

ബ്രോ​ങ്കി​യ​ക്ടാ​സി​സ് എ​ന്ന രോ​ഗം ചി​കി​ത്സി​ച്ചി​ല്ലെ​ങ്കി​ല്‍ ശ്വാ​സ​കോ​ശ സ്തം​ഭ​നം, ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോഗങ്ങൾ എന്നിവയ്ക്കു സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​രോ​ഗല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള ആ​ളു​ക​ള്‍ വി​ദ​ഗ്ധ ഡോ​ക്ട​റെ സ​മീ​പി​ച്ച് വേ​ണ്ട ചി​കി​ത്സ തേ​ടേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.

വിവരങ്ങൾ: ഡോ. ആൻ മേരി ജേക്കബ്
കൺസൾട്ടന്‍റ് പൾമണോളജിസ്റ്റ്, എസ്‌യുറ്റി ഹോസ്പിറ്റൽ,
തിരുവനന്തപുരം